LiveTV

Live

International

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

ജസിന്‍ഡ ആർഡന്‍ ഇന്ന്  വെള്ളിയാഴ്ച്ച നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

ഇന്ന്, ഭീകരാക്രമണത്തിന്റെ രണ്ടാഴ്ച തികഞ്ഞ മറ്റൊരു വെള്ളിയാഴ്ച. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനകളെ സാക്ഷിയാക്കി ന്യൂസിലാന്റ് ഒരിക്കൽ കൂടി ഒരുമിച്ചു കൂടി. ദിവസങ്ങൾക്ക് മുമ്പ് വിദ്വേഷം വെടിയുതിർത്ത ഹഗ്ലി പാർക്കിൽ ഇന്ന് അരോഹയുടെ വർണ്ണം വിതറി സ്നേഹ വസന്തം വിരിഞ്ഞുണർന്നു. നിറഞ്ഞ് തുളുമ്പിയ മനുഷ്യത്വത്തിനും സാഹോദര്യ ബോധത്തിനും മുമ്പിൽ ലോകം ഒരിക്കൽ കൂടി തല കുനിച്ചു. ലോകത്തിന്റെ നോട്ടം മുഴുവൻ തന്റെ ജനതയെ നെഞ്ചിലേറ്റിയ ആ സ്ത്രീയുടെ കണ്ണുകളിലേക്കായി.

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

പ്രധാനമന്ത്രി ജസിന്‍ഡ ആർഡന്‍ മവോറി പാരമ്പര്യത്തിലുള്ള മേലങ്കിയണിഞ്ഞ് ഗാംഭീര്യമാർന്ന ചുവടുകളോടെ അവർ വേദിയിലേക്കെത്തിയപ്പോൾ കരംഗ സ്വാഗത ഗാനം ഉയർന്ന് പൊങ്ങി. 59 രാജ്യങ്ങളുടെ പ്രതിനിധികൾ വേദിയിൽ അണിനിരന്നിരുന്നു. പ്രസംഗ പീഠത്തിലെത്തിയ ജസിന്‍ഡയെ സദസ്സ് നീണ്ട കരഘോഷത്തോടെ വരവേറ്റു. സദസ്സിന്റെ സ്നേഹാരവത്തിൽ അവരുടെ ആമുഖ വാക്കുകൾ മുങ്ങി മറഞ്ഞു. ആദ്യം മവോറി സ്വാഗതം. പിന്നെ ഇംഗ്ലീഷിൽ പ്രൗഡമായ പ്രഭാഷണം.

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

ഒരുപാട് പേരെ കൊലയാളിയിൽ നിന്ന് രക്ഷിക്കുന്നതിനിടെ ജീവൻ ത്യജിച്ച ഹുസ്ന പർവീനിന്റെ ഭർത്താവ് ഫരീദ് അഹമ്മദിന്റെ ഉജ്ജ്വല വാക്കുകൾ കണ്ണീരോർമകളായി സദസ്സിനെ കൈയ്യിലെടുത്തു. കൊലയാളിക്ക് മാപ്പ് നൽകിയ അദ്ദേഹം സദസ്സിനെ വിസ്മയ ഭരിതമാക്കി.

ലോക പ്രശസ്ത ഗായകൻ യൂസുഫ് ഇസ്ലാമിന്റെ ( മുമ്പ് കാറ്റ് സ്റ്റീവൻസ്) പ്രൗഡമായ സ്നേഹ സന്ദേശം. ന്യൂ സീലാൻഡിന് വീണ്ടും നന്ദി. You are us. We are One.

ജസിന്‍ഡ ആർഡന്റെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം

ഇന്നിവിടെ സന്നിഹിതരായിരിക്കുന്ന ആദരണീയരായ നേതാക്കളെ, പ്രഭാഷകരെ, പ്രമുഖ വ്യക്തിത്വങ്ങളെ എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ.

ഇന്നിവിടെ ക്രൈസ്റ്റ്ചർച്ച് ഓർമ്മകളുടെ തിരമാലകൾ അലയടിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ ഈ കുടുംബങ്ങൾക്കൊപ്പം സ്നേഹവും ശാന്തിയും കൈമാറി നമുക്ക് ഒരുമിച്ചിരിക്കാം‌. അങ്ങനെ അവർ ശരിക്കും ജീവിതത്തിലേക്ക് ഇനിയും മടങ്ങിവരട്ടെ. നമുക്കും ശരിയായ ജീവിതത്തിലേക്ക് മടങ്ങിവരാം.

