LiveTV

Live

International

ഹക്കീം അല്‍ അറൈബിയുടെ മോചനം; ആസ്ട്രേലിയയുമായും ബഹ്റൈനുമായും ചര്‍ച്ച നടത്തുമെന്ന് തായ്‌ലന്‍ഡ്‌ സര്‍ക്കാര്‍ 

ആസ്ട്രേലിയയില്‍ അഭയാര്‍ത്ഥിയായ ബഹ്റൈന്‍ പൗരനാണ്‌ ഹക്കീം അല്‍ അറൈബി

ഹക്കീം അല്‍ അറൈബിയുടെ മോചനം; ആസ്ട്രേലിയയുമായും ബഹ്റൈനുമായും ചര്‍ച്ച നടത്തുമെന്ന് തായ്‌ലന്‍ഡ്‌  സര്‍ക്കാര്‍ 

തായ്‍ലന്‍ഡിലെ ജയിലില്‍ കഴിയുന്ന ഫുട്ബോള്‍ താരം ഹക്കീം അല്‍ അറൈബിയുടെ കാര്യത്തില്‍ ആസ്ട്രേലിയയുമായും ബഹ്റൈനുമായും ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് തായ്‍ലന്‍ഡ് സര്‍ക്കാര്‍. ആസ്ട്രേലിയയില്‍ അഭയാര്‍ത്ഥിയായ ബഹ്റൈന്‍ പൗരനാണ്‌ ഹക്കീം അല്‍ അറബി. ആസ്ട്രേലിയയേയും ബഹ്റൈനേയും വിശ്വാസത്തിലെടുത്തെ ഹക്കീം അല്‍ അറൈബിയുടെ വിഷയത്തില്‍ തായ്ലന്‍ഡ് നിലപാടെടുക്കൂ എന്ന് പ്രധാനമന്ത്രി പ്രായുത് ചാന്‍ ഓച്ച പറഞ്ഞു.

ബഹ്റൈന്‍ സ്വദേശിയായിരുന്ന ഹക്കീം അല്‍ അറൈബിക്കെതിരെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന കേസില്‍ ബഹ്റൈനില്‍ കുറ്റം ചുമത്തിയിരുന്നു. 10 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട ഹക്കീം ആസ്ട്രേലിയയിലേക്ക് നാടുവിട്ടു. ആസ്ട്രേലിയ അഭയം നല്‍കിയ ഹക്കീം അവിടുത്തെ ദേശീയ ഫുട്ബോള്‍ ടീമില്‍ ഇടം നേടി. അതിനിടെ കഴിഞ്ഞ ദിവസം തായ്‍ലന്‍ഡിലെത്തിയ ഹക്കീമിനെ തായ്‍ലന്‍ഡ് സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈനും തായ്ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഹക്കീമിനെ കൈമാറണമെന്നാണ് ബഹ്റൈന്റെ വാദം.

എന്നാല്‍ ആസ്ട്രേലിയയില്‍ അഭയാര്‍ത്ഥി പരിഗണനയുള്ള ഒരാള്‍ക്ക് സുരക്ഷ നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് ആസ്ട്രേലിയയും വാദിക്കുന്നു. ബഹ്റൈനിലേക്ക് അയച്ചാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയപ്പെടുന്നതായി ഹക്കീം നേരത്തെ പറഞ്ഞിരുന്നു. ഒപ്പം ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളും ഹക്കീമിന്റെ മോചനത്തിനായി പ്രചാരണം നടത്തുന്നുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന ആലോചനയിലാണ് തായ്‍ലന്‍ഡ് സര്‍ക്കാര്‍.