LiveTV

Live

International

ഗൾഫ്​ സമുദ്രത്തില്‍ കപ്പലുകൾക്ക്​ സുരക്ഷ ഒരുക്കാനുള്ള അമേരിക്കയുടെ നീക്കം വിജയത്തിലേക്ക്

ഗൾഫ്​ സമുദ്രത്തില്‍ കപ്പലുകൾക്ക്​ സുരക്ഷ ഒരുക്കാനുള്ള അമേരിക്കയുടെ നീക്കം വിജയത്തിലേക്ക്

ഗൾഫ്​ സമുദ്രത്തിലൂടെ കടന്നു പോകുന്ന കപ്പലുകൾക്ക്​ സംയുക്​ത സുരക്ഷാ പദ്ധതി ഒരുക്കാനുള്ള അമേരിക്കയുടെ നീക്കം വിജയത്തിലേക്ക്​. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ യു.എസ്​ പദ്ധതിക്ക്​ പിന്തുണയർപ്പിച്ച്​ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നു. അമേരിക്കയുടെ സെൻട്രൽ കമാൻറ്​ ​ഫ്ലോറിഡയിൽ വിളിച്ചു ചേർത്ത യോഗത്തിലും നിരവധി രാജ്യങ്ങൾ പങ്കെടുത്തു.

പരമാവധി രാജ്യങ്ങളെ ഉൾപ്പെടുത്തിയ നാവിക സുരക്ഷാ പദ്ധതിയാണ്​ ഗൾഫിൽ അമേരിക്ക ലക്ഷ്യമിടുന്നത്​. ഏതു നിലക്കുള്ള ആക്രമണവും നേരിടാൻ കപ്പലുകൾക്ക്​ സംയുക്​ത പെട്രോളിങ്ങ്​ ഏർപ്പെടുത്തും. ജപ്പാൻ, ഫ്രാൻസ്​, ജർമ്മനി, ദക്ഷിണ കൊറിയ, ആസ്​ത്രേലിയ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പദ്ധതിക്ക്​ പിന്തുണ പ്രഖ്യാപിച്ചതായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപി​യോ അറിയിച്ചു. തുടക്കത്തിൽ നിഷേധ നിലപാട്​ സ്വീകരിച്ച ബ്രിട്ടനും മനംമാറ്റം ഉണ്ടായി എന്നത്​ അമേരിക്കയുടെ നേട്ടമാണ്​. സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളും യു.എസ്​ പദ്ധതിക്കൊപ്പം നിലയുറപ്പിക്കും. ഫ്ലോറി​ഡയിലെ താംബയിൽ ഗൾഫ്​ കപ്പൽയാത്രയുടെ സുരക്ഷ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗവും വിജയകരമായിരുന്നു. ബ്രിട്ടനും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും ഇതിൽ പങ്കെടുത്തു.

ആറ്​ എണ്ണ കപ്പലുകൾക്കു നേരെ അടുത്തിടെ ഉണ്ടായ ആക്രമണവും ബ്രിട്ടന്റെ കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവവും മുൻനിർത്തിയാണ്​ സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം. ഹോർമുസ്​ കടലിടുക്ക്​ മുഖേനയുള്ള കപ്പൽ സഞ്ചാരം സ്വതന്ത്രവും സുരക്ഷിതവുമാക്കാൻ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്ന്​ അമേരിക്കൻ സംയുക്​ത സൈനിക ​സാരഥി ജനറൽ ജോസഫ്​ ഡൺഫോഡ്​ അറിയിച്ചു. അതേ സമയം ഇറാനുമായി ചർച്ചക്ക്​ വിസമ്മതിക്കില്ലെന്നും അമേരിക്ക വ്യക്​തമാക്കി. ഗൾഫ്​ സംഘർഷം ചർച്ച ചെയ്യാൻ ആവശ്യമെങ്കിൽ ഇറാൻ സന്ദർശിക്കാൻ ഒരുക്കമാണെന്ന്​ യു.എസ്​ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മൈക്​ പോംപിയോ അഭിപ്രായപ്പെട്ടു.