LiveTV

Live

International

ടെക്സാസ് വെടിവെപ്പ്; പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം  

ടെക്സാസ് വെടിവെപ്പ്; പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം  

ടെക്സസ് വെടിവെയ്പ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ പ്രതിഷേധം. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മിയാമി വാലി ആശുപത്രിക്ക് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്. അതേ സമയം പ്രതിഷേധങ്ങളെ അവഗണിച്ച് ഡൊണാള്‍ഡ് ട്രംപ് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

22 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനെതിരെ അമേരിക്കയിലെമ്പാടും കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ് ഡെണാള്‍ഡ് ട്രംപിന്റെ ആശുപത്രി സന്ദര്‍ശനം. എന്നാല്‍ ആശുപത്രിയിലെത്തിയ ട്രംപിന് നേരെയും കടുത്ത പ്രതിഷേധങ്ങളുണ്ടായി. 200 ലധികം പേരാണ് പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ച് ആശുപത്രി പരിസരത്ത് ഒത്തു ചേര്‍ന്നത്. വംശീയതക്ക് അനുകൂലമായ ട്രംപിന്റെ നടപടികളാണ് ആക്രമണത്തിന് കാരണമായതെന്നാരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

കര്‍ശന സുരക്ഷകള്‍ക്ക് നടുവില്‍ ആശുപത്രിയിലെത്തിയാണ് ട്രംപ് പരിക്കേറ്റവരെയും ആശ്രിതരെയും സന്ദര്‍ശിച്ചു. പിന്നീട് ഇത് സംബന്ധിച്ചുള്ള ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത അദ്ദേഹം എല്ലാം നല്ലനിലയില്‍ മുന്നോട്ട് പോകുന്നതായും വ്യക്തമാക്കി. അതേ സമയം വെടിവെയ്പ്പ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

സ്പാനിഷ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള എൽപാസോയിലെ വാൾമാർട്ട് സ്‌റ്റോറിൽ ശനിയാഴ്‌ച രാവിലെ 10.30ഓടെയായിരുന്നു വെടിവെയ്പ്പ് നടന്നത്. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത കീഴടങ്ങിയ 21 വയസുകാരന്‍ കടുത്ത വംശീയ വാദിയാണന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.