LiveTV

Live

International

“കയറിയാൽ പുറത്തിറങ്ങാത്ത” ക്യാമ്പുകൾ; ഇസ്‍ലാമിനെ തുടച്ചുനീക്കാനുറച്ച് ചൈന

ഭീമമായ സാമ്പത്തിക ഭാരം ചുമക്കേണ്ടി വന്നിട്ടും രാജ്യത്ത് നിന്ന് മുസ്‍ലിം സംസ്കാരത്തെ തുടച്ചുനീക്കാനുള്ള മനുഷ്യത്വരഹിത പദ്ധതിയിൽ ഉറച്ചുനിൽക്കുകയാണ് ചൈനീസ് സർക്കാർ

“കയറിയാൽ പുറത്തിറങ്ങാത്ത” ക്യാമ്പുകൾ; ഇസ്‍ലാമിനെ തുടച്ചുനീക്കാനുറച്ച് ചൈന

ചൈനയിലെ ലുവോപു പ്രവിശ്യയിലെ തൊഴിൽ പരിശീലന കേന്ദ്രം വിശാലമായ കൃഷിയിടങ്ങൾക്കു നടുവിൽ പൊടുന്നനെ ഉയർന്നു വരുന്ന ഒരു കൂറ്റൻ കെട്ടിടമാണ്. കൂർത്ത വയറുകളും നിരീക്ഷണ ക്യാമറകളും മുഴുനീളം കാണാൻ സാധിക്കുന്ന കെട്ടിടത്തിൻറെ ഉയരമുള്ള വെള്ള മതിലിനു പുറത്തു ഒരു പോലീസ് വാഹനം നിരന്തരം റോന്തു ചുറ്റിക്കൊണ്ടിരിക്കുന്നു. കെട്ടിടത്തിനു പുറത്ത് നിരവധി കാവൽക്കാർ നിരന്നുനിൽക്കുന്നു. 1,70,000 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ നിലകൊള്ളുന്ന ഈ കേന്ദ്രം ചുറ്റുമുള്ള പല ഗ്രാമങ്ങളേക്കാളും വലുതാണ്. ‘വംശീയ ഐക്യം കാത്തുരക്ഷിക്കുക’ എന്ന് അകത്തെ ഒരു കെട്ടിടത്തിനു പുറത്തു എഴുതിവെച്ചിരിക്കുന്നത് കാണാം.

കെട്ടിടത്തിലേക്ക് സൂക്ഷിച്ചു നോക്കി കുറച്ചു പേർ പുറത്തു നിൽക്കുന്നുണ്ട്. എന്നാൽ അകത്ത് എന്താണെന്നോ തങ്ങൾ അവിടെ എന്തിനു വേണ്ടി നിൽക്കുന്നെന്നോ പറയാൻ ആരും ധൈര്യപ്പെടുന്നില്ല. അതിലൊരു സ്ത്രീ തന്റെ സഹോദരനെ കാണാൻ വന്നതാണ് എന്നതിനപ്പുറം ഒന്നും പറയുന്നില്ല. സഹോദരന്മാരോടൊപ്പം അച്ഛനെ കാണാൻ വന്നതാണെന്ന് കൂട്ടത്തിൽ ഒരു ചെറിയ പെൺകുട്ടി പറയാൻ ആരംഭിച്ചെങ്കിലും അവരുടെ അമ്മ അവളെ നിശബ്ദയാക്കി.

തുറന്നു സംസാരിക്കാനുള്ള അവരുടെ ഭയം മനസ്സിലാക്കാവുന്നതാണ്. ഈ കേന്ദ്രം ഔദ്യോഗികമായ തടവറയോ സർവകലാശാലയോ ഒന്നുമല്ല. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‍ലിംകളെ, പ്രത്യേകിച്ച് ഉയിഗൂർ വിഭാഗത്തിൽ പെട്ടവരെ, അവരുടെ സമ്മതമില്ലാതെ കൊണ്ടുപോയി തടവിലാക്കുന്ന ഒരു ക്യാമ്പാണത്. വിചാരണയില്ലാതെ മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം, ഇങ്ങനെ നിരവധി പേർ ഈ ക്യാമ്പിൽ കഴിയുന്നുണ്ട്.

