LiveTV

Live

International

മുസ്‌ലിം ഉന്മൂലനം ഒരു ആഗോള പകര്‍ച്ചവ്യാധിയോ?

തന്റെ രാജ്യം ‘മുസ്‌ലിംകളാല്‍ നിറയാന്‍ പോവുകയാണെന്ന്’ വിശ്വസിക്കുന്ന കുപ്രസിദ്ധ ആസ്‌ത്രേലിയന്‍ എം.പി പൗളീന്‍ ഹാന്‍സന്റെ സംഘത്തില്‍പെട്ടയാളാണ് സ്‌കോട്ട് മോറിസണ്‍

മുസ്‌ലിം ഉന്മൂലനം ഒരു ആഗോള പകര്‍ച്ചവ്യാധിയോ?

ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്ക് എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്? ചൈനയില്‍ മുസ്‌ലിംകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടക്കപ്പെടുന്നു, മ്യാന്‍മറില്‍ അവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു, ഇന്ത്യയില്‍ അവര്‍ വ്യവസ്ഥാപിത വംശഹത്യകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു, ഇസ്രായേലില്‍ അവര്‍ ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം ദിനംപ്രതിയെന്നോണം വെടിയുണ്ടയേറ്റു വീണുകൊണ്ടിരിക്കുന്നു, യൂറോപ്പിലും യു.എസ്സിലുമാണെങ്കില്‍ നിരന്തരമായ പീഡനങ്ങള്‍ക്കും ഭീകരവത്കരണത്തിനും അവര്‍ ഇരയായിക്കൊണ്ടിരിക്കുന്നു.

മുസ്‌ലിം ലോകത്തിന്റെ ഒരറ്റത്തു നിന്നും മറ്റേയറ്റം വരെ, ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും പട്ടാള അടിച്ചമര്‍ത്തലിനും കീഴില്‍ വ്യക്തി സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മുസ്‌ലിംകള്‍ ജീവിക്കുന്നത്.

എന്താണ് ഇതിന്റെയൊക്കെ അര്‍ഥം?

നമുക്ക് ചൈനയില്‍ നിന്നും തുടങ്ങാം. തങ്ങളുടെ മുസ്‌ലിം ഗുലാഗുകളില്‍ (പുനഃവിദ്യാഭ്യാസ, പീഡന കേന്ദ്രങ്ങള്‍) ചൈനീസ് ഭരണകൂടം നടത്തികൊണ്ടിരിക്കുന്ന നിഷ്ഠൂരമായ കുറ്റകൃത്യങ്ങളെ നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്? 'ചൈനയില്‍ വംശീയ ഉന്മൂലനം നടക്കുന്നുണ്ടെങ്കില്‍, അതാര്‍ക്കും തന്നെ കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ശബ്ദമൊന്നും ഉണ്ടാക്കാതെയാണോ അതു നടക്കുന്നത്? ഈ ചോദ്യമാണ്, തങ്ങളുടെ മതവും സംസ്‌കാരവും എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിനു വേണ്ടി ചൈനീസ് സര്‍ക്കാര്‍ രൂപകല്‍പന ചെയ്ത തടങ്കല്‍ പാളയങ്ങളും വ്യവസ്ഥാപിത മനുഷ്യാവകാശ ലംഘനങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതു കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന ചൈനീസ് ജനകീയ റിപബ്ലിക്കിനകത്തു ജീവിക്കുന്ന ദശലക്ഷണക്കിനു വരുന്ന മുസ്‌ലിംകള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്.'

ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‌ലിംകള്‍ 'counter-extremism center'കളിലും ചുരുങ്ങിയത് രണ്ടു ദശലക്ഷം പേര്‍ 'പുനഃവിദ്യാഭ്യാസ ക്യാമ്പുകളിലും' തടങ്കലില്‍ കഴിയുന്നുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം: 'സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള പതിനായിരക്കണക്കിനു മുസ്‌ലിംകളെ വിചാരണയൊന്നും കൂടാതെ ചൈനീസ് അധികൃതര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇതു നിഷേധിക്കുന്നുണ്ട്. 'ഭീകരവാദവും മതതീവ്രവാദവും' ചെറുക്കാനായി രൂപംനല്‍കിയ പ്രത്യേക 'വൊക്കേഷണല്‍ സ്‌കൂളില്‍' ആളുകള്‍ സ്വമേധയാ വന്നു ചേരുകയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 'ഭീകരവാദവും മതതീവ്രവാദവും' എന്ന വാചകം ഈ ക്യാമ്പുകളുടെ ദുരുദ്ദേശത്തെ വ്യക്തമാക്കുന്നുണ്ട്.

