LiveTV

Live

International

ഇസ്രായേല്‍ മുന്‍ വിദേശകാര്യമന്ത്രി ലിവ്നി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ലിവ്നി പറഞ്ഞു.

ഇസ്രായേല്‍ മുന്‍ വിദേശകാര്യമന്ത്രി ലിവ്നി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു

ഇസ്രായേല്‍ മുന്‍ വിദേശകാര്യമന്ത്രി സിപി ലിവ്നി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ലിവ്നി പറഞ്ഞു. ഏപ്രിലില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പോടെയായിരിക്കും അവര്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക.

2006 മുതല്‍ 2009 വരെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള നേതാവാണ് 60 കാരിയായ സിപി ലിവ്നി. ഇസ്രായേലിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍‌. ഇന്നലെ തല്‍ അവീവിലെ ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ലിവ്നി പറഞ്ഞത്. എന്നാല്‍ സമാധാനത്തിനായുള്ള ഇസ്രായേലിന്റെ പ്രതീക്ഷകളെ തനിക്ക് കയ്യൊഴിയാനാവില്ലെന്നും അവര്‍ പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥയായി ലിവ്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയുമായി വര്‍ഷങ്ങളായി തുടര്‍ന്ന് വന്നിരുന്ന തര്‍‌ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിച്ചതിന് അന്താരാഷ്ട്രതലത്തില്‍ അവര്‍ അംഗീകരിക്കപ്പെട്ടു. വിദേശകാര്യ മന്ത്രിയായി മാത്രമല്ല മൊസാദ് ഇന്റലിജന്‍‌സ് ഏജന്‍സിയിലെ ജൂനിയര്‍ ഓഫീസറായും ലിവ്നി പ്രവര്‍ത്തിച്ചിട്ടുണ്ട്.