LiveTV

Live

International

ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ

ന്യൂസീലാന്റ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചത് ഖുർആൻ പാരായണത്തോടെ. ഇമാം നിസാമുൽ ഹഖ് തൻവിയാണ് പ്രാർഥന ചൊല്ലിയത്.

ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ

ന്യൂസീലാന്റ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചത് ഖുർആൻ പാരായണത്തോടെ. ഇമാം നിസാമുൽ ഹഖ് തൻവിയാണ് പ്രാർഥന ചൊല്ലിയത്. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേര്‍ന്നത്.

ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ

പാര്‍ലെമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്‍ഡ സലാം ചൊല്ലിയാണ് പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും സമാധാനം ആശംസിച്ച പ്രധാനമന്ത്രി ഇരകളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്ലീം പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തോക്കുധാരിയെ തടയുന്നതിനിടെ രക്തസാക്ഷിയായ പാക്കിസ്താന്‍ സ്വദേശി നഈം റാഷിദിന് ന്യൂസിലാന്റ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആദരവര്‍പ്പിച്ചു. പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ ആണ് നഈം റാഷിദിന് ആദരാഞ്ജലയര്‍പ്പിച്ചത്.

അക്രമം നടത്തിയ ഭീകരവാദിയുടെ പേര് പരാമര്‍ശിക്കാന്‍ വിസ്സമ്മതിച്ച പ്രധാനമന്ത്രി ജസിന്‍ഡ അദ്ദേഹം ആഗ്രഹിച്ച പ്രശ്സതി നല്‍കരുതെന്നും ആഹ്വാനം ചെയ്തു. ‘അദ്ദേഹം ആഗ്രഹിച്ച പ്രശസ്തി നാം നല്‍കരുത്, ഭീകരവാദിയുടെ പേര് പോലും ഉച്ചരിക്കരുത്’; പ്രധാനമന്ത്രി ജസിന്‍ഡ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ തന്നെ ഭീകരവാദിക്ക് നല്‍കും, അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ വേണം നാം ഉയര്‍ത്തി പിടിക്കാന്‍. വരുന്ന വെള്ളിയാഴ്ച മുസ്‌ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടുമ്പോള്‍ നമ്മുടെ ഐക്യദാര്‍ഢ്യവും വേദനയും നമുക്ക് അവരെ അറിയിക്കാമെന്നും ജസിന്‍ഡ പറഞ്ഞു. മുസ്‌ലിം ആചാര പ്രകാരം മരിച്ചവരുടെ മൃതദേഹം 24 മണിക്കൂറിനകം സംസ്‌ക്കരിക്കേണ്ടതുണ്ട്. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ പലരും ന്യൂസിലാന്റിലെത്തിയെങ്കിലും ഫോറന്‍സിക് അടക്കമുളള നടപടികളുടെ ഭാഗമായി അന്ത്യസംസ്‌കാരം ഇതുവരെയും നടത്താനായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് അയക്കുമെന്നും അവര്‍ വ്യക്തമാക്കി.

ന്യൂസിലാന്‍റ് മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണം;  ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച് 
Also Read

ന്യൂസിലാന്‍റ് മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണം;  ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച് 

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ ഹിജാബ് ധരിച്ച് എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തെ തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസിന്‍ഡ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡറുടെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

മി.സ്പീക്കർ, അസ്സലാമു അലൈകും. താങ്കൾക്കും നമുക്കെല്ലാവർക്കും സമാധാനം നേരുന്നു.

മി.സ്പീക്കർ, മാർച്ച് 15 എന്നത് നമ്മുടെ എക്കാലത്തെയും സാമൂഹിക സ്മരണക്ക് മേൽ കൊത്തിവെക്കപ്പെട്ടിരിക്കുകയാണ്. ശാന്തമായ ഒരു വെള്ളിയാഴ്ച ഉച്ച നേരത്ത് സമാധാനപൂർവം പ്രാർഥിക്കാനുള്ള ഒരിടത്തേക്ക് ഒരു മനുഷ്യൻ കൊടുങ്കാറ്റ് പോലെ കയറിച്ചെന്ന് അമ്പത് മനുഷ്യരുടെ ജീവൻ കവർന്നെടുത്തു.

ആ വെള്ളിയാഴ്ച സായാഹ്നം നമ്മുടെ ദിനങ്ങളിൽ ഏറ്റവും ഇരുണ്ടതായി തീർന്നിരിക്കുന്നു.