ആ ഇരുണ്ട മണിക്കൂറുകൾ കഴിഞ്ഞ് 14 ദിവസങ്ങൾക്ക് ശേഷമാണ് നാമിവിടെ ഒരുമിച്ചുകൂടി ഇരിക്കുന്നത്. മാർച്ച് 15ന്റെ ഭീകരാക്രമണത്തിനുശേഷം പലപ്പോഴും നമ്മുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.

50 സ്ത്രീകളെയും കുഞ്ഞുങ്ങളെയും പുരുഷന്മാരെയും നഷ്ടപ്പെട്ടതിന്റെയും ഒരുപാട് പേർക്ക് മുറിവേറ്റതിന്റെയും വേദന എന്ത് വാക്കുകൾ കൊണ്ടാണ് പ്രകടിപ്പിക്കാൻ ആവുക.

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

വിദ്വേഷത്തിനും നീചമായ ആക്രമണത്തിനും ഇരയാകേണ്ടി വന്ന മുസ്‌ലിം സമൂഹത്തിന്റെ തീവ്രമായ വേദനകൾ ഏത് വാക്കുകൾക്കാണ് ഏറ്റ് വാങ്ങാനാവുക? ഒരുപാട് വേദനകൾ ഏറ്റു വാങ്ങിയ ഈ നഗരത്തിന്റെ സങ്കടം ഏത് വാക്കുകളാണ് പറഞ്ഞ് തരിക?

ഒരിക്കലും വാക്കുകളുണ്ടാവില്ലെന്ന് തന്നെയാണ് ഞാൻ കരുതിയത്. പക്ഷെ പിന്നീട് ഞാൻ ഇവിടെ വന്നപ്പോൾ ‘അസ്സലാമു അലൈകും’ (ദൈവത്തിൽ നിന്നുള്ള സമാധാനം നേരുന്നു) എന്ന അഭിവാദ്യമായിരുന്നു എന്നെ വരവേറ്റത്. ലളിതമായ വാക്കുകളായിരുന്നു അവ. തങ്ങളുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട സമുദായ നേതാക്കൾ ആ വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു. പരിക്കേറ്റ് ആശുപത്രി കിടക്കകളിലുള്ളവരും ആ കൊച്ചു വാക്കുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. ആക്രമണത്തിനിരയായവരും വിയോഗ വേദനയിൽ ആണ്ട് നിൽക്കുന്നവരുമൊക്കെ ഈ വാക്കുകൾ തന്നെയാണുരുവിട്ടു കൊണ്ടിരുന്നത്.

അസ്സലാമു അലൈകും (ദൈവത്തിൽ നിന്നുള്ള സമാധാനം നേരുന്നു)

വെറുപ്പിന്റെയും സംഘർഷത്തിന്റെയും മുഖത്ത് നിന്ന് കൊണ്ട് ഒരു സമുദായം ഉറക്കെ പറഞ്ഞ വാക്കുകളാണിത്. രോഷം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടായിരുന്നു. എന്നിട്ടും നമുക്ക് വേണ്ടി ദുഖം പങ്കിടാനുള്ള വാതിലുകൾ അവർ മലർക്കെ തുറന്ന് വെക്കുകയായിരുന്നു. ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചവരോട് പറയട്ടെ, ഞങ്ങൾക്ക് പലപ്പൊഴും നിങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

ഞങ്ങൾ ചിലപ്പോൾ പൂക്കൾ സമർപ്പിച്ചു, ഹാക്ക പ്രദർശിപ്പിച്ചു. സങ്കടപ്പാട്ടുകൾ പാടി, ചിലപ്പോൾ വെറുതെ നിങ്ങളെ കെട്ടിപ്പുണർന്നു.

ഞങ്ങൾ ഒന്നും മിണ്ടാനില്ലാതെ നിന്നപ്ലോഴും നിങ്ങളെ ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ വാക്കുകൾ ഞങ്ങളെ വിനീതരാക്കി. ഞങ്ങളെ ഒരേ ചരടിൽ കോർത്തു നിർത്തി.