'പുനഃവിദ്യാഭ്യാസ കാമ്പുകളില്‍ മുസ്‌ലിംകള്‍ മദ്യം കുടിക്കാനും പന്നിയിറച്ചി കഴിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു' എന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 'നിങ്ങള്‍ക്ക് നിങ്ങളെ തന്നെ വിമര്‍ശിക്കുകയും, സ്വന്തം ചിന്താശേഷിയെ അടിച്ചമര്‍ത്തേണ്ടി വരികയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുന്ന മനഃശാസ്ത്രപരമായ സമ്മര്‍ദ്ദം വളരെ വലുതാണ്' എന്ന് പ്രസ്തുത റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇതു കേവലം മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമല്ല. ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ സിന്‍ജിയാങ് സന്ദര്‍ശിക്കുകയുണ്ടായി. 'ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കു വേണ്ടിയുള്ള വലിയതോതിലുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നത് സത്യമാണ്' എന്ന് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പാര്‍ലമെന്റിനു മുന്‍പാകെ പറയുകയുണ്ടായി.

ഇനി നമുക്ക് മ്യാന്‍മറിലേക്കു വരാം. സമാധാന നൊബേല്‍ ജേതാവ് ഓങ് സാന്‍ സൂചിയുടെ കണ്‍മുന്നില്‍ വെച്ച് മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കൊല ലോകത്തെ ഞെട്ടിക്കുകയുണ്ടായെങ്കിലും ഇന്നും അതു തുടരുകയാണ്. 2016 മുതല്‍ക്ക്, റഖീനിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മര്‍ സൈന്യത്തിന്റെയും പോലീസിന്റെയും അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മ്യാന്‍മര്‍ സൈന്യവും പോലിസും വംശീയ ഉന്മൂലനമാണു നടത്തുന്നതെന്ന് യു.എന്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോര്‍ട്ട്, മനുഷ്യാവകാശ സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആരോപിച്ചിരുന്നു.

‘മുസ്‌ലിംകള്‍ എല്ലാവരും ഇസ്രായേല്‍ വിട്ടുപോയിരുന്നെങ്കില്‍’ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയും അദ്ദേഹത്തെ താല്‍ക്കാലികമായി ബാന്‍ ചെയ്യുകയും ചെയ്തിരുന്നു

ഇന്ത്യയുടെ കാര്യമെടുത്താല്‍, മുസ്‌ലിംകളെ ആക്രമിക്കുന്ന അക്രമാസക്ത ഹിന്ദു ആള്‍ക്കൂട്ടങ്ങളുടെ വേരുകള്‍ ചെന്നെത്തുന്നത് സ്വന്തം ഭരണം നിലനിര്‍ത്താന്‍ വേണ്ടി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു വിത്തുപാകിയ, ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ഉപജ്ഞാതാക്കളായ ബ്രിട്ടീഷുകാരിലാണ്. മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകളുടെ പട്ടിക ഞെട്ടിപ്പിക്കുന്നതാണ്: 1964-ല്‍ കോല്‍ക്കത്ത മുതല്‍ 1983-ല്‍ നെല്ലി, 1987-ല്‍ ഹാശിംപുര, 2002ല്‍ ഗുജറാത്ത് വരെ ആ പട്ടിക നീളുന്നു. നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തിന്റെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

