LiveTV

Live

International

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നും ഫിലിപ്പീന്‍സിന്റെ പിന്മാറ്റം പൂര്‍ണ്ണമായി

എന്നാല്‍ ഐ.സി.സി നയപ്രകാരം പിന്‍മാറുന്നതിന് മുമ്പുണ്ടായിരുന്ന കേസുകള്‍ പരിഗണിക്കുന്നത് തുടരും. ഈ സാഹചര്യത്തില്‍ മയക്കുമരുന്നു മാഫിയക്കെതിരായ കേസ് കോടതിയില്‍ തുടരും.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നും ഫിലിപ്പീന്‍സിന്റെ പിന്മാറ്റം പൂര്‍ണ്ണമായി

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നും ഫിലിപ്പീന്‍സ് ഔദ്യോഗികമായി പിന്‍മാറി. ഒരു വര്‍ഷം മുമ്പാണ് ഐ.സി.സി(ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട്)യില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഫിലിപ്പീന്‍സ് പ്രഖ്യാപിച്ചത്. ബുറുണ്ടിക്ക് ശേഷം അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നും പിന്‍മാറുന്ന രണ്ടാമത്തെ രാജ്യമാണ് ഫിലിപ്പീന്‍സ്.

മയക്കുമരുന്ന് മാഫിയക്കെതിരായ പോരട്ടത്തിലെ കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഫിലിപ്പീന്‍സും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഇടഞ്ഞത്. 2016ലായിരുന്നു പ്രസിഡണ്ട് റോഡിഗ്രോ ഡട്രേറ്റ്‌സിന്റെ കുപ്രസിദ്ധമായ മയക്കുമരുന്നു മാഫിയക്കെതിരായ നടപടി. ഈ സംഭവത്തില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ
ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ

വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ഇതോടെ ഐ.സി.സി ഇടപെടുകയും തുടര്‍ന്ന് ഫിലിപ്പീന്‍സ് കഴിഞ്ഞ വര്‍ഷം പിന്‍മാറ്റം പ്രഖ്യാപിക്കുകയുമായിരുന്നു. 12 മാസത്തെ നടപടിക്രമങ്ങള്‍ അവസാനിച്ചതോടെയാണ് പിന്‍മാറ്റം പൂര്‍ണമായത്.

മാര്‍ച്ച് 17 ഞായറാഴ്ചയോടെ ഫിലിപ്പിന്‍സ് ഐ.സി.സിയില്‍ നിന്നും പുറത്തായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. എന്നാല്‍ ഐ.സി.സി നയപ്രകാരം പിന്‍മാറുന്നതിന് മുമ്പുണ്ടായിരുന്ന കേസുകള്‍ പരിഗണിക്കുന്നത് തുടരും. ഈ സാഹചര്യത്തില്‍ മയക്കുമരുന്നു മാഫിയക്കെതിരായ കേസ് കോടതിയില്‍ തുടരും.

എന്നാല്‍ ഫിലിപ്പീന്‍സ് ഒരിക്കലും ഐ.സി.സിയില്‍ പൂര്‍ണമായും അംഗത്വമെടുത്തിരുന്നില്ലെന്ന് പ്രസിഡണ്ടിന്റെ വക്താവ് സാല്‍വദോര്‍ പനേലോ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷക രാജ്യത്തെത്തിയാല്‍ നടപടിയുണ്ടാകും. നീതിന്യായ കോടതിയെന്നത് നിലവില്ലാത്ത ഒന്നാണെന്നും നടപടികള്‍ നിരര്‍ഥകമാണെന്നും അദ്ദേഹം പരിഹസിച്ചു.

നേരത്തെ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയും ഐ.സി.സിയില്‍ നിന്ന് പിന്‍മാറിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളോട് വിവേചനം കാണിക്കുന്നെന്നാരോപിച്ച് സാംബിയ, ദക്ഷിണാഫ്രിക്ക, കെനിയ, ഗാംബിയ എന്നീ രാജ്യങ്ങളും ഐ.സി.സിയില്‍ നിന്നുള്ള പിന്‍മാറ്റത്തിന്റെ പാതയിലാണ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഐ.സി.സി സംഘത്തിന് വിസ നിഷേധിക്കുമെന്ന് അമേരിക്ക വെള്ളിയാഴ്ച അറിയിച്ചിരുന്നു.