LiveTV

Live

International

ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍  

ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍  

ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു. സമരം തുടങ്ങി 12 ആഴ്ച പൂര്‍ത്തിയായ ഇന്നലെയും ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. സമരക്കാര്‍ക്കു നേരെയുള്ള‍ പൊലീസിന്റെ ടിയര്‍ ഗ്യാസ്, ഫ്ലാഷ് ബോള്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഫ്രഞ്ച് പ്രസിഡ‍ന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിന്റെ തെരുവുകളില്‍ പ്രതിഷേധിച്ചത്. സമരം ശക്തമായതോടെ ഇത്തവണയും പൊലീസ് ടിയര്‍ ഗ്യാലും ഫ്ലാഷ് ബോളും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ചകളിലും പൊലീസ് ഇതേ രീതിയില്‍ സമരക്കാരെനേരിട്ടത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തലസ്ഥാനമായ പാരീസില്‍ മാത്രം 14000 ത്തോളം പേരാണ് മാക്രോണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പരിക്കേറ്റവര്‍ക്ക് സമരക്കാര്‍ ആദരമര്‍പ്പിച്ചു. പന്ത്രണ്ടാഴ്ചയായി നടക്കുന്ന സമരത്തിനിടയില്‍ ഇതുവരെ 1700 പ്രക്ഷോഭകര്‍ക്കും 1000ത്തിലേറെ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവില വര്‍ധനവിനെതിരെ നവംബര്‍ 17 ന് തുടങ്ങിയ പ്രതിഷേധം പിന്നീട് പ്രസിഡന്റിന്റെ രാജി എന്ന ആവശ്യത്തിലേക്കെത്തുകയായിരുന്നു. അതേസമയം പ്രസിഡന്റിന്റെ ജനപ്രീതി കൂട്ടാന്‍ നടത്തുന്ന ടൌണ്‍ ഹാള്‍ ഡിബേറ്റുകള്‍ മാക്രോണിനുള്ള ജനപിന്തുണ കൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.