ചൈനീസ് സര്‍ക്കാര്‍ സിങ്ജിയാങില്‍ പ്രദേശിക സുരക്ഷക്ക് ചെലവഴിക്കുന്ന തുക ഇരട്ടിയാക്കിയപ്പോള്‍ ഹോതാനിലേത് മൂന്നിരട്ടിയാണ്‌ 
ചൈനീസ് സര്‍ക്കാര്‍ സിങ്ജിയാങില്‍ പ്രദേശിക സുരക്ഷക്ക് ചെലവഴിക്കുന്ന തുക ഇരട്ടിയാക്കിയപ്പോള്‍ ഹോതാനിലേത് മൂന്നിരട്ടിയാണ്‌ 

ചൈനയിലെ ഇസ്‍ലാമിന്റെ സാന്നിധ്യം തുടച്ചുനീക്കാനുള്ള സർക്കാർ നീക്കങ്ങളിൽ നല്ലൊരു ഭാഗവും അരങ്ങേറുന്നത് ലുവോപു പ്രവിശ്യ സ്ഥിതി ചെയ്യുന്ന ദക്ഷിണ ശിൻചിയാങിലാണ്. ഉയിഗൂർ മുസ്‍ലിംകൾ കൂടുതലായി താമസിക്കുന്ന ഭാഗമായതിനാലും രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്ന് ദൂരെയായതിനാലുമാണ് ഈ ഭാഗം തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഗവേഷകരും പ്രദേശവാസികളും അവകാശപ്പെടുന്നത്. ‘ലുവോപുവിലെ ക്യാമ്പിൽ പ്രവേശിക്കുന്നവർ പിന്നെ പുറത്തുവരില്ല’ എന്ന് പ്രദേശവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.

ഉയിഗർ, കസാഖ്, ഹുയി വിഭാഗങ്ങളിൽ നിന്നടക്കമുള്ള ഏകദേശം 10 ലക്ഷത്തിൽ കൂടുതൽ മുസ്‍ലിംകൾ ഇങ്ങനെ ക്യാമ്പുകളിൽ തടഞ്ഞുവെക്കപ്പെട്ടതിനെക്കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പുകൾ സന്ദർശിക്കാൻ ഐക്യരാഷ്ട്ര സഭ ചൈനീസ് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

ഈ ക്യാമ്പുകൾ അപകടകാരികളല്ലെന്നും 1990കളിലും 2000കളിലും പല തവണ ആക്രമണങ്ങൾ അരങ്ങേറിയ ശിൻചിയാങ് പ്രവിശ്യ ഇപ്പോൾ സർക്കാർ ഇടപെടലുകൾ മൂലം സമാധാനപൂർണമാണെന്നുമാണ് ചൈനീസ് സർക്കാർ വാദിക്കുന്നത്. എന്നാൽ ലുവോപുവിലെയും മറ്റു ഭാഗങ്ങളിലെയും യാഥാർത്ഥ്യം മറ്റൊന്നാണ്. പ്രദേശവാസികളുമായി നടത്തിയ അഭിമുഖങ്ങളും പൊതുരേഖകളും ഇവിടെ തുടർന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. അധികൃതർ ക്യാമ്പുകളും നിരീക്ഷണസംവിധാനങ്ങളും വികസിപ്പിക്കുകയും പ്രദേശവാസികളെ ബലവും ഭീഷണിയും സാമ്പത്തിക പ്രേരണകളുമുപയോഗിച്ച് പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യുന്നുണ്ട്.

‘തൊഴിൽ പരിശീലന കേന്ദ്ര’ത്തിന്റെ മുന്‍വശം
‘തൊഴിൽ പരിശീലന കേന്ദ്ര’ത്തിന്റെ മുന്‍വശം

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 കെട്ടിടങ്ങളെക്കൂടി ലുവോപിലെ തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് ചേർത്തതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു. മൂന്നു ലക്ഷത്തിൽ താഴെയുള്ള നേരിയ ജനസംഖ്യ മാത്രമുള്ള ലുവോപിൽ ഇങ്ങനെ തൊഴിൽ പരിശീലന കേന്ദ്രങ്ങളെന്ന പേരിൽ എട്ട് ക്യാമ്പുകളുണ്ട്. ലുവോപിലെ പ്രായപൂർത്തിയാവരിൽ ഏഴു ശതമാനം ആളുകളും അല്ലെങ്കിൽ പുരുഷജനസംഖ്യയുടെ 11 ശതമാനവും ഇങ്ങനെ ‘വിദ്യാർത്ഥികളാ’യി പേരു ചാർത്തപ്പെട്ട് തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്.

ഉയിഗൂർ മുസ്‍ലിംകൾ കൂടുതലായി താമസിക്കുന്ന ഭാഗമായതിനാലും രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്ന് ദൂരെയായതിനാലുമാണ് ഈ ഭാഗം തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഗവേഷകരും പ്രദേശവാസികളും അവകാശപ്പെടുന്നത്. ‘ലുവോപുവിലെ ക്യാമ്പിൽ പ്രവേശിക്കുന്നവർ പിന്നെ പുറത്തുവരില്ല’ എന്ന് പ്രദേശവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.

