LiveTV

Live

International

ഫലസ്തീൻ ദുരന്തഭൂമിയിലെ ചില കണ്ണീർകാഴ്ചകൾ

മുഖ്യമായും യൂറോപ്യൻ ജൂതന്മാരടങ്ങുന്ന വിദേശികൾ കൈയേറിയ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ കുടിയേറിയ രാജ്യങ്ങളിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് അവർ ജീവിക്കുന്നു

ഫലസ്തീൻ ദുരന്തഭൂമിയിലെ ചില കണ്ണീർകാഴ്ചകൾ

ആമുഖം

1948ലെ നഖ്ബയിൽ ഫലസ്തീൻ നിവാസികൾ തങ്ങളുടെ വീടുകളും സ്വത്തുക്കളും സ്വന്തം ഇഷ്ടപ്രകാരം ഉപേക്ഷിച്ച് അഭയാർത്ഥികളാവുകയായിരുന്നു എന്ന് ഇസ്രയേലി നേതാക്കളും മാധ്യമങ്ങളും നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു അവകാശവാദമാണ്. ഏഴു ദശാബ്ദങ്ങളായി ലക്ഷക്കണക്കിന് ഫലസ്തീനികൾ അയൽരാജ്യങ്ങളിൽ കഴിയുന്നു. മുഖ്യമായും യൂറോപ്യൻ ജൂതന്മാരടങ്ങുന്ന വിദേശികൾ കൈയേറിയ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ കുടിയേറിയ രാജ്യങ്ങളിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് അവർ ജീവിക്കുന്നു.

സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ ശ്രമിച്ച ഫലസ്തീനികളെ ഇർഗുൻ, ലേഹി, ഹഗാന, പൽമാ തുടങ്ങിയ അർധസൈനിക വിഭാഗങ്ങൾ കൂട്ടത്തോടെ വെടിവെച്ചിട്ടു. നുഴഞ്ഞുകയറ്റക്കാരെ തടയുകയായിരുന്നുവെന്നാണ് ഇതിന് നൽകുന്ന വിശദീകരണം. അഭയാർത്ഥി ക്യാമ്പുകളിൽ ഉപയോഗിക്കാൻ വേണ്ടി തങ്ങളുടെ പഴയ വസ്തുക്കൾ എടുക്കാൻ വന്നവരെയും ബന്ധുക്കളെ കാണാൻ വന്നവരെയും ഇവർ വെറുതെ വിട്ടിട്ടില്ല. “ഇസ്രായേലിലെ അതിർത്തി യുദ്ധങ്ങൾ 1949 മുതൽ 1956 വരെ: അറബ് നുഴഞ്ഞുകയറ്റം, ഇസ്രായേലി പ്രതികരണം, സൂയേസ് യുദ്ധം” എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ കടക്കാൻ ശ്രമിച്ചവരിൽ 90 ശതമാനം പേരുടെയും കാരണങ്ങൾ സാമ്പത്തികമോ സാമൂഹികമോ ആയിരുന്നുവെന്ന് ഇസ്രായേലി ചരിത്രകാരനായ ബെന്നി മോറിസ് പറയുന്നുണ്ട്. 1949നും 1956നും ഇടയിൽ കൊല്ലപ്പെട്ടവരിൽ വലിയൊരു ശതമാനം നിരായുധരായിരുന്നു. 2,700 മുതൽ 5,000 പേർ വരെ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടാകുമായിരിക്കാം എന്നാണ് കണക്കുകൾ പറയുന്നത്.

തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കാൻ ഇസ്രായേലിനു മേൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം സൃഷ്ടിക്കാനുള്ള ഫലസ്തീനികളുടെ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. അമേരിക്ക ഇസ്രായേലിന് നൽകുന്ന പിന്തുണ മൂലം ഈ വിഷയത്തിനു മേലുള്ള എല്ലാ ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളും വെറും കടലാസിൽ അവശേഷിച്ചു. 2012ൽ അയൽരാജ്യങ്ങളിൽ നിന്നുള്ള ഫലസ്തീനികളും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആക്ടിവിസ്റ്റുകളും ചേർന്ന് ‘ജെറുസലേമിലേക്ക് ആഗോള മാർച്ച്’ സംഘടിപ്പിച്ചു. വെടിയുണ്ടകളാണ് അവരെ വരവേറ്റത്. നിരവധി പേരുടെ ജീവൻ രക്ഷപ്പെട്ടു. അറബ് വിപ്ലവം മൂലം ഈ മാർച്ചിൻറെ ആവേശം പിന്നീട് കെട്ടുപോയെങ്കിലും പ്രശ്നത്തിന് ഒരു വിധത്തിലും പരിഹാരമായില്ല.