പക്ഷെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അതിനേക്കാൾ അപ്പുറമാണ്. അന്നാണ് മതത്തിന്റെയും മുസ്‍ലിം വിശ്വാസത്തിന്റെയും ഭാഗമായി നിർവഹിച്ച ലളിതമായ ഒരു ആരാധന അവരുടെ പ്രിയപ്പെട്ടവരുടെ ജീവ നഷ്ടത്തിൽ കലാശിച്ചത്. ആ പ്രിയപ്പെട്ടവർ അവരുടെ സഹോദരന്മാരോ പെണ്മക്കളോ പിതാക്കളോ മക്കളോ ഒക്കെയായിരുന്നു. അവർ ന്യൂ സീലാൻഡുകാരായിരുന്നു. അവർ നാം തന്നെയാണ്. അവർ നമ്മൾ തന്നെയായത് കൊണ്ടാണ് അവരുടെ ദു:ഖത്തിൽ നമ്മളും പങ്ക് ചേരുന്നത്. അവരെ നോക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്.

FROM THE HOUSE: Prime Minister's Statement on Christchurch mosques terror attack

Posted by Jacinda Ardern on Monday, March 18, 2019

മി.സ്പീക്കർ, പറയേണ്ടതും ചെയ്യേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്.

ഞാനൊരിക്കലും ചെയ്യണമെന്ന് കരുതുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത ഒരുത്തരവാദിത്തമായിരുന്നു ഒരു രാഷ്ട്രത്തിന്റെ ദുഖം പ്രകടിപ്പിക്കേണ്ടി വരിക എന്നത്. എന്തെങ്കിലും സംഭവിച്ചവർക്ക് പരിരക്ഷ നൽകലും എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തലുമാണ് ഈ സന്ദർഭത്തിൽ ഏറ്റവും പ്രധാനം.

ഇക്കാര്യത്തിൽ കുടുംബങ്ങളോട് നേർക്ക് നേരെ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സങ്കടത്തിന്റെ ആഴമറിയാൻ ഞങ്ങൾക്കാവില്ലായിരിക്കാം. പക്ഷെ ഓരോ ഘട്ടത്തിലും നിങ്ങളുടെ കൂടെത്തന്നെ ഞങ്ങളുണ്ട്. നമുക്കതിനു കഴിയും. ഉറപ്പായും. സ്നേഹം കൊണ്ടും ചേർത്തു പിടിച്ച് കൊണ്ടും (aroha and manaakitanga) ഞങ്ങളെ ഞങ്ങളാക്കുന്ന എല്ലാ നല്ല മൂല്യങ്ങൾക്കൊണ്ടും. ഞങ്ങളുടെ ഹൃദയം വിങ്ങുകയാണെങ്കിലും ഞങ്ങൾ ആത്മീയയമായി കരുത്തോടെ തന്നെയുണ്ട്.

മി.സ്പീക്കർ, 111 ൽ വിളി വന്ന് 6 മിനിറ്റിനുള്ളിൽ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് തന്നെ ഒരു ധീരമായ നടപടിയായിരുന്നു. കാറിനകത്ത് നിന്ന് അക്രമി വെടിയുതിർത്തു കൊണ്ടിരിക്കെ കാറിന്റെ ഡോർ വലിച്ച് തുറന്ന് അവർ അയാളെ ബലമായി വലിച്ച് പുറത്തിടുകയായിരുന്നു. കാറിനകത്താകട്ടെ സ്ഫോടക വസ്തുക്കളുമുണ്ടായിരുന്നു. ന്യൂസിലാൻഡുകാരുടെ സുരക്ഷ ഉറപ്പ് വരുത്തിയ അവരുടെ പ്രവർത്തനത്തെ നമ്മൾ ഉൾക്കൊള്ളുന്നു. അവരെ നന്ദി അറിയിക്കുന്നു.

പക്ഷെ അവർ മാത്രമായിരുന്നില്ല അസാമാന്യമായ ധൈര്യം കാണിച്ചത്. പാക്കിസ്താനിൽ നിന്നുള്ള നഈം റാഷിദ് അക്രമിയുടെ നേരെ കുതിച്ച് അയാളുടെ തോക്ക് തട്ടിമാറ്റാനുള്ള ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ആരാധന നിർവഹിച്ചു കൊണ്ടിരുന്ന മറ്റ് മനുഷ്യരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അദ്ദേഹത്തിനു ജീവൻ നഷ്ടപ്പെട്ടത്‌.

