LiveTV

Live

International

ബ്രെക്സിറ്റ്: ബ്രിട്ടനില്‍ നിന്ന് വന്‍കിട കമ്പനികള്‍ പിന്‍വാങ്ങുന്നു

ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തെരേസ മേ സര്‍ക്കാരിനെ മാത്രമല്ല കുഴപ്പത്തിലാക്കിയിരിക്കുന്നത്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളേയുമാണ്.

ബ്രെക്സിറ്റ്: ബ്രിട്ടനില്‍ നിന്ന് വന്‍കിട കമ്പനികള്‍ പിന്‍വാങ്ങുന്നു

ബ്രിട്ടനില്‍ നിന്ന് വന്‍കിട കമ്പനികള്‍ പിന്‍വാങ്ങുന്നു. സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളാണ് മടക്കത്തിനൊരുങ്ങുന്നത്. ബ്രെക്സിറ്റ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഒഴിവാക്കുകയാണ് ലക്ഷ്യം. ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തെരേസ മേ സര്‍ക്കാരിനെ മാത്രമല്ല കുഴപ്പത്തിലാക്കിയിരിക്കുന്നത്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളേയുമാണ്.

മാര്‍ച്ച് 29-ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് പല വിധത്തില്‍ തങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ കമ്പനികള്‍. അത് മുന്നില്‍ കണ്ടാണ് ഇലക്ട്രോണിക് രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനി സോണി, യൂറോപ്പിലെ പ്രധാനകേന്ദ്രം ബ്രിട്ടണില്‍ നിന്നും നെതര്‍ലാന്‍ഡ്സിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന നികുതി പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനം സഹായിക്കുമെന്നാണ് സോണി പ്രസ്താവനയില്‍ പറഞ്ഞത്. യൂറോപ്പ്യന്‍ യൂണിയന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് സോണി വക്താവ് തകാഷി ലിഡ പറ‌ഞ്ഞു. സോണിയുടെ പ്രധാന ശത്രുവായ പാനാസോണികും ആസ്ഥാനകേന്ദ്രം ആംസ്റ്റര്‍ഡാമിലേക്ക് മാറ്റിയിട്ടുണ്ട്. നികുതി പ്രശ്നങ്ങള്‍ തന്നെയാണ് അവരും ചൂണ്ടിക്കാണ്ടുന്നത്.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വലിയ നേട്ടം ബ്രെക്സിറ്റ് മൂലമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഇരു കമ്പനികളും. ഉപകരണ നിര്‍മാതാക്കളായ ഡൈസണും തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റി. വന്‍കിട കമ്പനികള്‍ മാത്രമല്ല, പ്രമുഖ ജാപ്പനീസ് ബാങ്കുകളും, കാര്‍ നിര്‍മാതാക്കളും ബ്രിട്ടനില്‍ നിന്ന് പിന്‍മാറുകയാണ്. യാതൊരു കരാറിലുമെത്താതെ ബ്രെക്സിറ്റ് നടപ്പായാല്‍ തങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമെന്നാണ് ടൊയോറ്റ പറയുന്നത്. അങ്ങനെയെങ്കില്‍ ബേണസ്റ്റണില്‍ നിന്ന് സപ്ലെ തത്കാലത്തേക്ക് നിര്‍ത്തിവെക്കും. ഹോണ്ട ഏപ്രില്‍ മാസം ആറ് ദിവസം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തിടെ ബ്രിട്ടണ്‍ സന്ദര്‍ശിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ കരാര്‍ രഹിത ബ്രെക്സിറ്റ് നടപ്പാക്കുന്നതില്‍ ആശങ്ക പങ്കുവെച്ചിരുന്നു. ജാപ്പനീസ് കമ്പനികളിലെ ഒരു ലക്ഷത്തി അമ്പതിനായിരം തൊഴിലാളികളെ ഇത് ബാധിച്ചേക്കുമെന്നും ആബെ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ഇത്തരം കമ്പനികളെ വിശ്വാസത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് വലിയ വിമര്‍ശനം നേരിടുന്നുണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.