2018ൽ പുതിയൊരു ശ്രമം നടന്നു- ദി ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേർൺ. വെസ്റ്റ് ബാങ്കിലും ഗാസയിലും അയൽരാജ്യങ്ങളിലും ഈ പ്രതിഷേധം സംഘടിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ഉപരോധത്തിലുള്ള ഗാസാ മുനമ്പിൽ മാത്രമാണ് പ്രതിഷേധം മുഴുവൻ ആവേശത്തോടെയും മുന്നോട്ടു പോയത്. പട്ടിണി മൂലമോ മരുന്നില്ലാത്തതു മൂലമോ ഫലസ്തീനിയൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഇസ്രായേലും വിചാരിക്കുന്നതു പോലെ ഹമാസിന്റെ “പൊട്ടിത്തെറികളി”ലോ മരണമടയുന്നതിന് പകരം തങ്ങൾക്ക് അവകാശപ്പെട്ട വീടുകളിലേക്ക് തിരിച്ചുപോവുകയോ അല്ലെങ്കിൽ അന്തസ്സോടെ മരണമടയുകയോ ചെയ്യാനുള്ള ഫലസ്തീൻ ജനങ്ങളുടെ തീരുമാനത്തിൽ നിന്നാണ് ഇങ്ങനെയൊരു പ്രതിഷേധം ഉടലെടുക്കുന്നത്.

റസാൻ അൽ നജ്ജാർ
റസാൻ അൽ നജ്ജാർ

ഒന്നാം കാഴ്ച: “ഞങ്ങൾ(സ്ത്രീകൾ)ക്ക് പുരുഷന്മാരേക്കാൾ കരുത്തുണ്ട്”

ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേർണിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് 21 വയസ്സുകാരിയായ റസാൻ അൽ നജ്ജാർ എന്ന നിരായുധയായ സന്നദ്ധസേവക ഇസ്രായേലി സ്നൈപറുകളുടെ വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധം റസാന്റെ വെള്ള കോട്ടിൽ രക്തം പടർന്നുപിടിച്ചു. ഫലസ്തീനികളായ പ്രതിഷേധക്കാരുടെ രക്തത്തിൻറെ സ്ഥാനത്ത് അന്നവരുടെ സ്വന്തം രക്തം വസ്ത്രത്തിനു മുകളിൽ പുരണ്ടു. കരുത്തേറിയ ഒരു വ്യക്തിത്വത്തിൻറെ ഉടമയായിരുന്ന റസാൻ തൻറെ ജനത അനുഭവിക്കുന്ന ദുരന്തങ്ങളെയോർത്ത് ഏറെ വിഷമിച്ചിരുന്നു. മുൻപ് നടന്ന പ്രതിഷേധങ്ങൾക്കിടെ രണ്ട് തവണ അവർക്ക് മുറിവേറ്റിരുന്നു. 2000ഓളം ഫലസ്തീനികൾക്ക് ജീവനും അതിലേറെ പേർക്ക് ജീവിതമാർഗവും നഷ്ടപ്പെട്ട 2014 യുദ്ധത്തിൽ റസാന്റെ പിതാവിന് അദ്ദേഹത്തിന്റെ കട നഷ്ടപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഇസ്രായേലി സ്നൈപറുകൾ റസാനെ കൊല്ലാൻ തീരുമാനിച്ചത്?

യാസർ മുർതസ
യാസർ മുർതസ

രണ്ടാം കാഴ്ച: “ഞാൻ യാസർ. ഞാൻ ജീവിതത്തിലിതു വരെ യാത്ര ചെയ്തിട്ടില്ല”

ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിന്റെ രണ്ടാം ദിവസം ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫറാണ് 30 വയസ്സുകാരനായ യാസർ മുർതസ. വലിയ അക്ഷരങ്ങളിൽ ‘പ്രെസ്’ എന്നെഴുതിയ നീല ജാക്കറ്റ് ധരിച്ചിട്ടും വെടിയുണ്ടകൾ അദ്ദേഹത്തെ ഒഴിവാക്കിയില്ല. “മറ്റുള്ളവരെക്കൂടി സന്തോഷിപ്പിക്കുന്ന ഒരു ചിരിയുണ്ടായിരുന്ന” യാസർ തൻറെ ജീവിതം ഗാസ നിവാസികളുടെ കഥകൾ പറയാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു. 13 വർഷങ്ങളായി ഇസ്രായേലി ഉപരോധത്തിൽ കഴിയുന്ന ഗാസയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യണമെന്ന് യാസർ ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ ആഗ്രഹം സഫലമായില്ല. കുട്ടികളെയും പൂച്ചകളെയും തൻറെ ജോലിയെയും അദ്ദേഹം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഭാര്യയും ഒരു കുഞ്ഞുമുണ്ടായിരുന്നു. തന്റെ ജീവിതത്തെയും ക്യാമറയെയും ജനിച്ച നാടിനെയും അദ്ദേഹം ഏറെ സ്നേഹിച്ചു.

