LiveTV

Live

International

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; 11 പേര്‍ക്ക് പരിക്ക്

സൈനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്തെ നൈല്‍ സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്;  11 പേര്‍ക്ക് പരിക്ക്

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവെപ്പ് നടത്തിയത്. സൈനിക ഹെഡ്ക്വോര്‍ട്ടേഴ്സിന് പുറത്തെ നൈല്‍ സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സമയത്ത് പ്രദേശത്തുണ്ടായിരുന്നത്. ഇവരെ തുരത്താന്‍ എല്ലാ വശങ്ങളിലൂടെയും വളഞ്ഞ സൈന്യം പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്

ഏകാധിപതിയായ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. അതിന് ശേഷം സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഒരു ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സൈന്യത്തിനെതിരെ സമരം തുടരുകയാണ്.

വെടിവെപ്പ് നടന്ന സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിന് മുമ്പിലാണ് പ്രതിഷേധക്കാര്‍ പ്രധാനമായും പ്രക്ഷോഭം നടത്തുന്നത്. ഇവിടം ഒഴിഞ്ഞ് പോകണമെന്ന് പട്ടാളക്കാര്‍ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. സുഡാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കവിഞ്ഞിട്ടുണ്ട്.