ഉയിഗൂര്‍ മുസ്‌ലിംകള്‍
ഉയിഗൂര്‍ മുസ്‌ലിംകള്‍

ഫലസ്തീനിലേക്കു നോക്കിയാല്‍, ഇസ്രായേല്‍ അധിനിവേശകരുടെ കീഴില്‍ സ്വന്തം മാതൃരാജ്യത്തു വ്യവസ്ഥാപിത വംശീയ ഉന്മൂലനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമാണ് നമുക്ക് കാണാനാവുക. 'മുസ്‌ലിംകള്‍ എല്ലാവരും ഇസ്രായേല്‍ വിട്ടുപോയിരുന്നെങ്കില്‍' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയും അദ്ദേഹത്തെ താല്‍ക്കാലികമായി ബാന്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ദശാബ്ദങ്ങളായി തന്റെ പിതാവും മറ്റു സയണിസ്റ്റ് യുദ്ധപ്രഭുക്കളും ഫലസ്തീനില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്.

ഇനി നമുക്ക് ഭൂഗോളത്തിന്റെ മറുവശത്തേക്ക് നീങ്ങാം: ഫലസ്തീനിലെ ഇസ്രായേലി അധിനിവേശത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന അമേരിക്ക എന്ന രാജ്യത്തിലെ വെളുത്തവംശീയവാദികളുടെ ചരിത്രപരമായ അപരവിദ്വേഷം, മുസ്‌ലിം രാഷ്ട്രങ്ങളുടെ മേലുള്ള സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കു വഴിവെച്ചു. അമേരിക്കന്‍ നേതൃത്വത്തിലുള്ള പ്രസ്തുത അധിനിവേശങ്ങളില്‍ പതിനായിരക്കണക്കിനു മുസ്‌ലിംകളാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്. അമേരിക്കന്‍ ജനത ഡോണാള്‍ഡ് ട്രംപിനെ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍, അമേരിക്കന്‍ മുസ്‌ലിംകള്‍ക്കെതിരെ ഭയം ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള വെറുപ്പിന്റെ ക്യാമ്പയിന്‍ അദ്ദേഹം അഴിച്ചുവിട്ടു. യു.എസ് സുപ്രീംകോടതിയുടെ പിന്തുണയോടെ നടപ്പാക്കിയ അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ മുസ്‌ലിം വിലക്ക്, മുസ്‌ലിം വിദ്വേഷത്തിന്റെ നിയമവിധേയ രൂപമാണ്.

സ്‌കോട്ട് മോറിസണ്‍
സ്‌കോട്ട് മോറിസണ്‍

യൂറോപ്പിലെ കാര്യമെടുത്താലും, ക്രിസ്തുമതത്തിന്റെ യൂറോപ്പ്യന്‍ പതിപ്പില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ചരിത്രപരമായ മുസ്‌ലിം വിദ്വേഷം ഇന്ന് വംശീയ, അപരവിദ്വേഷ, ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കും പടര്‍ന്നുപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ഇതു വളരെ വ്യക്തമാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

ഈയടുത്ത്, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വെസ്റ്റ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയുണ്ടായി. മുസ്‌ലിം വിരുദ്ധ വംശീയവാദികള്‍ക്കു അപരവിദ്വേഷ ദേശീയവാദികളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. തന്റെ രാജ്യം 'മുസ്‌ലിംകളാല്‍ നിറയാന്‍ പോവുകയാണെന്ന്' വിശ്വസിക്കുന്ന കുപ്രസിദ്ധ ആസ്‌ത്രേലിയന്‍ എം.പി പൗളീന്‍ ഹാന്‍സന്റെ സംഘത്തില്‍പെട്ടയാളാണ് സ്‌കോട്ട് മോറിസണ്‍.

ഇരുള്‍ മൂടുന്ന ചക്രവാളങ്ങള്‍

സിറിയയിലെ അക്രമാസക്ത അരക്ഷിതാവസ്ഥയില്‍ അമേരിക്കയും ഇസ്രായേലും അറബ് രാഷ്ട്രങ്ങളും ഒരുപോലെ കുറ്റക്കാരാണെങ്കിലും, കൂടുതല്‍ കൂടുതല്‍ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു എന്നതാണ് ഇതിന്റെയെല്ലാം അന്തിമഫലം. കുര്‍ദുകളുമായുള്ള തുര്‍ക്കിയുടെ യുദ്ധം മുസ്‌ലിംകള്‍ മുസ്‌ലിംകളെ കൊന്നുതള്ളുന്നതിന് ആക്കംകൂട്ടുക മാത്രമാണ് ചെയ്യുന്നത്. ഈജിപ്തിലെയും ഇറാനിലെയും ഭരണകൂടങ്ങള്‍ക്കു തങ്ങളുടെ സ്വന്തം പൗരന്‍മാരെ തടവറകളിലും തെരുവുകളിലും വെച്ചു കൊല്ലാനും ജീവച്ഛവങ്ങളാക്കി മാറ്റാനും യാതൊരുവിധ മടിയുമില്ലാത്ത അവസ്ഥയാണുള്ളത്.