രണ്ടാഴ്ച കൊണ്ട് ഈ ആക്രമണത്തിനിരയായവരുടെ ഒരു പാട് കഥകൾ നാം കേട്ടു. വീര കഥകളായിരുന്നു പലതും. ഇവിടെത്തന്നെ ജനിച്ച് വളർന്ന് ന്യൂസിലാന്റിനെ സ്വന്തം വീടാക്കി മാറ്റിയവരുടെ കഥകളായിരുന്നു അത്. തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും സ്വസ്ഥമായി ജീവിക്കാൻ ഇവിടെ അഭയം തേടിയവരായിരുന്നു അവർ.

അവരുടെ കഥകൾ ഇപ്പോൾ നമ്മുടെ സാമൂഹിക സ്മരണകളുടെ ഭാഗമായിരിക്കുന്നു. അവ എക്കാലത്തും നമ്മോടൊപ്പമുണ്ടായിരിക്കും. അവർ നമ്മൾ തന്നെയാണ്.

പക്ഷെ ആ ഓർമ്മകൾക്കൊപ്പം ഒരുത്തരവാദിത്തം കൂടി നമ്മിൽ വന്ന് ചേരുന്നുണ്ട്. നമ്മളാഗ്രഹിച്ച ഒരു നാടായി മാറാനുള്ള ഉത്തരവാദിത്വം. എല്ലാവരെയും ആർദ്രമായി, അനുകമ്പാ പൂർവം സ്വാഗതം ചെയ്യുന്ന ഒരു നാട്. ആ മൂല്യങ്ങളായിരിക്കണം നമ്മളെ പ്രതിനിധാനം ചെയ്യേണ്ടത്.

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

ഒട്ടും അനുഗുണമല്ലാത്ത സ്ഥലങ്ങളിലും ഏറ്റവും വൃത്തികെട്ട വൈറസുകൾക്കും നിലയുറപ്പിക്കാനാവും. നമ്മളൊട്ടും സ്വാഗതം ചെയ്യാതിരിക്കെ തന്നെ വംശീയ ചിന്ത ഇവിടെ നില നിൽക്കുന്നുണ്ട്. നമുക്കിഷ്ടപ്പെട്ട മതവും വിശ്വാസവും ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേൽ കൈവെക്കാൻ ആരെയും അനുവദിക്കില്ല. തീവ്രവാദത്തിനും അക്രമ പ്രവർത്തനത്തിനും ഇവിടെ ഇടമുണ്ടായിരിക്കില്ല.കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വാക്കിലും പ്രവൃത്തി യിലും ഞങ്ങളും നിങ്ങളും അത് തന്നെയാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് കാവൽ നി‌ന്ന പതിനായിരങ്ങൾ മുതൽ റാലിയിൽ പങ്കെടുക്കാനെത്തിയ 95 വയസ്സായ ആ വൃദ്ധനുൾപ്പെടെ. മറ്റുള്ളവരുടെ വേദനകൾ കണ്ട സങ്കടത്താൽ ഉറങ്ങാനാവാതെ നാലു ബസുകൾ മാറിക്കയറിയാണദ്ദേഹം റാലിക്കെത്തിയത്.

നമ്മിലെ ഏറ്റവും നല്ല മൂല്യങ്ങളെ ജീവിത യാഥാർഥ്യമാക്കി മാറ്റുക എന്നതാണ് നാം ഏറ്റെടുക്കേണ്ട വെല്ലുവിളി. കാരണം വെറുപ്പിന്റെയും ഭയത്തിന്റെയും വൈറസുകൾക്കെതിരെ പ്രതിരോധം ഇനിയും നാം നേടിക്കഴിഞ്ഞിട്ടില്ല‌. നാം അങ്ങിനെ ആയിരുന്നില്ലല്ലോ. പക്ഷെ അവക്കുള്ള മറുമരുന്ന് കണ്ട് പിടിക്കുന്ന രാജ്യമായി നമുക്ക് മാറാനാവും.

അതിനാൽ ഓരോരുത്തരും ഓർക്കുക. നാം ഇവിടെ നിന്ന് പിരിഞ്ഞു പോയാൽ ഒരുപാട് ജോലികളുണ്ടാകും. പക്ഷേ വെറുപ്പിനോട് പോരാടാനുള്ള ചുമതല സർക്കാരിനെ മാത്രം ഏൽപ്പിച്ച് പിന്മാറരുത്. നമുക്കോരോരുത്തർക്കും കരുത്തുണ്ട്. നമ്മുടെ വാക്കിലും കർമ്മങ്ങളിലും കാരുണ്യത്തിന്റെ ഓരോരോ ചെയ്തികളിലും അതുണ്ട്.

