LiveTV

Live

International

കുടിയേറ്റക്കാര്‍ക്കായി പരിശോധന കർശനമാക്കി ഇക്വഡോര്‍; വെനസ്വേലിയൻ പൗരന്‍മാര്‍ മടങ്ങിത്തുടങ്ങി

ഇക്വഡോറില്‍ അഭയാര്‍ഥിയായിരുന്ന വെനസ്വേലന്‍ പൌരന്‍, സ്വദേശി യുവതിയെ കെലപ്പെടുത്തിയതോടെയാണ് ഇക്വഡോര്‍ വെനസ്വേലന്‍ കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് കടുപ്പിച്ചത്.

കുടിയേറ്റക്കാര്‍ക്കായി പരിശോധന കർശനമാക്കി ഇക്വഡോര്‍; വെനസ്വേലിയൻ പൗരന്‍മാര്‍ മടങ്ങിത്തുടങ്ങി

വെനസ്വേലിയൻ കുടിയേറ്റക്കാര്‍ക്കായി ഇക്വഡോര്‍ പരിശോധന കർശനമാക്കിയതോടെ രാജ്യത്തു നിന്ന് വെനസ്വേലിയൻ പൌരന്മാര്‍ മടങ്ങിത്തുടങ്ങി. നാലു ബസുകളിലായി നൂറ്റി അന്‍പതോളം ആളുകളാണ് ഇന്നലെ മടങ്ങിയത്.

ഇക്വഡോറില്‍ അഭയാര്‍ഥിയായിരുന്ന വെനസ്വേലന്‍ പൌരന്‍, സ്വദേശി യുവതിയെ കെലപ്പെടുത്തിയതോടെയാണ് ഇക്വഡോര്‍ വെനസ്വേലന്‍ കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് കടുപ്പിച്ചത്. ഇന്നലെ മാത്രം നൂറ്റി അന്‍പത് പേര്‍ മടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വിമാനമാര്‍ഗം കയറ്റിവിട്ട അഭയാര്‍ഥികള്‍ക്കു പുറമെയാണ് ഇന്നലെ ബസിലും ആളുകളെ പുറത്തെത്തിച്ചത്. അതേസമയം അഭയാര്‍ഥികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഇക്വഡോര്‍ സര്‍ക്കാറിന്റെ വിശദീകരണം.

രാജ്യത്ത് എത്തുന്ന വെനസ്വേലന്‍ കുടിയേറ്റക്കാരുടെ നിയമ സാധുത പരിശോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ഇക്വഡോര്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇക്വഡോറിലേക്കുള്ള പ്രവേശനാനുമതിയും കൂടുതല്‍ സങ്കീര്‍ണമാകും. കഴിഞ്ഞ വര്‍ഷം കൊളംബിയ വഴി 1.3 മില്യണ്‍ ആളുകള്‍ രാജ്യത്തെത്തിയതായാണ് ഇക്വഡോര്‍ സര്‍ക്കാറിന്‍റെ കണക്ക്.

വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണവും മരുന്നുമടക്കം അവശ്യ വസ്തുക്കള്‍ക്ക് പ്രയാസം നേരിട്ടവരാണ് പാലായനം ചെയ്യുന്നത്. ഇക്വഡോറില്‍ കയറാന്‍ വെനസ്വേലക്കാര്‍ പാസ്‍പോര്‍ട്ട് ഹാജരാക്കണം എന്ന നിയമ ഭേദഗതി കഴിഞ്ഞ വര്‍ഷം നിലവില്‍ വന്നിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.