LiveTV

Live

International

ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാര്‍ഥികള്‍ക്കെല്ലാം മാപ്പ് നല്‍കുന്നു എന്നല്ല തന്റെ വാക്കുകളുടെ അര്‍ത്ഥമെന്നും മൂന്ന് വര്‍ഷത്തേക്ക് സംരക്ഷണം നീട്ടി നല്‍കാമെന്ന് മാത്രമാണ് അറിയിച്ചതെന്നും ട്രംപ്

ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

രാജ്യത്ത് ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. തന്റെ വാഗ്ദാനങ്ങള്‍ നിരസിച്ചത് തീര്‍ത്തും തെറ്റായ നടപടി. ഒരിക്കലും ജയിക്കാത്ത 2020 തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഡെമോക്രാറ്റുകളുടെ ചിന്തയെന്നും ട്രംപിന്റെ പരിഹാസം.

തന്റെ വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകളോട് കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാര്‍ഥികള്‍ക്കെല്ലാം മാപ്പ് നല്‍കുന്നു എന്നല്ല തന്റെ വാക്കുകളുടെ അര്‍ത്ഥമെന്നും മൂന്ന് വര്‍ഷത്തേക്ക് സംരക്ഷണം നീട്ടി നല്‍കാമെന്ന് മാത്രമാണ് അറിയിച്ചതെന്നും ട്രംപ് ഓര്‍മിപ്പിച്ചു. തന്റെ വാക്കുകള്‍ എതിര്‍ത്തവരോട് കരുതിയിരുന്നോളൂ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരിലെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഡാക്ക പദ്ധതി തുടരുമെന്നതായിരുന്നു ട്രംപ് പ്രഖ്യാപിച്ച പ്രധാന ഇളവ്. പക്ഷെ അതിര്‍ത്തിയില്‍ അടിയന്തര ചെലവുകള്‍ക്കും ലഹരിമരുന്നു കടത്ത് തടയാനും സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 80.50 കോടി ഡോളറും കൂടി പുതുതായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ പുതിയ പദ്ധതി വിജയിക്കില്ലെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തീര്‍ത്തു പറയുകയായിരുന്നു.

ഭരണസ്തംഭനം അവസാനിപ്പിക്കാനുള്ള നിയമം ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച പാസാക്കുമെന്നും മതിലിനുള്ള പണമൊഴിച്ചുള്ള ബില്ലുകളില്‍ ഒപ്പിട്ട് പ്രസിഡന്റ് സഹകരിക്കണമെന്നും നാന്‍സി പെലോസി ആവശ്യപ്പെട്ടു. യു.എസിലെ ഏതാനും വകുപ്പുകളില്‍ ഡിസംബര്‍ 22ന് ആരംഭിച്ചട്രഷറി സ്തംഭനം 29 ദിവസം പിന്നിട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. എട്ട് ലക്ഷം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്.