മൂന്നാം കാഴ്ച: ഹിർബിയയിലേക്കുള്ള തിരിച്ചുപോക്ക്

2019ലെ ആദ്യത്തെ ഫലസ്തീനി കുരുതി 44 വയസ്സുകാരിയായ അമൽ മുസ്തഫ അൽ തരംസിയാണ്. ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ പ്രതിഷേധങ്ങൾക്കിടെ ഇസ്രായേലി കുടിയേറ്റ ശക്തികൾ അവരെ തലക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു. അതിർത്തി മതിലിൽ നിന്ന് 250 മീറ്റർ അകലെ നിൽക്കുമ്പോഴാണ് ഒരു ഇസ്രായേലി സ്നൈപർ അവരുടെ ജീവൻ കെടുത്തിയത്. തൻറെ മുൻഗാമികളുടെ നാടായ ഹിർബിയയിലേക്ക് തിരിച്ചുപോകുമെന്ന് അമൽ സ്വപ്നം കണ്ടിരുന്നു.

നാലാം കാഴ്ച: മുഖത്തിനേറ്റ പ്രഹരം

മാർച്ചിനിടെ ഇസ്രായേലി കുടിയേറ്റ ശക്തികൾ ഉതിർത്ത ഗ്യാസ് കാനിസ്റ്റർ 23 വയസ്സുകാരനായ ഹൈത്തം അബ്ദുൽ സബ്ലയുടെ മുഖത്തേറ്റു. കവിളിൽ കുടുങ്ങിയ ക്യാനിസ്റ്ററിലൂടെ പുക വമിക്കാൻ തുടങ്ങി. ഏത് പ്രേതസിനിമയെയും വെല്ലുന്ന വിധം ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. മൂന്ന് ദിവസം അദ്ദേഹം ഹോസ്പിറ്റലിൽ ജീവരക്ഷായന്ത്രത്തിൽ കഴിഞ്ഞു. “ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം കാണേണ്ടി വരുന്നത്. കാനിസ്റ്റർ മുഖത്തു നിന്നു മാറ്റാൻ തന്നെ 45 മിനുറ്റുകൾ വേണ്ടി വന്നു” എന്നാണ് അദ്ദേഹത്തിന് മേൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഹുസ്സം അൽ മജയ്ദ പറഞ്ഞത്. താടിക്കും മുഖത്തിനും ഒടിവുകൾ സംഭവിച്ചെങ്കിലും പല്ലിനും മൂക്കിനും മുറിവേറ്റെങ്കിലും ഹൈത്തം ഇന്നും ജീവനോടെയിരിക്കുന്നു.

പിന്‍കുറി

ഗാസ മുനൻപിനെ ഫലസ്തീന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന മതിലിനരികെ എല്ലാ വെള്ളിയാഴ്ചയും ആയിരക്കണക്കിന് ഫലസ്തീനികൾ ഒത്തുകൂടുകയും ആയുധങ്ങളില്ലാത്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇവരെ ഇസ്രായേൽ സൈന്യം ലക്ഷ്യം വെക്കുകയും ഏകദേശം 250 ആളുകളെ കൊല്ലുകയും 26,000 ആളുകളെ മുറിവേൽപ്പിക്കുകയും നൂറോളം ആളുകളുടെ ശരീരഭാഗങ്ങൾ നഷ്ടപ്പെടാൻ ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ എവിടെയും ഇസ്രായേലി സൈനികരുടെ ജീവന് പ്രതിഷേധക്കാർ ഒരു ഭീഷണിയായിരുന്നില്ല. ഇങ്ങനെ ലക്ഷ്യം വെക്കപ്പെട്ടവരുടെ കൂട്ടത്തിൽ 461 ശുശ്രൂഷകരും ഉണ്ടായിരുന്നു. അവരിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 42 പേർക്ക് മുറിവേൽക്കുകയും ചെയ്തു.