LiveTV

Live

International

കാനഡയില്‍ മുസ്‍ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു

എന്നാല്‍ അക്രമ സംഭവങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും റിപ്പേര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് വിദഗ്ദ്ധര്‍

കാനഡയില്‍ മുസ്‍ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു

ടൊറന്റോ: കാനഡയില്‍ മുസ്‍ലിംങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ 2018 നെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍. സ്റ്റാറ്റിസ്റ്റിക്ക്സ് കാനഡ എന്ന കനേഡിയന്‍ വിവരശേഖരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. അതേസമയം, അതിക്രമങ്ങളില്‍ ഭൂരിഭാഗവും കൃത്യമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് ആരോപണമുണ്ട്.

സ്റ്റാറ്റിസ്റ്റിക്ക്സ് കാനഡയുടെ കണക്കനുസരിച്ച് 2018 ല്‍ മുസ്‍ലിംങ്ങള്‍ക്കെതിരായ 639 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്നത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. 842 കേസുകളാണ് 2017 ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, 2014, 2015 വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവ വളരെ കൂടുതലാണ്. വ്യക്തികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കുറഞ്ഞെങ്കിലും മതസ്ഥാപനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യസ്തമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2018 ല്‍ 103 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017ലും 2016 യഥാക്രമം ഇത് 74 ഉം 63 ഉം ആയിരുന്നു.

ഈ കണക്കുകള്‍ കാനഡയിലെ മുസ്‍ലിം സംഘടനയായ നാഷണല്‍ കൌണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‍ലിംസ് സ്വാഗതം ചെയ്തു. അതേസമയം, മുസ്‍ലിം ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ ഇക്കാലയളവില്‍ 41 ശതമാനത്തിന്‍റെ വര്‍ദ്ധനയത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് എൻ‌.സി‌.സി.‌എം പറഞ്ഞു. കനേഡിയന്‍ മുസ്‍ലിംകളുടെ ജീവിത ചുറ്റുപാടുകളെ കുറിച്ചും അവരുടെ മതസ്ഥാപനങ്ങളുടെ സുരക്ഷയെ കുറിച്ചും കാനഡയിലുടനീളം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്ന് എൻ‌.സി‌.സി‌.എം എക്സിക്യൂട്ടീവ് ഡയറക്ടർ മുസ്തഫ ഫാറൂഖ് പറഞ്ഞു.2017 ല്‍ ക്യുബെക്കിലെ സിറ്റി മസ്ജിദിലുണ്ടായ വെടിവെപ്പില്‍ ആറ് മുസ്‍ലിംകള്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മുറിവുകള്‍ കനേഡിയന്‍ ജനതയുടെ ഉള്ളില്‍ നിന്നും ഇനിയും ഉണങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയില്‍ മുസ്‍ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും കൃത്യമായി റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്കുകള്‍ അവ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം കനേഡിയന്‍ ഗവണ്മെന്റ് പുറത്തിറക്കിയ ബില്‍ 21 ല്‍ നിന്നാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മത ചിഹ്നമായി ഒരു വസ്ത്രങ്ങളും ധരിക്കാന്‍ പാടില്ലെന്നതാണ് ബില്ലിന്‍റെ ഉള്ളടക്കം. ഇതോടെ ഹിജാബും സിഖ് തലപ്പാവും ജൂത തെപ്പിയുമെല്ലാം ധരിക്കുന്നത് നിയമവിരുദ്ധമായി മാറി. കിഴക്കന്‍ കാനഡയിലെ ക്യുബക്ക് പട്ടണത്തില്‍ ഇതിനെ തുടര്‍ന്ന് മുസ്‍ലിംകള്‍ക്ക് നേരെ വ്യപകമായി അധിക്ഷേപങ്ങളുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നുണ്ട്.