LiveTV

Live

International

വിമത സ്വാധീന മേഖലകളില്‍ വീണ്ടും സിറിയന്‍ സേനയുടെ ആക്രമണം 

റഷ്യയും തുര്‍ക്കിയും ബഫര്‍സോണായി പ്രഖ്യാപിക്കാന്‍ ധാരണയിലെത്തിയിരുന്ന ഇദ്‍ലിബിലാണ് ആക്രമണം നടന്നത്

വിമത സ്വാധീന മേഖലകളില്‍ വീണ്ടും സിറിയന്‍ സേനയുടെ ആക്രമണം 

സിറിയയില്‍ വിമത സ്വാധീന മേഖലകളില്‍ സിറിയന്‍ സേനയുടെ ആക്രമണം. ഇദ്‍ലിബിലും ഹമയിലുമാണ് ആക്രമണം നടന്നത്. ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഹമ പ്രവിശ്യയിലെ കാഫ്‍ര്‍ നബൂദായിലും ഇദ്‍ലിബിലെ വിവിധ പ്രവിശ്യകളിലുമാണ് ആക്രമണം നടന്നത്. ഹെലികോപ്റ്ററില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. നേരത്തെ ഇദ്‍ലിബിനെ ബഫര്‍സോണായി പ്രഖ്യാപിക്കാന്‍ റഷ്യയും തുര്‍ക്കിയും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ഹയാത് തഹ്‍രീര്‍ അല്‍ ഷാമെന്ന ഭീകര സംഘടനക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും സമാധാന ഉടമ്പടി ലംഘിച്ച നടപടിക്കെതിരെ മുന്നോട്ട്പോകുമെന്നും അസദ് സര്‍ക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന വിമത മേഖലകളില്‍ പ്രവേശിച്ചത്. എന്നാല്‍ സാധാരണക്കാര്‍ കൂടുതലായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ നിരീക്ഷക സംഘം പറയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 152,000 പേരാണ് ഈ മേഖലകളില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടത്.

സ്ഥിതി സങ്കീര്‍ണമായതോടെ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടേരസ് ആക്രമണം താല്‍ക്കാലികമായി അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. മേഖലയില്‍ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പുകളും മറ്റും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.