LiveTV

Live

International

‘ഞാനത് നിര്‍മ്മിക്കും’; മതിലിലുറച്ച് ട്രംപ്

ദേശ വ്യാപകമായി ടെലികാസ്റ്റ് ചെയ്ത പ്രസിഡന്റിന്റെ പ്രഭാഷണം, മതിൽ വിഷയത്തിലുൾപ്പടെയുള്ള ട്രംപിന്റെ നിലപാട് തുറന്നറിയിക്കാനുള്ള വേദിയായി മാറുകയായിരുന്നു

‘ഞാനത് നിര്‍മ്മിക്കും’; മതിലിലുറച്ച് ട്രംപ്

അനധികൃത കുടിയേറ്റം ഗൗരവതരമായ പ്രശ്നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീഷണി ചെറുക്കാൻ അതിർത്തിയിലെ മതിൽ പണിയാനുള്ള പദ്ധതിയിൽ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് സൂചിപ്പിച്ച ട്രംപ്, താനത് പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. യു.എസ് കോൺഗ്രസിന്റെ ജോയിന്റ് സെഷനിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ഇവിടെ കൂടിയിരിക്കുന്ന പലരും ഒരിക്കൽ മതിൽ പണിയുന്നതിന് അനുകൂലമായി വോട്ട് ചെയ്തവരാണ്. എന്നാൽ അത് പൂർത്തീകരിക്കുന്ന കാര്യം വന്നപ്പോൾ ആരും മുന്നോട്ട് വരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. മതിലിന് ഫണ്ട് അനുവദിക്കുന്നതിനായുള്ള ട്രംപിന്റെ ശ്രമത്തെ അമേരിക്കൻ പാർലമെന്റ് പരാജയപ്പെടുത്തിയതിന് ആഴ്ച്ചകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തന്റെ സ്വപ്ന പദ്ധതിക്കായി 5.7 ബില്യൺ ഡോളറാണ് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് ഉടക്ക് നിന്ന പാർലമെന്റിന്റെ നീക്കം, അമേരിക്കയിൽ 35 ദിവസം നീണ്ട ഭാഗികമായ ഭരണ സ്തംഭനത്തിനാണ് വഴിവെച്ചത്. ഇതിൽ പ്രസി‍ഡന്റിന് ഏറെ പഴി കേൾക്കേണ്ടി വരികയായിരുന്നു.

ദേശ വ്യാപകമായി ടെലികാസ്റ്റ് ചെയ്ത പ്രസിഡന്റിന്റെ പ്രഭാഷണം, മതിൽ വിഷയത്തിലുൾപ്പടെയുള്ള ട്രംപിന്റെ നിലപാട് തുറന്നറിയിക്കാനുള്ള വേദിയായി മാറുകയായിരുന്നു. തന്റെ പദ്ധതികൾക്ക് വിലങ്ങു തടിയായി നിൽക്കുന്ന ഡെമോക്രാറ്റുകൾ, അമേരിക്കൻ സാമ്പത്തിക വളർച്ചയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ അതിർത്തിയിൽ മതിൽ പണിയാനുള്ള പ്രസി‍‍ഡന്റിന്റെ നീക്കം ദുർവ്യയമാണെന്നും, യുക്തിക്ക് നിരക്കാത്തതാണെന്നും ഡെ‌‌മോക്രാറ്റുകൾ കുറ്റപ്പെടുത്തി.