അഫ്ഗാൻ കാരനായ അബ്ദുൽ അസീസ് ചെറിയൊരു പണമിടപാട് മെഷീൻ കൊണ്ടാണ് അക്രമിയെ നേരിട്ടത്. സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹം കാണിച്ച ഈ ധീരത കൊണ്ടാണ് ഒട്ടേറെ പേർ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇത് പോലെ നമുക്കറിയാത്ത പല സംഭവങ്ങളുമുണ്ടാവും. ഒരോരുത്തരെയും ഈ സഭ ആദരിക്കുന്നു.

( ആംബുലൻസ് സർവീസിനെയും മെഡിക്കൽ ടീമിനെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു അവർ.)

മി.സ്പീക്കർ, നിങ്ങളുടെ അനുമതിയോടെ മുസ്ലിം സമൂഹത്തിന്റെയും നമ്മുടെ എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്താനായി അടിയന്തരമായി പരിഗണിക്കേണ്ട ചില കാര്യങ്ങൾ പങ്ക് വെക്കട്ടെ.

ഒരു രാജ്യമെന്ന നിലയിൽ നാം അതീവ ജാഗ്രത നിലനിർത്തിയേ പറ്റൂ. സവിശേഷ ഭീഷണിയൊന്നും ഇപ്പോളില്ലെങ്കിലും നാം ശ്രദ്ധയോടെ തന്നെയിരിക്കണം.

......രാജ്യത്തെ പള്ളി വാതിലുകൾ തുറക്കുമ്പോഴും അടച്ചാലും പൊലീസ് സംരക്ഷണമുണ്ടാവും.

കുടുംബങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്ന കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധയുണ്ട്. അതായിരിക്കണം നമ്മുടെ മുൻഗണന. ജനങ്ങൾക്ക് സഹായമുറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ക്രൈസ്റ്റ് ചർച്ച് ആശുപത്രി ക്കരികിൽ ഒരു കമ്മ്യൂണിറ്റി വെൽഫെയർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ( വിദേശത്തുള്ള കുടുംബാങ്ങൾക്ക് സംസ്കാരത്തിനു വരാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ചെലവുകൾ സർക്കാർ എടുക്കാനുമൊക്കെ ഏർപ്പാടുകളുണ്ടെന്ന് അവർ അറിയിക്കുന്നു)

......മി.സ്പീക്കർ നമ്മുടെ തോക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ മാറും. അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് തന്നെ ഇത് പ്രഖ്യാപിക്കും.

ന്യൂസിലൻഡിലെ മുസ്‍ലിം സമുദായത്തിനു നേരെ നടന്ന ഈ ഭീകരാക്രമണത്തിന്റെ കേന്ദ്ര ബിന്ദു ഒരാളാണ്. 28 വയസ്സുള്ള ആ ഓസ്ത്രേലിയക്കാരനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ഏറ്റവും കടുത്ത നിയമനടപടികൾ അയാൾക്ക് നേരിടേണ്ടി വരും. ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പായും കിട്ടും.

ആ ഭീകര പ്രവർത്തനത്തിലൂടെ അയാൾ പലതും ലക്ഷ്യം വെച്ചിട്ടുണ്ട്. അതിലൊന്ന് കുപ്രസിദ്ധിയാണ്. അത് കൊണ്ടാണ് ഞാനൊരിക്കലും അയാളുടെ പേരു പറയാത്തത്. ഭീകരനാണയാൾ, കുറ്റവാളിയാണ്. തീവ്രവാദിയും. ഞാൻ സംസാരിക്കുമ്പോൾ അയാൾ പേരില്ലാത്തവനായിരിക്കും. മറ്റുള്ളവരോടും ഞാനാവശ്യപ്പെടുന്നു നമുക്ക് നഷ്ടപ്പെട്ടവരുടെ പേരാണ് പറയേണ്ടത്. അവരെ കൊന്നയാളുടെ പേരല്ല.

...മി.സ്പീക്കർ, ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സഹാനുഭൂതിക്കും ഐക്യദാർഡ്യത്തിനും നമുക്ക് നന്ദിയുണ്ട്. നമ്മളോടൊപ്പം നിന്ന ആഗോള മുസ്‍ലിം സമൂഹത്തിനും നാം നന്ദി പറയുന്നു. അവരോടൊപ്പം നമ്മളും നിൽക്കുന്നു.

