LiveTV

Live

International

പേരിലെ ‘ട്രംപ്’ പരിഹാസ കഥാപാത്രമാക്കി; ഒടുവില്‍ വെെറ്റ് ഹൗസിലേക്ക് ക്ഷണം

കുത്തു വാക്കുകൾക്കിടെ പേര് മാറ്റാൻ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്

പേരിലെ ‘ട്രംപ്’ പരിഹാസ കഥാപാത്രമാക്കി; ഒടുവില്‍ വെെറ്റ് ഹൗസിലേക്ക് ക്ഷണം

ജോഷ്വാ ട്രംപ് എന്ന പതിനൊന്ന് വയസ്സുകാരന് തന്നോട് തന്നെ വെറുപ്പായിരുന്നു. കാരണം മറ്റൊന്നുമല്ല, പേരിലെ ‘ട്രംപ്’ എന്ന ഭാഗം അവനെ സ്കൂളിലും കൂട്ടുകാർക്കിടയിലും പരിഹാസ കഥാപാത്രമാക്കി. പരിഹാസം രൂക്ഷമായപ്പോൽ സ്കൂൾ വിടാൻ തന്നെ ജോഷ്വാ ട്രംപ് തീരുമാനിച്ചു. ഇങ്ങനെ ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയ ജോഷ്വാക്ക് ഒടുവിൽ വെെറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.

പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായും അവർ പറഞ്ഞു. കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്കൂൾ ആധികൃതർ അധ്യാപകർക്ക് നിർദ്ദേശം നൽകുകയുണ്ടായി. കുത്തു വാക്കുകൾക്കിടെ പേര് മാറ്റാൻ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്. എന്നാൽ വിവരമറിഞ്ഞ ചില സന്നദ്ധ സംഘടനകൾ വിഷയത്തിൽ ഇടപെടുകയും, ആന്റി ബുള്ളിയിംഗിന്റെ മുഖമായി കുട്ടിയെ അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ജോഷ്വായുടെ കാര്യമറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് ആണ് കുട്ടിയെ വെെറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. പ്രസി‍ഡന്റിന്റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവായാണ് ജോഷ്വാ പങ്കെടുക്കുക. മാനസിക പീഡനങ്ങൾക്കും, ആക്രമണങ്ങൾക്കുമെതിരായ ബോധവത്കരണത്തിന് ഈ നടപടി ഉപകരിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ‌ ചൂണ്ടിക്കാട്ടി.

എന്നാൽ ജോഷ്വാ ട്രംപിന്റെ ദയനീയതക്ക് ഒരർഥത്തിൽ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. പ്രസിഡന്റിന്റെ അപക്വമായ ഇടപെടലുകളും മാധ്യമങ്ങളോടുൾപ്പടെ കാണിക്കുന്ന എടുത്തുച്ചാട്ടവും വരുത്തി വെച്ച മോശം പ്രതിച്ഛായ ആണ് ജോഷ്വാ ട്രംപിന്റെ ദുർഗതിക്ക് കാരണമെന്നും, ഇത് കുട്ടിയിൽ അപകർ‌ഷതാ ബോധം വളർത്തിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.