ഇങ്ങനെ “സമാധാനം നിലനിർത്താൻ” വേണ്ടി 30 കോടി യാൻ അഥവാ നാല് കോടി ഡോളർ ചെലവാക്കാനാണ് ഇവിടുത്തെ പ്രാദേശിക സർക്കാർ പദ്ധതിയിടുന്നത്. പള്ളികൾ നിരീക്ഷിക്കാനും പലയിടങ്ങളിലായി ആറായിരത്തോളും പോലീസുകാരെ നിയമിക്കാനും വീടുകളുള്ള ഭാഗങ്ങൾ നിരന്തരം നിരീക്ഷിക്കാനും വേണ്ട പണം ഇതിൽ നിന്നാണ് വരുന്നത്. എത്ര ഭീമമായ തുക ചെലവാക്കിയും മുസ്‍ലിം സംസ്കാരത്തെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാർ പ്രതിബദ്ധരാണെന്ന് ഈ കണക്കുകളിൽ നിന്ന് ബോധ്യപ്പെടും.

ഇസ്‍ലാമിനെതിരെയുള്ള ഈ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ചൈനയുടെ ആഭ്യന്തര സുരക്ഷാ ചെലവ് 2016ന് ശേഷമുള്ള കാലയളവിൽ രണ്ടിരട്ടി വർദ്ധിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള ഭാഗങ്ങളിലെ ക്യാമ്പുകൾക്ക് വേണ്ടി മുൻകാലങ്ങളേക്കാള്‍ നാലിരട്ടിയോളം പണം സർക്കാർ ഇപ്പോൾ ചെലവിടുന്നുണ്ടെന്ന് ചൈനയുടെ വംശീയ നയങ്ങളെക്കുറിച്ച് പഠിക്കുന്ന അഡ്രിയാൻ സെൻസ് എന്ന ഗവേഷകൻ ചൂണ്ടിക്കാണിക്കുന്നു. നീക്കിവെച്ച ബഡ്ജറ്റിന്റെ 300 ശതമാനം കൂടുതൽ സംഖ്യയാണ് 2017ൽ ചെലവഴിച്ചത്.

എന്നിട്ടും പദ്ധതിയെ കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 2016നു ശേഷം ശിൻചിയാങിലെ ക്യാമ്പുകളുടെ വലുപ്പത്തിൽ ഏതാണ്ട് 465 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. 2,700ഓളം പുതിയ ഉദ്യോഗസ്ഥരാണ് ഈ പ്രവിശ്യയിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. 12,000 തടവുകാരെ നിരീക്ഷിക്കാൻ 2,000ഓളം ജോലിക്കാരും പോലീസുദ്യോഗസ്ഥരുമാണ് നിലവിലുള്ളത്.

പരിസരവാസികളെ ‘ബോധവത്കരിക്കാ’നും അധികൃതർ പണമൊഴുക്കുന്നുണ്ട്. വൻ തുക കൊടുത്ത് പള്ളി ഇമാമുകളും മറ്റു മതനേതാക്കളുമടങ്ങുന്ന ‘ദേശസ്നേഹികളായ മതവിശ്വാസികളെ’ ഇവർ ജോലിക്ക് വെച്ചിട്ടുണ്ട്. സർക്കാരിതര ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന ഹജ്ജ്-ഉംറാ യാത്രകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ് ഇവരുടെ ജോലി. ഇതേ ലക്ഷ്യത്തോടു കൂടി ഉയിഗൂർ സമുദായത്തിൽ നിന്നു തന്നെയുള്ള അസിസ്റ്റൻറ് പോലീസുദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. നഗരങ്ങളിൽ പോലീസുദ്യോഗസ്ഥർ നേടുന്നത്രയും ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത്.

പരിസരവാസികളെ ‘ബോധവത്കരിക്കാ’നും അധികൃതർ പണമൊഴുക്കുന്നുണ്ട്. വൻ തുക കൊടുത്ത് പള്ളി ഇമാമുകളും മറ്റു മതനേതാക്കളുമടങ്ങുന്ന ‘ദേശസ്നേഹികളായ മതവിശ്വാസികളെ’ ഇവർ ജോലിക്ക് വെച്ചിട്ടുണ്ട്.

ഈ പദ്ധതി പല പ്രാദേശിക സർക്കാരുകളെയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സ്ഥിതി ശക്തമായിടത്തോളം ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാമെങ്കിലും ദീർഘകാലം ഇത് നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുമോ എന്ന് ഇപ്പോൾ തന്നെ നിരീക്ഷകർ ചോദ്യമുയർത്തുന്നുണ്ട്.