...ഹാതി മുഹമ്മദ് ദാവൂദ് നബി യെ പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 71 വയസ്സായ ആ മനുഷ്യനാണ് പള്ളിയുടെ വാതിൽ തുറന്ന് " ഹലോ ബ്രദർ, വെൽക്കം" എന്ന വാക്കുകൾ ഉച്ചരിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ മൊഴികളായിരുന്നു അത്. വാതിലിനു പിന്നിൽ മറഞ്ഞിരുന്ന 'വെറുപ്പി'നെ കുറിച്ച് അദ്ദേഹത്തിനു യാതൊരു ധാരണയുമുണ്ടായിട്ടുണ്ടാവില്ലെന്നുറപ്പ്. പക്ഷെ അദ്ദേഹത്തിന്റെ ആ സ്വാഗത മൊഴികൾ നമ്മളോടൊരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. തങ്ങളിൽ പെട്ടവരെ തുറന്ന മനസ്സോടെ, കരുതലോടെ സ്വാഗതം ചെയ്ത ഒരു വിശ്വാസ സംഹിതയിലെ അംഗമായിരുന്നു അദ്ദേഹം.

......നമ്മുടെ രാജ്യം എല്ലാവരേയും സ്വാഗതം ചെയ്ത് കൊണ്ട് വാതിൽ തുറന്നിട്ടിരിക്കുന്നു. വെറുപ്പും ഭയവും പകർത്തുന്നവർക്ക് നേരെ മാത്രമാണ് നാം വാതിൽ കൊട്ടിയടക്കുന്നത്.ഈ ദുഷ്കൃത്യം ചെയ്ത ആൾ ഇവിടുത്ത്കാരനായിരുന്നില്ല. അയാളിവിടെ വളർത്തപ്പെട്ടതുമല്ല. അയാളുടെ ചിന്താഗതികൾ ഇവിടുന്ന് കിട്ടിയതുമല്ല. ഇത്തരം ചിന്താഗതിക്കാർ ഇവിടെ ജീവിക്കുന്നില്ലെന്ന് പറയാനാകില്ലെങ്കിലും.

ഈ ഇരുണ്ട സന്ദർഭത്തിൽ സാധ്യമാകുന്ന എല്ലാ ആശ്വാസവും മുസ്‍ലിം സമൂഹത്തിനു നൽകണമെന്ന് നമ്മളാഗ്രഹിക്കുന്നു. അത് ചെയ്ത് കൊണ്ടിരിക്കുന്നു. പള്ളി വാതിലുകൾക്കാരികെ പൂക്കൾ കൂമ്പാരമായിരിക്കുന്നു. ഗെയ്റ്റിനപ്പുറത്ത് നിമിഷ ഗാനങ്ങൾ അലയടിക്കുന്നു. പൊട്ടിയൊഴുകുന്ന സ്നേഹത്തിന്റെയും സാന്ത്വന്തിന്റെയും പ്രകടനങ്ങളാണതൊക്കെ. പക്ഷെ ഇനിയുമൊരുപാട് ചെയ്യണമെന്നാണ് നമ്മളാഗ്രഹിക്കുന്നത്.

നമ്മുടെ സമൂഹത്തിലെ ഓരോരുത്തരും സുരക്ഷ അനുഭവിച്ചറിയണമെന്ന് നാമാഗ്രഹിക്കുന്നു.വംശീയതയെയും വെറുപ്പിനെയും കുറിച്ച ഭയത്തിൽ നിന്ന് മുക്തമായിരിക്കണമെന്നും.

....മുസ്‍ലിം സമൂഹം വെള്ളിയാഴ്ച പ്രാർഥനക്കായി വീണ്ടും ഒത്തുകൂടും. നമുക്കവരുടെ ദുഖത്തിൽ പങ്ക് ചേരാം. അവരെ പിന്തുണക്കാം. നമ്മളൊന്നാണ്. അവരെന്നാൽ നമ്മൾ തന്നെയാണ്.

അസ്സലാമു അലൈകും വറഹ്‍മത്തുല്ലാഹ്.

പ്രഭാഷണത്തിന്റെ പരിഭാഷക്ക് കടപ്പാട്: മുഹമ്മദ് നജീബ് കല്ലിടുക്കില്‍