LiveTV

Live

International

ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ചൈനയുടെ വിദേശ വ്യാപാരത്തില്‍ നേരിയ വര്‍ധന

ചൈന-അമേരിക്ക വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ചൈനയുടെ വിദേശ വ്യാപാരത്തില്‍ നേരിയ വര്‍ധന

ചൈന അമേരിക്ക വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ മാന്ദ്യം അനുഭവപ്പെടുമ്പോഴും ചൈനയുടെ വിദേശ വ്യാപാരത്തില്‍ നേരിയ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 8 മാസത്തെ കണക്ക് പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 3.6 ശതമാനം വര്‍ധനയുണ്ടെന്നാണ് ചൈനീസ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം ചൈനയുടെ ആകെ വിദേശ വ്യാപാരം 20.13 ട്രില്യണ്‍ യുവാന്‍ ആണ്. ഇതില്‍ കയറ്റുമതി 10.95 ട്രില്യണ്‍ ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 6.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. 9.18 ട്രില്യണ്‍ ഡോളറിന്റ ഇറക്കുമതി നടന്നെങ്കിലും ഇക്കാര്യത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 0.8 ശതമാനം മാത്രമാണ് വര്‍ധനവെന്നതും പ്രത്യേകതയാണ്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി ചൈനീസ് വിപണി പിടിച്ചുനിന്നതാണ് ഈ നേട്ടത്തിന് കാരണമെന്ന് സ്റ്റാറ്റിറ്റിക്സ് വിഭാഗം മേധാവി ലീ ക്വുയ്‍വെന്‍ പ്രതികരിച്ചു.

ഇറക്കുമതിയേക്കാള്‍ കയറ്റുമതിയുടെ തോത് കഴിഞ്ഞ 5 മാസമായി 350 ബില്യണ്‍ ഡോളറിന് മുകളിലാണ്. വ്യാപാര സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കാനായ നയങ്ങളുടെ വിജയമായാണ് ഇത് വിലയിരുത്തുന്നത്. നികുതിയിളവുകള്‍ വ്യവസ്ഥകള്‍ ലഘുകരിക്കല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ഒരുക്കല്‍ എന്നീ നടപടികള്‍ സംരംഭകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. യൂറോപ്പുമായുള്ള വ്യാപാരം 9.7 ശതമാനം വര്‍ധിച്ചെന്നാണ് കണക്ക്. അതേസമയം അമേരിക്കയുമായുള്ള ഇടപാടുകളില്‍ 9 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.