LiveTV

Live

International

ലോകം റമദാന്‍ മാസത്തെ വരവേറ്റപ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി അമേരിക്കയിലെ മുസ്‍ലിം പള്ളികള്‍

വര്‍ഷത്തിലെ ഏറ്റവും തിരക്കുള്ള സമയമായ റമദാനില്‍ ജനങ്ങളെ സംരക്ഷിക്കുന്നതിനായി വെടിവെപ്പിനെ ചെറുക്കാന്‍ പരിശീലനം നല്‍കുകയാണ് രാജ്യത്തെ മുസ്‍ലിം പള്ളികള്‍

ലോകം റമദാന്‍ മാസത്തെ വരവേറ്റപ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി അമേരിക്കയിലെ മുസ്‍ലിം പള്ളികള്‍

പുതിയ പള്ളി നിര്‍മ്മിക്കുന്നതിനായുള്ള പ്രാഥമിക രൂപരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് പദ്ധതി പ്രകാരം അതില്‍ ഒരു വലിയ ചില്ല് കണ്ണാടിയുള്ളതായി ടെക്‌സാസിലെ സാച്ചെ മുസ്ലിം സൊസൈറ്റി പ്രസിഡന്റ് മൊഹന്നദ് ക്യുത്തുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വിശ്വാസികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി നിലത്ത് നിന്ന് അഞ്ചടി ഉയരത്തില്‍ ജനലുകള്‍ നിര്‍മ്മിക്കാന്‍ ക്യുത്തുവും കെട്ടിട നിര്‍മ്മാണക്കമ്മിറ്റിയും തീരുമാനിച്ചു.

51 പേരുടെ മരണത്തിനിടയാക്കിയ ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മാര്‍ച്ചില്‍ നടന്ന വെടിവെപ്പിനും കാലിഫോര്‍ണിയയിലെ ഒരു മുസ്‍ലിം പള്ളിയില്‍ നടന്ന ആക്രമണത്തിന് ശേഷം ലോകത്തെ മുസ്‍ലിം ജനങ്ങള്‍ മുഴുവന്‍ ഭീതിയിലാണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വര്‍ഷത്തിലെ ഏറ്റവും തിരക്കുള്ള മാസമായ റമദാനില്‍ ഇസ്ലാം മത വിശ്വാസികള്‍ അത്താഴത്തിനും നോമ്പുതുറയ്ക്കും മറ്റുമായി പള്ളികളില്‍ ഒരുമിച്ച് കൂടുകയും പ്രാര്‍ത്ഥനകളില്‍ പങ്കുചേരുകയും ചെയ്യും. അതിനാല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയേറെയാണ്. രാജ്യത്തുടനീളമുള്ള മത നേതാക്കള്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വിദഗ്ദ സഹായം തേടുകയാണ്.

ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രക്ഷാപ്രവര്‍ത്തന സംഘത്തിലെ അംഗമായ നെസര്‍ ഹംസ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അമേരിക്കയിലെ 170 ല്‍ പരം മുസ്‍ലിം പള്ളികള്‍ സന്ദര്‍ശിച്ച് ആക്രമണങ്ങളെ നേരിടുന്നതിന് ജനങ്ങള്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കി.

ലോകം റമദാന്‍ മാസത്തെ വരവേറ്റപ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി അമേരിക്കയിലെ മുസ്‍ലിം പള്ളികള്‍

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കണക്ക് പ്രകാരം ചുരുങ്ങിയത് 15 അമേരിക്കന്‍ പള്ളികളെങ്കിലും 2018 ല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ ചിലര്‍ വിര്‍ജീനിയയിലെ ഇസ്‍ലാമിക് സെന്ററിലെ ചില്ല് വാതിലിന് കല്ലെറിഞ്ഞു. തൊട്ടടുത്ത മാസം സാധനങ്ങള്‍ മോഷ്ടിച്ച് മുസ്‍‍ലിം പള്ളി തകര്‍ക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഒരു കൂട്ടം സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്കാര്‍ ഹോസ്റ്റണിലെ മുസ്‍‍ലിം പള്ളിയിലെ ഭണ്ഡാരപ്പെട്ടി കവര്‍ച്ച നടത്തുകയും പള്ളിയിലെ വിരിപ്പില്‍ മൂത്രമൊഴിക്കുകയും ചെയ്തു. 2017 ന്റെ തുടക്കത്തില്‍ എല്ലാ മാസവും ഏകദേശം ഒന്‍പത് മുസ്‍‍ലിം പള്ളികളോളം ആക്രമിക്കപ്പെട്ടിരുന്നു.

പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ എങ്ങനെ നേരിടണമെന്ന വിഷയത്തെക്കുറിച്ചാണ് ഹംസയുടെ പരിശീലന ക്ലാസ്സ്. സെഷനുകളുടെ എണ്ണത്തെ ആസ്പദമാക്കി 500 ഡോളര്‍ മുതല്‍ 2250 ഡോളര്‍ വരെ ചിലവ് വരുന്ന ക്ലാസ്സുകളുണ്ട്. റമദാന്‍, വെള്ളിയാഴ്ച്ച നമസ്‌ക്കാരം തുടങ്ങിയ വലിയ സംഗമങ്ങള്‍ നടക്കുമ്പോള്‍ ബോംബാക്രമണങ്ങള്‍ക്ക് വേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഹംസയുടെ ക്ലാസ്സില്‍ പരിശീലനം നല്‍കുന്നു. പള്ളികളുടെ നിര്‍മ്മാണ പദ്ധതികള്‍ വിലയിരുത്തി സുരക്ഷാ സേനക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഹംസക്ക് കഴിയും. സ്വകാര്യ മുസ്‍‍ലിം സ്‌കൂളുകളിലും അദ്ദേഹം പരിശീലനം നല്‍കാറുണ്ട്.

മുസ്‍‍ലിം ജനതക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളില്‍ അതിശയിക്കേണ്ടതില്ലെന്നും അത് സ്വാഭാവികമാണെന്നുമാണ് ഹംസയുടെ അഭിപ്രായം. എവിടെ, എപ്പോള്‍ ആക്രമണം നടക്കുന്നെന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്റിലെയും കാലിഫോര്‍ണിയയിലെ സിനഗോഗ് വെടിവെപ്പിനും ശേഷമാണ് ഹംസയുടെ പരിശീലന പരിപാടികള്‍ക്ക് ആവശ്യക്കാര്‍ കൂടിയത്. എന്നാല്‍ ഇത്തരത്തില്‍ ആക്രമണങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല, എല്ലാ സമയത്തും മുസ്‍‍ലിം ജനത ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസിലാന്റിന് ശേഷം അടിയന്തിരമായി ഹംസയെ വിളിച്ചത് ഫ്‌ളോറിഡയിലെ ബൊക്കാ റാട്ടനിലെ ഇസ്‍ലാമിക് സെന്ററാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തങ്ങളുടെ സുരക്ഷാ ക്രമങ്ങളെ പുനര്‍പരിശോധിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയെന്ന് പള്ളിയിലെ സുരക്ഷാ വകുപ്പ് അംഗം റാമി അബോമഹദി പറഞ്ഞു. റമദാന്‍ പോലൊരു പുണ്യ മാസത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം റമദാന്‍ പ്രമാണിച്ച് നല്ലൊരു തുക സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാലയങ്ങള്‍ സുരക്ഷിതമാക്കാനായി സൈന്യത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റമദാന്‍ വന്നുപോകുമെന്നും എന്നാല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ എല്ലാക്കാലത്തും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെന്റ്രല്‍ ടെക്‌സയിലെ വലിയ മുസ്‍‍ലിം പള്ളികളിലൊന്നായ നോര്‍ത്ത് ഓസ്റ്റിന്‍ മുസ്‍‍ലിം കമ്മ്യൂണിറ്റി സെന്റര്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നാല് തവണ ആക്രമിക്കപ്പെട്ടു. കെട്ടിടത്തിന്റെ വശങ്ങളില്‍ പെട്രോളൊഴിച്ച് തീയിടാന്‍ ശ്രമിച്ച ഒരു വീഡിയോ കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്നിരുന്നു. എന്നാല്‍ കുറ്റവാളികളെ പിടികൂടാന്‍ ഇതുവരെയും പൊലീസിന് സാധിച്ചിട്ടില്ല.

