ട്രംപ് - കിം ജോങ് ഉന്‍ രണ്ടാം ഉച്ചകോടിക്ക് തുടക്കമായി
നാളെ ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തിയേക്കും.

ഡോണള്‍ഡ് ട്രംപ് കിം ജോങ് ഉന്‍ രണ്ടാം ഉച്ചകോടിക്ക് തുടക്കമായി. വിയറ്റ്നാമിലെ ഹാനോയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ മെട്രോപോള്‍ ഹോട്ടലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരസ്പരം കൈ കൊടുത്ത് അഭിവാദ്യം ചെയ്തു.
അത്താഴത്തിന് ശേഷം നേരത്തെ ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഇരുപത് മിനിറ്റ് നീളുന്ന സംഭാഷണം. നാളെയായിരിക്കും ദീര്‍ഘനേരം നീളുന്ന ചര്‍ച്ചകള്‍ നടക്കുക. അതിന്റെ അജണ്ട സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആണവ നിരായുധീകരണം സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തിയേക്കും. സിംഗപ്പൂരില്‍ നടന്ന ആദ്യ ഉച്ചകോടി വലിയ വിജയമായിരുന്നുവെന്നാണ് ട്രംപ് ഇന്ന് പറഞ്ഞത്.