വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്നു; സുഡാനില്‍ ജനം തെരുവിലറങ്ങി
മില്യണ്‍ മാന്‍ മാര്‍ച്ച് എന്ന പേരിലാണ് സുഡാനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.

സുഡാനില്‍ വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന സംഭവത്തെ അപലപിച്ച് പ്രതിഷേധക്കാര്‍. ഇന്നലെ തലസ്ഥാനമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജനം തെരുവിലിറങ്ങി. രാജ്യത്ത് ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാവശ്യപ്പെട്ടാണ് സൈനിക ഭരണസമിതിക്കെതിരെ പ്രതിഷേധം കനക്കുന്നത്.
മില്യണ്‍ മാന്‍ മാര്‍ച്ച് എന്ന പേരിലാണ് സുഡാനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും നാല് വിദ്യാര്‍ഥികളടക്കം ആറ് പേര് കൊല്ലപ്പെട്ടിരുന്നു. ഇതാണ് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.
കൊല്ലപ്പെട്ട നാല് കുട്ടികളുടെയും ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ച് സുഡാന് തലസ്ഥാനമായ കറ്റൂമില് നടന്ന പ്രതിഷേധത്തില്‍ നിരവധി യാളുകള്‍ പങ്കെടുത്തു. കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വെടിവെപ്പുമായി ബന്ധപ്പെട്ട് പാരാമിലിറ്റട്ടി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തെന്ന് സൈന്യം അറിയിച്ചു.
സര്‍ക്കാരില്‍ നിന്നും നീതി പ്രതീക്ഷിക്കാത്ത പ്രതിഷേധക്കാര്‍ വിദേശ സഹായത്തോടെയുള്ള അന്യേഷണം ആണ് ആവശ്യപ്പെടുന്നത്. കൂടാതെ രാജ്യത്ത് ജനകീയ സര്‍ക്കാര്‍ വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. പ്രസിഡന്റ് ഒമര്‍ അല്‍ ബഷീനെതിരായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രിലില്‍ അട്ടിമറിയിലൂടെയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.
പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പ്രതിപക്ഷ സഖ്യം പറഞ്ഞു. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. അങ്ങനെ വരികയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും അവര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ടി.എം.സിയുമായി പ്രതിപക്ഷം സമവായ ചര്‍ച്ചകള്‍ നടത്തും.