LiveTV

Live

International

ഇൽഹാൻ ഉമർ വിവാഹം ചെയ്തത് സ്വന്തം സഹോദരനെയോ? സത്യാവസ്ഥ ഇതാണ്  

2016 തെരഞ്ഞെടുപ്പിൽ മിനസോട്ടയിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴാണ് ഇൽഹാനെതിരെ ഈ ആരോപണം ആദ്യമായി ഉയർന്നത്.

ഇൽഹാൻ ഉമർ വിവാഹം ചെയ്തത് സ്വന്തം സഹോദരനെയോ? സത്യാവസ്ഥ ഇതാണ്  

യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ആക്രമണത്തിന് വിധേയമായതോടെ യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമർ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണിപ്പോൾ. ഇൽഹാൻ അടക്കമുള്ള കറുത്ത വർഗക്കാരായ നാല് വനിതാ കോൺഗ്രസ് അംഗങ്ങൾ 'അവർ വന്ന രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടത്തെ കുഴപ്പങ്ങൾ തീർക്കണ'മെന്ന ട്രംപിന്റെ ട്വീറ്റ് ആണ് വിവാദമായത്. പിന്നീട്, 2020 തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിന്റെ ആദ്യ റാലിയിൽ തന്നെ ട്രംപ് ഇൽഹാനെ പേരെടുത്തു വിമർശിച്ചു. ട്രംപിന്റെ നിലവാരം കുറഞ്ഞ ഈ നടപടിക്കെതിരെ ഇല്‍ഹാന് പിന്തുണയുമായി അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ രംഗത്തുവന്നിരുന്നു.

സൊമാലിയയിൽ നിന്ന് കുടിയേറിയ ഇൽഹാനെതിരെ ട്രംപ് അനുയായികളും റിപ്പബ്ലിക്കൻ അനുകൂല മാധ്യമങ്ങളും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇസ്‌ലാം മതവിശ്വാസിയായ ഇൽഹാന് അൽഖാഇദയുമായി ബന്ധമുണ്ടെന്നും വെളുത്ത വർഗക്കാരെ വെറുക്കുന്നതായി അവർ ട്വീറ്റ് ചെയ്തുവെന്നും മറ്റുമുള്ള വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

അതിനിടെ, ഇൽഹാൻ വിവാഹം ചെയ്തത് സ്വന്തം സഹോദരനെയാണെന്ന പ്രചരണം കൂടി ശക്തമായിട്ടുണ്ട്. 2016 തെരഞ്ഞെടുപ്പിൽ മിനസോട്ടയിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴാണ് ഇൽഹാനെതിരെ ഈ ആരോപണം ആദ്യമായി ഉയർന്നത്. തെളിവു സഹിതം ഇൽഹാൻ തന്നെ തള്ളിക്കളഞ്ഞെങ്കിലും ഇത്തവണ ഡൊണാൾഡ് ട്രംപ് തന്നെ പഴയ വിവാദം കുത്തിപ്പൊക്കാൻ നേതൃത്വം നൽകി. വലതുപക്ഷ ചാനലായ വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന്റെ പ്രതിനിധി ഇൽഹാന്റെ വിവാഹം സംബന്ധിച്ച വിവാദത്തെപ്പറ്റി ചോദിച്ചപ്പോൾ 'അവർ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന് ധാരാളം പേർ പറയുന്നുണ്ട്. എനിക്ക് അതേപ്പറ്റി ഒന്നും അറിയില്ല' എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇതേപ്പറ്റി അന്വേഷണം നടത്തേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇൽഹാന്റെ വിവാഹങ്ങൾ

സൊമാലിയയിലെ മൊഗാദിശുവിൽ മാതാപിതാക്കളുടെ ഏഴ് മക്കളിൽ അവസാനത്തെയാളായി ജനിച്ച ഇൽഹാൻ പന്ത്രണ്ടാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 2002-ൽ അവർ അഹ്മദ് അബ്ദിസലാൻ ഹിർസിയെ ഇസ്ലാം മതാചാര പ്രകാരം വിവാഹം കഴിച്ചു. 2008 വരെ തുടർന്ന ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ബന്ധം വേർപ്പെടുത്തിയ ശേഷം 2009-ൽ അവർ ബ്രിട്ടീഷ് പൗരനായ അഹ്മദ് നൂർ സൈദ് ഇൽമിയെ വിവാഹം ചെയ്തു. 2011-ൽ ഇസ്ലാം മതാചാര പ്രകാരം ഈ ബന്ധം അവസാനിപ്പിച്ച് അവർ ആദ്യഭർത്താവായ ഹിർസിയെ വീണ്ടും മതാചാരപ്രകാരം വിവാഹം ചെയ്തു. 2012-ൽ ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞും പിറന്നു.