മേല്‍പറഞ്ഞ ഓരോരോ സാഹചര്യങ്ങളെയും വിലയിരുത്തി കൊണ്ട് എന്താണു മുസ്‌ലിംകള്‍ക്കു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യത്യസ്തവും ബഹുമുഖവുമായ അഭിപ്രായങ്ങള്‍ ഒരാള്‍ക്കു രൂപീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ചൈനയിലെ 'പുനഃവിദ്യാഭ്യാസ ക്യാമ്പുകളും മ്യാന്‍മറിലെ മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയും ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വര്‍ദ്ധിത സ്വഭാവത്തിലുള്ള വംശഹത്യയും ബശ്ശാറുല്‍ അസദിന്റെ കൂട്ടക്കൊലയും വേര്‍ത്തിരിച്ചു തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

ഇതിന്റെയെല്ലാം അവസാനഫലം ഒന്നുതന്നെയാണ്. മുസ്‌ലിം വിരുദ്ധ വംശീയ ഉന്മൂലനം ലോകത്താകമാനം ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിച്ചു കഴിഞ്ഞിരിക്കുന്നു, അതിലൊരു പങ്ക് മുസ്‌ലിം ഭരണാധികാരികള്‍ക്കും ഏകാധിപതികള്‍ക്കും ഉണ്ട്. പ്രസ്തുത പകര്‍ച്ചവ്യാധി അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്- ഒരുപക്ഷേ യു.എന്‍ നേതൃത്വത്തിലുള്ള ഒരു ഉച്ചകോടി തന്നെ വേണ്ടിവരും. വെറുപ്പിന്റെയും ഇസ്‌ലാമോഫോബിയയുടെയും ഒരു പ്രവര്‍ത്തനമണ്ഡലം ഇവിടെ നിലനില്‍ക്കുന്നുണ്ട്, അവിടെ മുസ്‌ലിംകള്‍ മുസ്‌ലിംകളെന്ന നിലയിലും മനുഷ്യരെന്ന നിലയിലും വിമര്‍ശന ചിന്തകര്‍ എന്ന നിലയിലും സ്വന്തം ഭാഗദേയം തിരുത്തിക്കുറിക്കുന്നവര്‍ എന്ന നിലയിലുമെല്ലാം നിര്‍വീര്യമാക്കപ്പെടേണ്ടവരും കൊല്ലപ്പെടേണ്ടവരും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമായ ശത്രുക്കളായാണു മനസ്സിലാക്കപ്പെടുന്നത്.

ചൈനയിലെ ‘പുനഃവിദ്യാഭ്യാസ ക്യാമ്പുകളും മ്യാന്‍മറിലെ മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയും ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വര്‍ദ്ധിത സ്വഭാവത്തിലുള്ള വംശഹത്യയും ബശ്ശാറുല്‍ അസദിന്റെ കൂട്ടക്കൊലയും വേര്‍ത്തിരിച്ചു തന്നെ മനസ്സിലാക്കേണ്ടതുണ്ട്

ഈ മുസ്‌ലിം ഉന്മൂലനത്തിന്റെ നിലവിലെ അവസ്ഥയുടെ മുഖ്യകാരണം ചരിത്രപരമായി ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പില്‍ വേരൂന്നിയ അമേരിക്കയിലെയും യൂറോപ്പിലെയും ഇസ്‌ലാമോബിയയുടെ വളര്‍ച്ചതന്നെയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ജൂതന്‍മാരോടുള്ള ചരിത്രപരമായ വെറുപ്പിന്റെയും ഭയത്തിന്റെയും മാറ്റങ്ങളോടുകൂടിയ വികസിത രൂപമാണ് ഇന്നു കാണുന്ന മുസ്‌ലിംകളോടുള്ള വെറുപ്പും ഭയവും. യൂറോ-അമേരിക്കന്‍ ഇസ്‌ലാമോഫോബിയയുടെ രോഗകാരണം ചെന്നെത്തുന്നത് അവരുടെ തന്നെ ചുറ്റുവട്ടത്തുള്ള സെമിറ്റിക് വിരുദ്ധതയിലാണ്.

