വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രതിഷേധക്കാര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍
പ്രസിഡന്റ് നിക്കോളാസ് മദൂറോക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജുവാന്‍ ഗയ്ഡോക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്താന്‍ വെനസ്വേലന്‍ ചീഫ് പ്രോസിക്യൂട്ടര്‍ സുപ്രീം കോടതിക്ക് നിര്‍ദേശം നല്കി.

വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. പ്രസിഡന്റ് നിക്കോളാസ് മദൂറോക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജുവാന്‍ ഗയ്ഡോക്ക് സഞ്ചാര വിലക്കേര്‍പ്പെടുത്താന്‍ വെനസ്വേലന്‍ ചീഫ് പ്രോസിക്യൂട്ടര്‍ സുപ്രീം കോടതിക്ക് നിര്‍ദേശം നല്കി.
ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് ജുവാന്‍ ഗയ്ഡോക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിലൂടെ പ്രതിഷേധം തണുപ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ജുവാന്‍ ഗയ്ഡോയുടെ നീക്കം തടയുകയാണ് മദൂറോയുടെയും കൂട്ടരുടെയും ലക്ഷ്യം.
ജുവാന്‍ ഗയ്ഡോക്കെതിരെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുകയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയുമാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ വെനസ്വേലന്‍ ചീഫ് പ്രോസിക്യൂട്ടര്‍ സുപ്രീം കോടതിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ ഭയക്കുന്നില്ലെന്നായിരുന്നു ജുവാന്‍ ഗയ്ഡോയുടെ പ്രതികരണം. ജുവാന്‍ ഗയ്ഡോക്കെതിരെ ഏതെങ്കിലും തരത്തിലുമുള്ള നീക്കമുണ്ടായാല്‍ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണിന്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് വെനസ്വേലന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.
വെനസ്വേലയില്‍ അധികാര കൈമാറ്റം ആവശ്യപ്പെടുന്ന അമേരിക്ക വെനസ്വേലക്ക് മേല്‍ എണ്ണ ഇറക്കുമതിയിലും ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചക്കകം മദൂറോ രാജി വെച്ച് ജുവാന്‍ ഗയ്ഡോയെ പ്രസിഡന്റായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയടക്കമുള്ള 21 രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ വെനസ്വേലയിലെ എണ്ണയും സ്വര്‍ണവുമടക്കമുള്ള സമ്പത്തില്‍ കണ്ണുവെച്ചാണ് അമേരിക്കന്‍ നീക്കമെന്നാണ് മദൂറോ സര്‍ക്കാരിന്റെ നിലപാട്.