ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇസ്രായേല്‍ മറുപടി പറയേണ്ടി വരുമെന്ന് ഇറാന്
സിറിയയിലെ ഇറാനികളെ ആക്രമിക്കുമെന്നും അവരെ അവിടെ നിന്ന് പുറത്താക്കുമെന്നുമായിരുന്നു കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്.

തങ്ങളുടെ പൌരന്മാരെ ലക്ഷ്യം വെച്ച് സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്. ഇനിയും ആക്രമണം തുടര്‍ന്നാല്‍ മറുപടി പറയേണ്ടി വരുമെന്ന് ഇറാന് വ്യക്തമാക്കി. ദ്രോഹികളായ ഇസ്രായേല്‍ ഭരണാധികാരികളെ പാഠം പഠിപ്പിക്കണമെന്നും ഇറാന് പ്രതികരിച്ചു.
തെഹ്റാനില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് അല്‍ മുഅല്ലിമും ഇറാന് ദേശീയ സുരക്ഷാ കൌണ്‍സിലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സിറിയയിലെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഇസ്രായേലിന് മുന്നറിയിപ്പും നല്‍കിക്കൊണ്ട് ഇറാന് രംഗത്തുവന്നത്. ഇറാനെ വലിയ സുരക്ഷാ പ്രശ്നമായാണ് ഇസ്രായേല്‍ കാണുന്നതെന്ന് ഇറാന് ദേശീയ സുരക്ഷാ കൌണ്‍സില്‍ പ്രതിനിധി അലി ഷംഖനി വിമര്‍ശിച്ചു.
ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇസ്രായേല്‍ മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം താക്കീത് നല്കി. തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നതെന്നും വിമര്‍ശനമുയര്‍ന്നു, അതിരുവിട്ടുള്ള സിറിയയുടെ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഇസ്രായേലിനെ പാഠം പഠിപ്പിക്കണമെന്നും അതിനായി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അലി ഷംഖനി പറഞ്ഞു.
എന്നാല്‍ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്നോട്ട് പോകാനുള്ള സാധ്യത കുറവാണ്. സിറിയയിലെ ഇറാനികളെ ആക്രമിക്കുമെന്നും അവരെ അവിടെ നിന്ന് പുറത്താക്കുമെന്നുമായിരുന്നു കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്. എന്തായാലും ഏപ്രിലില്‍ ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ അവരുടെ വ്യോമ സേനയെ കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്.