മാർച്ച് 15 ന്റെ സന്ദേശം അതായിരിക്കട്ടെ. നമ്മൾ നമ്മളെ കുറിച്ച് തന്നെ വിശ്വസിക്കുന്നത് പോലുള്ള ഒരു രാജ്യമായി തീരാം നമുക്ക്.

ന്യൂസിലാന്റിനെയും മുസ്‌ലിം സമുദായത്തെയും വാരിപ്പുണരാനായെത്തിയ ആഗോള സമൂഹത്തോടും ഇവിടെ കൂടിയ എല്ലാവരോടും നന്ദി പറയട്ടെ. ഭീകരതയെയും അക്രമ പ്രവർത്തനങ്ങളെയും അപലപിക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണ്. ഒരു തീവ്രവാദം മറ്റൊന്നിനു ജന്മം നൽകുന്ന രീതിയിലുള്ള ചാക്രികതയിൽ മുട്ടി നിൽക്കുകയാണ് ലോകം. ഇതവസാനിച്ചേ തീരൂ.

ഇതിനെ ഒറ്റക്ക് നേരിടാൻ നമ്മളിൽ ആർക്കും കഴിയില്ല. പക്ഷെ പരിഹാരമുണ്ട്. ലളിതമായൊരു കാഴ്ചപ്പാടിലൂടെ നമുക്കതിനെ നേരിടാനാവും. രാജ്യാതിർത്തികളിൽ നിന്ന് കൊണ്ടോ വംശീയതകളിൽ കുരുങ്ങിക്കിടന്നോ അധികാരത്തിന്റെ തിണ്ണ ബലത്തിലോ നമുക്കതിനെ നേരിടാനാവില്ല. സർക്കാരുകൾ വിചാരിച്ചാലും കഴിയില്ല. മാനുഷികതയെ( humanity) വീണ്ടെടുക്കുക മാത്രമാണ് ഒറ്റ പരിഹാരം.

ന്യൂസിലാന്റ് ഭീകരാക്രമണത്തിന് രണ്ടാഴ്ച്ച; വേർപാടിന്റെ വേദനകള്‍ പങ്കുവെച്ച്  പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍

നമുക്കീ സന്ദർഭത്തിൽ നഷ്ടപ്പെട്ടവരെ അനുസ്മരിക്കാം. ആദ്യമായി ഓടിയെത്തി വിലപ്പെട്ട സേവനങ്ങൾ അർപ്പിച്ചവരേയും ഓർമ്മിക്കാം. നമ്മുടെ നാടിന്റെ കണ്ണ് നീരും അനുസ്മരിക്കാം. ഒപ്പം‌ നമ്മളാർജ്ജിച്ച ഈ നിശ്ചയ ദാർഡ്യവും.

ഒരിക്കലും നമ്മുടെ നാട് പരിപൂർണ്ണത അവകാശപ്പെടുന്നില്ല. പക്ഷെ നമ്മുടെ ദേശീയ ഗാനത്തിന്റെ ഉള്ളടക്കത്തിൽ പറയുന്ന വാക്കുകൾ യാഥാർത്ഥ്യമാക്കാൻ നാം കഠിനമായി യത്നിക്കുക തന്നെ ചെയ്യും.

‘വംശ ജാതി ഭേദമന്യേ മനുഷ്യരെല്ലാം നിൻ തിരു മുമ്പിൽ

ഒരുമിക്കുന്നു ചോദിക്കുന്നു, ഈ നാടിന്നനുഗ്രത്തിന്നായ്

കാക്കണമീശ്വരാ ഞങ്ങടെ നാടിനെ

ഭിന്നത വിദ്വേഷത്തിൽ നിന്നും

അഴിമതി അസൂയയിൽ നിന്നും

ഞങ്ങളെ നാടിനെ കാക്കണമേ

നന്മ നിറഞ്ഞ മഹത്വം നൽകി

ന്യൂസിലാന്റിനെ കാക്കണമീശ്വരാ.’

(ദേശീയ ഗാനത്തിന്റെ ഏകദേശ പരിഭാഷ)

അസ്സലാമു അലൈക്കും.

മൊഴിമാറ്റം: കെ.മുഹമ്മദ് നജീബ്.