ആക്രമണത്തിന് ശേഷം ഓസ്റ്റിന്‍ പള്ളിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീയിടാന്‍ ശ്രമിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഓസ്റ്റിന്‍ സെന്റര്‍ ആക്രമണത്തില്‍ പല തരത്തിലുള്ള ഉപദ്രവങ്ങളും ഉണ്ടായിട്ടുണ്ട്. പലരുടെയും വാഹനങ്ങളുടെ ടയറുകള്‍ കേടുവരുത്തുകയും വണ്ടികളില്‍ മൂത്രമൊഴിച്ചിടുകയും ചെയ്തിട്ടുണ്ട്. സെപ്തംബറില്‍ നടന്ന മോഷണശ്രമത്തില്‍ പള്ളിയുടെ വാതിലുകളും ജനലുകളും തകര്‍ത്തു. ഇത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കി. ആ മാസം തന്നെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു പറ്റം വാഹനങ്ങളുടെ ടയര്‍ കീറിമുറിച്ചിരുന്നു.

ലോകം റമദാന്‍ മാസത്തെ വരവേറ്റപ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി അമേരിക്കയിലെ മുസ്‍ലിം പള്ളികള്‍

ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ 10 വര്‍ഷത്തോളം ഇമാമായി സേവനമനുഷ്ഠിച്ചിരുന്ന സാദ് ഗെവിഡ അവരുടെ പള്ളിയില്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ഹഡ്‌സണ്‍ വാലിയിലെ ഇസ്ലാമിക് കമ്മ്യൂണിറ്റി സെന്ററില്‍ ഔദ്യോഗിക സംരക്ഷണങ്ങളൊന്നും നടപ്പിലാക്കാറില്ല. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥന സമയങ്ങളില്‍ പള്ളിയും പരിസര പ്രദേശങ്ങളും സംരക്ഷിക്കുന്നതിന് വൊളണ്ടിയര്‍മാരെയാണ് അവര്‍ പ്രധാനമായും ആശ്രയിക്കാറുള്ളത്.

എന്നാല്‍ അമേരിക്കയിലെ മുസ്‍‍ലിം പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ഭത്തില്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് അപകടകരമാണെന്ന് ഗെവിഡ പറഞ്ഞു. എല്ലാ രാത്രികളിലും പള്ളിയുടെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും കാവല്‍ നില്‍ക്കാന്‍ സ്വകാര്യ സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗെവിഡ. പള്ളിയില്‍ ഇഫ്താറും അത്താഴവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളും വൃദ്ധരുമടക്കം 200 ല്‍ പരം മുസ്‍‍ലിം ആരാധകര്‍ പള്ളിയില്‍ എത്താറുണ്ട്.

ഓസ്റ്റിനിലേത് പോലെ വലിയ ആക്രമണങ്ങളൊന്നും ഉണ്ടാവാത്തതില്‍ ഗെവിഡ ദൈവത്തോട് നന്ദി പറഞ്ഞു. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി വേണ്ടത്ര മുന്‍കരുതലുകളെടുക്കണമെന്ന് അദ്ദേഹം മറ്റ് നേതാക്കളോട് നിര്‍ദ്ദേശിച്ചു.

റമദാന്‍ മാസത്തില്‍ പ്രത്യേക സുരക്ഷ സംവിധാനങ്ങളാണ് ടെക്‌സാസില്‍ ക്യുത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത നമസ്‌ക്കാര സമയത്തും കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത റമദാനുള്ള സുരക്ഷാ ക്രമങ്ങള്‍ ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. പള്ളിയില്‍ പ്രവേശിക്കുന്നതിന് സെക്യൂരിറ്റി ലോക്ക് വെക്കാനുള്ള തീരുമാനം ആലോചിക്കുന്നുണ്ട്. ലോക്ക് തുറന്നാല്‍ മാത്രമേ അകത്തേക്ക് പ്രവേശിക്കാനാകു.

'നമുക്ക് ചുറ്റും ഒരുപാട് നല്ല മനുഷ്യരുണ്ട്. എന്നാല്‍ സുരക്ഷയുടെ കാര്യം വരുമ്പോള്‍ നമ്മള്‍ ഒരു പടി മുന്നില്‍ ചിന്തിക്കും' - ക്യുത്തു പറഞ്ഞു.