LiveTV

Live

International

ഫ്രാന്‍സിൽ സ്പോർട്സ് ഹിജാബുകൾ വിൽക്കാനുള്ള നീക്കത്തിൽ നിന്ന് ഡെക്കാത്തലോണ്‍ പിന്മാറി

ഫ്രാന്‍സിൽ തീരുമാനം നടപ്പാക്കാന്‍ നിശ്ചയിച്ച ദിവസങ്ങൾക്ക് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെയാണ് പെട്ടെന്നുള്ള തീരുമാനം

ഫ്രാന്‍സിൽ സ്പോർട്സ് ഹിജാബുകൾ വിൽക്കാനുള്ള നീക്കത്തിൽ നിന്ന് ഡെക്കാത്തലോണ്‍ പിന്മാറി

ഫ്രാന്‍സിൽ സ്പോർട്സ് ഹിജാബുകൾ വിൽക്കാനുള്ള നീക്കത്തിൽ നിന്ന് സ്പോർട്സ് വസ്തുക്കളുടെ വിൽപ്പന ശൃംഖലയായ ഡെക്കാത്തലോണ്‍ പിന്മാറി. മന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പിന്മാറ്റം.

സ്പോർട്സ് ഹിജാബ് വിപണിയിലെത്തിക്കാന്‍ ഡെക്കാത്തലോണ്‍ തീരുമാനിച്ചതിന് പിന്നാലെ വലിയ തോതിലുള്ള ഭീഷണിയും അവഹേളനവുമാണ് കമ്പനി നേരിട്ടത്. കമ്പനി ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ഡെക്കാത്തലോണ്‍ വക്താവ് സേവ്യർ റിവോവെ വ്യക്തമാക്കി.

പല വ്യക്തികൾക്കും ഹിജാബ് ആവശ്യമാണെന്നും അതിനാലാണ് ഇത് പുറത്തിറക്കുന്നതുമെന്നായിരുന്നു ആദ്യഘട്ടത്തിൽ ഡെക്കാത്തലോണിന്റെ പ്രതികരണം. എന്നാൽ ശക്തമായ എതിർപ്പുയർന്നതോടെ മുന്‍ തീരുമാനത്തിൽ നിന്ന് ഡെക്കാത്തലോണിന് പിന്‍മാറേണ്ടി വന്നു.

ഫ്രാന്‍സിൽ ഹിജാബ് വിൽക്കേണ്ടതില്ലെന്ന പുതിയ തീരുമാനം ആലോചിച്ചുറപ്പിച്ച ശേഷമുള്ളതാണെന്നും ഡെക്കാത്തലോണ്‍ പ്രതിനിധികൾ വ്യക്തമാക്കി. ഇതിന് മുമ്പ് മൊറോക്കോയിൽ സ്പോർട്സ് ഹിജാബുകൾ ഡെക്കാത്തലോണ്‍ വിപണിയിൽ എത്തിച്ചിരുന്നു. ഫ്രാന്‍സിൽ തീരുമാനം നടപ്പാക്കാന്‍ നിശ്ചയിച്ച ദിവസങ്ങൾക്ക് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെയാണ് പെട്ടെന്നുള്ള തീരുമാനം.