LiveTV

Live

International

പുതിയ നേതാവിനെ തിരഞ്ഞ് ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

നേതൃസ്ഥാനത്തേക്ക് അടുത്ത തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം

പുതിയ നേതാവിനെ തിരഞ്ഞ് ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

ബ്രിട്ടനില്‍ തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. നേതൃസ്ഥാനത്തേക്ക് അടുത്ത തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം, നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്നലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചത്. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുനട്ട് നിരവധി പേര്‍ രംഗത്തുണ്ട്. മുൻ വിദേശകാര്യ മന്ത്രിയും ലണ്ടൻ മേയറുമായിരുന്ന ബോറിസ് ജോൺസണാണ് അതില്‍ പ്രധാനം. പാർട്ടിയിൽ വർഷങ്ങളായി വിമത നേതാവിന്‍റെ പരിവേഷമുള്ള ബോറിസ് ജോൺസൺ ഇത്തവണയും നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹൌസ് ഓഫ് കോമണ്‍സ് ലീഡറായിരുന്ന ആന്‍ഡ്രിയ ലീഡ്സം, പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് മുന്‍ ബ്രെക്സിറ്റ് സെക്രട്ടറിയും യുവനേതാവുമായ ഡൊമിനിക് റാബും എന്നിവരും മത്സരം രംഗത്തുണ്ട്.

ജൂൺ പത്തിനായിരിക്കും നേതൃസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. രണ്ട് എം.പി.മാരുടെ പിന്തുണയോടെയാകണം നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ പത്രിക സമർപ്പിക്കേണ്ടത്. രണ്ടിൽ കൂടുതൽ സ്ഥാനാർഥികളുണ്ടായാൽ തുടർച്ചയായ വോട്ടെടുപ്പുകളിലൂടെ സ്ഥാനാർഥികളുടെ എണ്ണം കുറച്ചുകൊണ്ടു വരും. കുറഞ്ഞ വോട്ടുകള്‍ കിട്ടുന്നയാള്‍ പുറത്താവുകയും ഒടുവില്‍ കൂടുതല്‍ വോട്ടുലഭിക്കുന്ന വ്യക്തി പ്രധാനമന്ത്രിയാകുകയും ചെയ്യും. ഒരു പക്ഷേ ഒരു മാസത്തോളം നീളുന്നതാകും ഈ പ്രക്രിയ. അക്കാലംവരെ തെരേസാ മേ കാവല്‍ പ്രധാനമന്ത്രിയാകും.