രണ്ടാം ഭർത്താവുമായുള്ള ബന്ധം 2011-ൽ അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ നിയമപ്രകാരം ഇത് രജിസ്റ്റർ ചെയ്തത് 2017-ലാണ്. ഹിർസിയുമായുള്ള വിവാഹം 2018-ൽ നിയമവിധേയമാക്കുകയും ചെയ്തു. ഭർത്താവിനും മൂന്നു മക്കളുമടങ്ങുന്ന കുടുംബം മിനിയപൊലിസിലാണ് താമസിക്കുന്നത്.

ആരോപണം

ഇൽഹാൻ 2009-ൽ വിവാഹം ചെയ്ത രണ്ടാം ഭർത്താവ് അഹ്മദ് നൂർ സൈദ് ഇൽമി അവരുടെ സഹോദരൻ തന്നെയാണെന്ന ആരോപണം ഉയർന്നത് 2016-ൽ അവർ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മിനസോട്ടയിൽ നിന്ന് മത്സരിച്ചപ്പോഴാണ്. ദീർഘകാലം മിനസോട്ടയെ പ്രതിനിധീകരിച്ചിരുന്ന ഡെമോക്രാറ്റിക് - ഫാർമർ - ലേബർ പാർട്ടി ഇൽഹാനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ തന്നെ വംശീയ അധിക്ഷേപങ്ങളും ആക്രമങ്ങളും ഉയർന്നുതുടങ്ങി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെന്നിഫർ സീലിൻസ്‌കിയെ മൃഗീയ ഭൂരിപക്ഷത്തിനാണ് ഇൽഹാൻ തോൽപ്പിച്ചത്.

അമേരിക്കയിലെ സൊമാലിയൻ വംശജരുടെ ഓൺലൈൻ ഫോറമായ സൊമാലി സ്‌പോട്ടിലാണ് 2016-ൽ ആദ്യമായി 'ഇൽഹാൻ ഉമറിന്റെ വിവാഹ തട്ടിപ്പ് വെളിച്ചത്ത്' എന്ന പേരിലൊരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ട്രംപ് അനുകൂലിയെന്ന് സ്വയം വിശേഷിപ്പിച്ച അബ്ഡിജോൺസൺ എന്ന ഉപയോക്താവാണ് ഇത് പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് പൗരനായ തന്റെ സഹോദരന് ഗ്രീൻകാർഡ് എളുപ്പത്തിൽ ലഭ്യമാക്കാൻ വേണ്ടി ഇൽഹാൻ അയാളെ വിവാഹം ചെയ്തുവെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളഠക്കം. ആരോപണം തെളിയിക്കാൻ ഉപോൽബലകമായ തെളിവുകളോ രേഖകളോ ഇതിൽ ഉണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ ഈ പോസ്റ്റും അത് എഴുതിയ ആളും സൊമാലി സ്‌പോട്ടിൽ നിന്ന് അപ്രത്യക്ഷമായി.

സൊമാലി സ്‌പോട്ടിൽ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും മിനസോട്ടയിലെ അഭിഭാഷകനായ സ്‌കോട്ട് ജോൺസൺ ഇത് ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ തുടങ്ങി. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റ് തന്നെയാണ് തന്റെ വാദങ്ങളുടെ ആധാരം എന്ന് ഇയാൾ 'ഡെയ്‌ലി ബീസ്റ്റി'നോട് സമ്മതിച്ചിട്ടുണ്ട്.

