LiveTV

Live

International

ഇൽഹാൻ ഉമറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ്; വ്യാപക പ്രതിഷേധം 

അമേരിക്കൻ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ട്രംപിനെ വിമർശിക്കുകയും ഇൽഹാന് പിന്തുണ അറിയിക്കുകയും ചെയ്തു 

ഇൽഹാൻ ഉമറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ്; വ്യാപക പ്രതിഷേധം 

2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിന് വംശീയ പരാമർശത്തോടെ തുടക്കം കുറിച്ച് ഡൊണാൾഡ് ട്രംപ്. നോർത്ത് കാരലിനയിലെ ഗ്രീൻവില്ലിൽ നടത്തിയ റാലിയിലാണ് ഡെമോക്രാറ്റ് എം.പിയും ആഫ്രിക്കൻ വംശജയുമായ ഇൽഹാൻ ഉമറിനെ ട്രംപ് പേരെടുത്ത് അധിക്ഷേപിച്ചത്. 'അവളെ തിരിച്ചയക്കൂ' എന്ന മുദ്രാവാക്യങ്ങളോടെയാണ് റാലിയിൽ പങ്കെടുത്ത റിപ്പബ്ലിക്കൻ അനുയായികൾ ട്രംപിന്റെ വാക്കുകളെ വരവേറ്റത്.

കടുത്ത വംശീയവാദ പരാമർശങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച ട്രംപ് കഴിഞ്ഞയാഴ്ച കറുത്ത വർഗക്കാരായ നാല് വനിതാ കോൺഗ്രസ് അംഗങ്ങളെ മോശം പദപ്രയോഗത്തിലൂടെ വിമർശിച്ചിരുന്നു. മിനസോട്ട പ്രതിനിധി ഇൽഹാൻ ഉമർ, അലക്‌സാന്ദ്രിയ ഒക്കാസിയോ (ന്യൂയോർക്ക്), റാഷിദ തുലൈബ് (മിഷിഗൻ), അയാന പ്രസ്‌ലി (മസാച്ചുസെറ്റ്‌സ്) എന്നിവരായിരുന്നു ട്രംപിന്റെ വിദ്വേഷത്തിന് ഇരകളായത്. 'പുരോഗമനവാദി'കളായ നാല് ഡെമോക്രാറ്റ് പ്രതിനിധികൾ ലോകത്തിലെ ഏറ്റവും മോശം ഭരണമുള്ള, അഴിമതിയും അക്രമവും വാഴുന്ന രാജ്യങ്ങളിൽ നിന്നു വന്നവരാണെന്നും അവർ വന്ന സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോയി അവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ജനപ്രതിനിധി സഭയിലെ സ്പീക്കറായ നാൻസി പെലോസി ഇവർക്ക് യാത്രാസൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും ട്രംപ് കുറിച്ചു.

ട്രംപിന്റെ വംശീയ പരാമർശത്തിനിടെ വൻ പ്രതിഷേധമാണ് അമേരിക്കയിലുയർന്നത്. ജനപ്രതിനിധിസഭ ട്രംപിന്റെ വാക്കുകൾ അപലപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളടക്കമുള്ളവർ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. എന്നാൽ, ട്രംപിനെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം സഭയിൽ പരാജയപ്പെട്ടു.

ഇതിനു ശേഷം നോർത്ത് കാരലിനയിൽ നടന്ന റാലിയിലാണ് ട്രംപ് കോൺഗ്രസ് വനിതാ പ്രതിനിധികൾക്കെതിരെയുള്ള ആക്രമണം തുടർന്നത്. ഇതിൽ സൊമാലിയൻ വംശജയായ ഇൽഹാൻ ഉമറിനെ പേരെടുത്ത് ആക്ഷേപിക്കാനും ട്രംപ് മറന്നില്ല. അനുയായികളുടെ 'സെന്റ് ഹെർ ബാക്ക്' വിളികൾ ട്രംപ് ആസ്വദിക്കുകയും ചെയ്തു.

പിന്നീട് വൈറ്റ് ഹൗസിനു പുറത്ത് മാധ്യമ പ്രവർത്തകരെ കണ്ട ട്രംപ് ഇൽഹാൻ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന വ്യാജ ആരോപണം ഏറ്റുപറയുകയും ചെയ്തു. ഇൽഹാൻ വിവാഹം ചെയ്തത് സ്വന്തം സഹോദരനെയാണെന്ന് പലരും പറയുന്നുണ്ടെന്നും തനിക്ക് അതേപ്പറ്റി ഒന്നും അറിയില്ല എന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഇൽഹാനെതിരായ മോശം വാക്കുകളുടെ പേരിൽ വൻ പ്രതിഷേധമാണ് ട്രംപ് നേരിടേണ്ടി വന്നത്. 'നിങ്ങൾക്ക് വാക്കുകൾ കൊണ്ട് എന്നെ വെടിവെക്കാം, കണ്ണുകൾ കൊണ്ടെന്നെ ഛേദിക്കാം, വിദ്വേഷം കൊണ്ടെന്നെ വധിക്കാം... പക്ഷേ അപ്പോഴും കാറ്റു പോലെ ഞാൻ ഉയർന്നുവരും' എന്ന മായ അംഗലുവിന്റെ കവിത പോസ്റ്റ് ചെയ്താണ് ഇൽഹാൻ പ്രതികരിച്ചത്.

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ നിമിഷങ്ങൾ എന്നാണ് ട്രംപിന്റെയും അനുയായികളുടെയും നടപടിയെ കോളമിസ്റ്റും മാധ്യമപ്രവർത്തകനുമായ ഷോൺ കിംഗ് വിശേഷിപ്പിച്ചത്.

രാഷ്ട്രീയത്തിൽ കണ്ട ഏറ്റവും ഭയാനകമായ സംഭവമായിരുന്നു ട്രംപിന്റെ റാലി എന്ന് ജോൺ ഫാവ്‌റ്യൂ പ്രതികരിച്ചു.

'ഞാൻ ഇൽഹാനൊപ്പം' (#IstandWithIlhan) അമേരിക്കൻ ട്വിറ്ററിൽ തരംഗമായി. അമേരിക്കൻ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ട്രംപിനെ വിമർശിക്കുകയും ഇൽഹാന് പിന്തുണ അറിയിക്കുകയും ചെയ്തു.