LiveTV

Live

International

കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍പ്പെട്ട് അലറിക്കരയുമ്പോഴും കുഞ്ഞനിയത്തിക്കായി അവള്‍ കൈകള്‍ നീട്ടി; വേദനയായി റിഹാം

ജീവിതത്തിനും മരണത്തിനുമിടയില്‍ വേദന കൊണ്ട് പുളയുമ്പോഴും തകര്‍ന്നടിഞ്ഞ കെട്ടിടപ്പാളിക്കുള്ളില്‍ കുടുങ്ങിയ അനിയത്തിയെ തിരയുകയായിരുന്നു കുഞ്ഞു റിഹാമിന്‍റെ കണ്ണുകള്‍

കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍പ്പെട്ട് അലറിക്കരയുമ്പോഴും കുഞ്ഞനിയത്തിക്കായി അവള്‍ കൈകള്‍ നീട്ടി; വേദനയായി റിഹാം

തകര്‍ന്നടിഞ്ഞ കെട്ടിടപ്പാളികള്‍ക്കിടയില്‍ നിന്നും തന്‍റെ കുഞ്ഞനിയത്തിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അഞ്ചു വയസുകാരി റിഹാമാണിപ്പേള്‍ ലോകത്തിന്‍റെ കണ്ണ് നിറക്കുന്നത്. സിറിയയിലെ വിമതരുടെ ശക്തി കേന്ദ്രമായ ഇദ്ലിബ് പട്ടണത്തില്‍ നിന്നാണ് ഈ കാഴ്ച. അടര്‍ന്ന് വീണ കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍പ്പെട്ട് അലറി കരയുമ്പോഴും കുഞ്ഞനുജത്തിക്കായി അവള്‍ കൈകള്‍ നീട്ടി. ജീവിതത്തിനും മരണത്തിനുമിടയില്‍ വേദന കൊണ്ട് പുളയുമ്പോഴും തകര്‍ന്നടിഞ്ഞ കൊട്ടിടപ്പാളിക്കുള്ളില്‍ കുടുങ്ങിയ അനിയത്തിയെ തിരയുകയായിരുന്നു കുഞ്ഞു റിഹാമിന്‍റെ കണ്ണുകള്‍. ഒടുവില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ മാറ്റി ഇരുവരേയും ആശുപ്രത്രിയിലെത്തിച്ചെങ്കിലും റിഹാം മരണത്തിന് കീഴടങ്ങി.

സിറിയയിലെ പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഐ.എസിനെ മേഖലയില്‍ നിന്ന് തുരത്തിയ ശേഷം ബശ്ശാറുല്‍ അസദിന്റെ ഭരണകൂടവും വിമതരും തമ്മില്‍ തുടരുന്ന രക്തചൊരിച്ചിലുകളില്‍ നൂറുകണക്കിന് കുട്ടികളാണ് ദിവസും മരിച്ചുവീഴുന്നത്. രക്തരൂഷിത പോരാട്ടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മാത്രം 500 ലധികം പേര്‍ കൊല്ലപ്പെട്ടു. അസദ് ഭരണകൂടത്തിന്റെ സംരക്ഷകരായെത്തിയ റഷ്യയും പാശ്ചാത്യ പിന്തുണയുള്ള വിമതരും തമ്മിലുള്ള പോരാട്ടം അസംഖ്യം ജീവന്‍ അപഹരിക്കുന്നു. കഴിഞ്ഞയാഴ്ച്ച കൊല്ലപ്പെട്ടവരില്‍ 190 പേരും കുട്ടികളായിരുന്നു.

പരസ്പരം കൊന്നുതീര്‍ക്കുന്ന രാഷ്ട്രീയ പകപോക്കലുകളില്‍ ഇരയാകുന്നതില്‍ ഭൂരിഭാഗവും രാഷ്ട്രീയം എന്തെണാന്നെന്ന് പോലും തിരിച്ചറിയാനാകാത്ത കുട്ടികളാണ്. ഇദിലിബ് കഴിഞ്ഞാല്‍ വിമതരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണ് ഗൌത്വ. ദമാസ്കസിനോട് ചേര്‍ന്ന നഗരം. അടുത്ത ഭരണമുറപ്പിക്കാന്‍ നിര്‍ണ്ണായകമാണ് ഈ നഗരവും. നാല് ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഗൌത്വ നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്. ആളൊഴിഞ്ഞ് ഈ പ്രദേങ്ങളെല്ലാം ഇന്ന് പ്രേതപ്പറമ്പുകളാണ്. ആര്‍മി ഓഫ് ഇസ്‍ലാം, ഫ്രീ സിറിയന്‍ ആര്‍മി എന്നിങ്ങനെ രണ്ട് വിമതവിഭാഗങ്ങളാണ് ഗൌത്വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു.

പക്ഷേ, യു.എന്‍ രക്ഷാസമിതി വെടി നിര്‍ത്തല്‍ പ്രമേയം പാസാക്കി 24 മണിക്കൂറിനകം 24 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷ മേഖലയില്‍ അകപ്പെട്ട ആയിരക്കണക്കിന് സാധാരണക്കാരെ രക്ഷപ്പെടുത്താനും മുറിവേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അനുവദിക്കാതെ ഇപ്പോഴും ആക്രമണം തുടരുകയാണ്. ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പോലും നിത്യസംഭവമാണ്.

പ്രതിദിനം അഞ്ച് മണിക്കൂര്‍ വീതം വെടി നിര്‍ത്തലിന് തയ്യാറാണെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പതിനായിരങ്ങള്‍ നരകിക്കുന്ന മേഖലയില്‍, മുറിവുകളില്‍ തുണി വെച്ച് കെട്ടാന്‍ പോലും ഈ സമയം മതിയാകില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ പക്ഷം.