ട്രംപ് അനുകൂല മാധ്യമങ്ങളായ അൽഫാ ന്യൂസ് ആണ് പിന്നീടിത് ഏറ്റെടുത്തത്. പ്രിയ സാംസുന്ദർ എന്ന റിപ്പോർട്ടർ ഇതേപ്പറ്റി 'അന്വേഷണം' നടത്തുകയും ഇൽഹാന്റെ രണ്ടാം ഭർത്താവ് സഹോദരൻ തന്നെയെന്ന് ആവർത്തിക്കുകയും ചെയ്തു. പഴയൊരു സോഷ്യൽ മീഡിയാ പോസ്റ്റിൽ ഇൽമി ഇൽഹാനെ 'സഹോദരി' എന്നു വിശേഷിപ്പിച്ചു എന്നതാണ് ഇതിനായി പ്രിയ സാംസുന്ദർ മുന്നോട്ടുവെച്ച തെളിവ്. എന്നാൽ, സൊമാലി ഭാഷയിൽ നേർസഹോദരങ്ങളെ മാത്രമല്ല മാതാവിന്റെയോ പിതാവിന്റെയോ സഹോദരങ്ങളുടെ മക്കളെയും 'സഹോദരി / സഹോദരൻ' എന്ന് അഭിസംബോധന ചെയ്യാറുണ്ടെന്ന് തെളിയിക്കപ്പെട്ടതോടെ ഈ വാദം തൽക്കാലത്തേക്ക് ശമിച്ചു.

2018-ൽ ഇൽഹാൻ ഇസ്രയേലിനെതിരെ ശക്തമായി രംഗത്തുവന്നതോടെയാണ് ഒരിക്കൽ അടങ്ങിയ കുപ്രചരണങ്ങൾ വീണ്ടും ശക്തിപ്രാപിച്ചത്. തീവ്ര മുസ്ലിം വിരോധിയായ ലോറ ലൂമർ ആരോപണങ്ങൾ തെളിയിക്കാനായി മിനോപൊലിസിലെത്തിയെങ്കിലും വസ്തുതാപരമായ ഒന്നും റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഗൂഢാലോചനാ സിദ്ധാന്തക്കാരൻ ജാക്ക് ബർക്മാൻ, ജേക്കബ് വോൾ, അലി അലക്‌സാണ്ടർ തുടങ്ങിയവരും സമാന അന്വേഷണം നടത്തി. നിർണായക രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ബർക്മാൻ പത്രസമ്മേളനം നടത്തിയെങ്കിലും ചില ബ്ലോഗ് പോസ്റ്റുകൾ മാത്രമായിരുന്നു സമർപ്പിക്കാനുണ്ടായിരുന്നത്.

2018-ൽ കുപ്രചരണം ശക്തമായി നിൽക്കുന്ന സമയത്ത് ഇൽഹാൻ തന്നെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തുവന്നു. സ്റ്റാർ ട്രിബ്യൂൺ പത്രത്തിന്റെ റിപ്പോർട്ടർക്ക് ഇൽഹാൻ തന്റെ ആറ് സഹോദരങ്ങളുടെ പേരുവിവരങ്ങളും വിശദാംശങ്ങളും നൽകി. അമേരിക്കയിലേക്ക് കുടിയേറുന്ന സമയത്ത് സമർപ്പിച്ച രേഖകളും റിപ്പോർട്ടറെ കാണിച്ചു. ഇതിലൊന്നും ഇൽമിയുടെ പേരുണ്ടായിരുന്നില്ല. 'ഇല്ലാത്ത ഒരു കാര്യം തെളിയിക്കുക എന്നത് വിചിത്രമാണ്' - ഇൽഹാൻ പറഞ്ഞു.

പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെയാണ് ഇൽഹാനെതിരായ കുപ്രചരണങ്ങൾ വീണ്ടും തലപൊക്കുന്നത് എന്നത് സ്വാഭാവികം. ട്രംപിന്റെ ഇസ്രയേൽ അനുകൂല, കുടിയേറ്റ വിരുദ്ധ നയങ്ങളുടെ സ്ഥിരം വിമർശകയായ ഇൽഹാൻ ഇതൊന്നും വകവെക്കുന്നില്ല. 'ട്രംപിന്റെ പേടിസ്വപ്‌നമായി തുടരും' എന്നാണ് അവർ മിനസോട്ടയിൽ പ്രതികരിച്ചത്.