LiveTV

Live

International

സിറിയന്‍ നഗരത്തിന്റെ സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.

സിറിയന്‍ നഗരത്തിന്റെ സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി

വടക്കു കിഴക്കന്‍ സിറിയയിലെ മാന്‍ബിജ് നഗരത്തിന്റെ സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അമേരിക്കന്‍ പ്രസിഡന്റുമായി ഫോണ്‍ സംഭാഷണം നടത്തി. കഴിഞ്ഞയാഴ്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ തീരുമാനം.

കഴിഞ്ഞയാഴ്ചയാണ് മാന്‍ബിജി നഗരത്തില്‍ ഐ.എസ് ഭീകരര്‍ ബോംബാക്രമണം നടത്തുന്നത്. ആക്രമണത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാന്‍ബിജി നഗരത്തിലെ സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് തുര്‍ക്കി രംഗത്തെത്തിയിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.

കഴിഞ്ഞയാഴ്ചയും ഇരുരാജ്യങ്ങളുടെ പ്രതിനിധികളും ഫോണ്‍ സംഭാഷണം നടത്തുകയും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഐ.എസ് അഴിച്ചുവിട്ട ആക്രമണം അമേരിക്കന്‍ സൈന്യത്തിന് സ്വാധീനമുള്ള മാന്‍ബിജിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ‍് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഐ.എസിന്റെ ആക്രമണം ഉണ്ടാകുന്നത്. ഐ.എസിനെ ഞങ്ങള്‍ തകര്‍ത്തു എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് ട്രംപ് തീരുമാനമെടുത്തത്.