“ഇവിടെ വരരുത്”

ശിൻചിയാങിൽ പലയിടങ്ങളിലും ഉയിഗൂർ മുസ്‍ലിംകളുടെ സഞ്ചാരത്തിനു മേൽ കനത്ത നിയന്ത്രണങ്ങളുണ്ട്. ഭൂരിപക്ഷം വരുന്ന ഹാൻ സമുദായത്തിൽപെട്ടവരെ സുരക്ഷാ നിയമങ്ങൾ വിരളമായി മാത്രം ബാധിക്കുമ്പോൾ ഓരോ ചെക്ക്പോസ്റ്റിലും ഉയിഗൂർ മുസ്‍ലിംകളുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കപ്പെടുകയും മുഖവും മുഴുവൻ ശരീരവും സ്കാനിങ്ങിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. അവരുടെ വാഹനങ്ങളും സ്മാർട്ട്ഫോണുകളും പോലും പരിശോധിക്കുന്നതും പതിവാണ്.

ദക്ഷിണ ശിൻചിയാങിന് പുറത്ത് താമസിക്കുന്ന മുസ്‍ലിംകളെ അവരുടെ കുടുംബങ്ങൾ തിരിച്ചുവരുന്നതിൽ നിന്ന് വിലക്കുകയാണ്. ലുവോപുവിൽ ജനിച്ച് ഉത്തര ശിൻചിയാങിൽ ജീവിച്ചിരുന്ന പേരു വെളുപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉയിഗൂർ പറയുന്നു, “അവരെല്ലാവരും എന്നോട് പറഞ്ഞു, “ഇവിടെ വരരുത്” ഓരോ ദിവസവും കാര്യങ്ങൾ വഷളാവുകയാണ്.”

അദ്ദേഹത്തിന്റെ മിക്ക സുഹൃത്തുക്കളും ക്യാമ്പിലോ തടവറയിലോ ആണ്. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന അദ്ദേഹം തന്റെ രണ്ട് സഹോദരന്മാരെയും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്. അവരുടെ കൂടെ അഞ്ച് അനന്തരവന്മാരും പോയെന്ന് അദ്ദേഹത്തിന് പേടിയുണ്ട്. പിടിക്കപ്പെടുമെന്ന പേടിയിൽ പലരും നാട്ടിൽ നിന്ന് ഒഴിഞ്ഞു പോവുകയാണ്.

അന്താരാഷ്ട്ര നിരീക്ഷകരെ ശിൻചിയാങിലെക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് അധികൃതർ പറയുന്നുണ്ടെങ്കിലും മാധ്യമപ്രവർത്തകർ നീണ്ട ചോദ്യം ചെയ്യലിനും നിരീക്ഷണത്തിനും ഇരയാവുന്നുണ്ട് എന്ന് ദി ഗാർഡിയന്റെ ലേഖകർ പറയുന്നു.

ഇസ്‍ലാമിനോട് ചായിവ് കാണിക്കുന്നവരെ ക്യാമ്പിൽ തടഞ്ഞുവെക്കുന്നതു പോലെ ‘തീവ്രവാദ വിരുദ്ധ ചിന്താഗതി’യും ‘ആധുനിക നാഗരികതെയക്കുറിച്ചുള്ള ബോധവും’ വെച്ചുപുലർത്തുന്നവർക്ക് പാരിദോഷികം നൽകുന്ന ഏർപ്പാടും സർക്കാരിനുണ്ട്. മാതൃകാപരമായി ജീവിക്കുന്ന കുടുംബങ്ങളുടെ വീടുകളിൽ ഒരു ‘ചുവന്ന നക്ഷത്രം’ നൽകിയതായി അടയാളപ്പെടുത്തപ്പെടും. ക്യാമ്പുകളിലെ പോലെ ദേശഭക്തി പ്രചരിപ്പിക്കുന്ന പാട്ടുകൾ പാടാൻ ഗ്രാമവാസികളെ വിളിച്ചുകൂട്ടുന്നതും സ്ത്രീകളെ സ്വതന്ത്ര പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ‘പുതിയ കാലത്തെ വനിതകളാ’യി മാറാൻ പഠിപ്പിക്കുന്നതും കഴിഞ്ഞ വർഷത്തിനിടയിൽ അധികൃതർ നടത്തിയ ചില പരീക്ഷണങ്ങളാണ്.

ഇത്തരം നടപടികളേക്കാൾ ക്യാമ്പുകളിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഭയാന്തരീക്ഷമാണ് അധികൃതരെ അനുസരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ചെറിയ കുട്ടികളടക്കം കുടുംബത്തിലെ പുരുഷന്മാരായ അംഗങ്ങളെ ഇപ്പോഴാണ് പിടിച്ചുകൊണ്ടുപോവുകയെന്നോ അവർ എപ്പോൾ തിരിച്ചുവരുമെന്നോ പറയാൻ സാധിക്കാത്ത ദുരിതപൂർണമായ അനിശ്ചിതത്വത്തിലാണ് ഈ ഭാഗങ്ങളിലെ മുസ്‍ലിംകൾ കഴിയുന്നത്.

കടപ്പാട്: ദി ഗാർഡിയൻ