വെനസ്വലേയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ നിക്കോളാസ് മദുറോയുടെ ആഹ്വാനം

വെനിസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിപക്ഷനേതാവ് യുവാന്‍ ഗെയ്ദോക്ക് പിന്തുണയുമായി വ്യോമസേനാ ജനറല്‍ രംഗത്തെത്തി. അതിനിടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ രാജിയാവശ്യപ്പെട്ട് രാജ്യമെങ്ങും ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്.
ഉയര്‍ന്ന റാങ്കിലുള്ള വ്യോമസേനാ ജനറല്‍ ഫ്രാന്‍കിസ്കോ റോഡ്രിഗസ് ആണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സൈന്യത്തിലെ 90 ശതമാനം പേരും നിക്കോളാസ് മദൂറോയുടെ ഏകാധിപത്യ ഭരണത്തിനെതിരാണെന്ന് ഫ്രാന്‍കിസ്കോ അവകാശപ്പെടുന്നു. ജനങ്ങളുടെ സമരത്തെ ഇനിയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നിരവധി പേര് മരിച്ചുവീഴുമെന്നും അദ്ദേഹം പറയുന്നു. സൈന്യത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ആദ്യമായാണ് പ്രതിപക്ഷ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്.
അമേരിക്കന്‍ പിന്തുണയോടെ നിക്കോളാസ് മദൂറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കെയാണ് പ്രതിപക്ഷനേതാവിന് പിന്തുണയുമായി ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന് തന്നെ രംഗത്തെത്തിയത്. അതിനിടെ പ്രസിഡന്റ് അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സ്വാതന്ത്യം കിട്ടും വരെ സമരം തുടരണമെന്ന് തലസ്ഥാനമായ കരാക്കസില്‍ നടന്ന സമ്മേളനത്തില്‍ ഗെയ്ദോ ആഹ്വാനം ചെയ്തു. കഴിഞ്ഞ മാസം 23നാണ് പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സ്വയം അവരോധിതനായത്.
അതേസമയം സര്‍ക്കാരിനനുകൂലമായി രാജ്യത്ത് നടക്കുന്ന പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ കാണുന്നില്ലെന്ന് പ്രസിഡന്റ് നിക്കോളാസ് മദൂറോ കുറ്റപ്പെടുത്തി.