LiveTV

Live

International

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി

വിചാരണ കഴിയും വരെ യമീനെ കസ്റ്റഡിയില്‍ വെക്കണമെന്ന് മാലദ്വീപ് കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീന് കോടതിയില്‍ തിരിച്ചടി. വിചാരണ കഴിയും വരെ യമീനെ കസ്റ്റഡിയില്‍ വെക്കണമെന്ന് മാലദ്വീപ് കോടതി ഉത്തരവിട്ടു. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുന്‍പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്.

മാലദ്വീപ് തലസ്ഥാനത്തെ ക്രിമിനല്‍ കോടതിയാണ് അബ്ദുല്ല യമീനെ കസ്റ്റഡിയില്‍ വെക്കാന്‍ ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം കള്ളപ്പണം വെളുപ്പിച്ച കേസിലെ അന്വേഷണം അവസാനിക്കും വരെ യമീന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരേണ്ടി വരും. മൊഴി മാറ്റിപ്പറയാന്‍ കേസിലെ സാക്ഷിക്ക് മുന്‍പ്രസിഡന്റ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അധികാരത്തിലിരിക്കെ കള്ളപ്പണം വെളുപ്പിച്ച് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി എന്നതാണ് അബ്ദുല്ല യമീനെതിരെയുള്ള കുറ്റം. ഒരു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തല്‍. 15 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. ഇതിനു മുമ്പും യമീനെതിരെ അഴിമതി ആരോപണമുണ്ടായിരുന്നു. 2013 - 2018 കാലത്ത് മാലദ്വീപ് പ്രസിഡന്റായിരുന്നു അബ്ദുല്ല യമീന്‍.