ഇസ്‌ലാമോഫോബിയയുടെ വരവോടെ, പ്രസ്തുത യൂറോപ്യന്‍ രോഗം അതിന്റെ ലക്ഷ്യപരിധിയില്‍ മാറ്റം വരുത്തുകയും ആഗോളവത്കരണത്തിന്റെ കാലത്ത് ലോകത്താകമാനം പടര്‍ന്നുപിടിക്കുകയും ചെയ്തു. മധ്യകാല യൂറോപ്യന്‍ ക്രിസ്ത്യാനിറ്റിയുടെ കാലം മുതല്‍ക്കു തന്നെ, ജൂതന്‍മാരും മുസ്‌ലിംകളും യൂറോപ്പിലെ ഭയത്തിന്റെയും വെറുപ്പിന്റെയും ഉറവിടങ്ങളായിരുന്നു. ഹോളോകോസ്‌റ്റോടെ, ജൂതന്‍മാരോടുള്ള യൂറോപ്യന്‍മാരുടെ വിദേഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. സാമുവല്‍ ഹണ്ടിംഗ്ടന്റെ 'നാഗരികതകളുടെ സംഘട്ടനം' (clash of civilizations, 1993) എന്ന കൃതിയിലൂടെ 'പാശ്ചാത്യം' (the West) എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒന്നിന്റെ നാഗരിക അപരമായി (civilisational other) മുസ്‌ലിംകള്‍ ഏതാണ്ട് പൂര്‍ണമായും (പരിപൂര്‍ണമായും അല്ല) ജൂതന്‍മാര്‍ക്കു പകരംവെക്കപ്പെട്ടു.

പ്രസ്തുത മധ്യകാല പതിപ്പിനും നിലവിലെ അവസ്ഥക്കും ഇടയില്‍ ബ്രിട്ടീഷ് കോളനിവത്കരണ കാലത്തെ ഇന്ത്യയിലെ മുസ്‌ലിം - ഹിന്ദു വിദ്വേഷത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ നമുക്ക് കാണാം. 'ഇന്ത്യന്‍ ജാതി വ്യവസ്ഥ' എന്നത് യഥാര്‍ഥത്തില്‍ ഇന്ത്യയും ബ്രിട്ടീഷ് കൊളോണിയലിസവും തമ്മിലുള്ള ഇടപാടിന്റെ ഉല്‍പന്നമാകുന്നത് എങ്ങനെയാണെന്ന് 'Castes of Mind: Colonialism and the Making of Modern India' എന്ന തന്റെ കൃതിയിലൂടെ നിക്കോളാസ് ബി ഡിര്‍ക്ക്‌സ് കാണിച്ചു തരുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍, സാമൂഹിക ഘടനകളുടെ വൈവിധ്യരൂപങ്ങളെ വിഴുങ്ങുന്ന ഒരു സംജ്ഞയായി ജാതി വ്യവസ്ഥ എന്നതു മാറി. ഇതിനെല്ലാമുപരി, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ നിലനില്‍പ്പിനു വേണ്ടി ബോധപൂര്‍വ്വം നിര്‍മിക്കപ്പെട്ടതാണ് ഹിന്ദു-മുസ്‌ലിം വര്‍ഗീയ സംഘര്‍ഷങ്ങള്‍.

അതുകൊണ്ടു തന്നെ, ഹിന്ദു മതമൗലികവാദികളും യൂറോപ്യന്‍ അമേരിക്കന്‍ വംശീയതയും തമ്മിലുള്ള സ്‌നേഹബന്ധത്തില്‍ വലിയ അത്ഭുതമൊന്നുമില്ല. അടുത്തിടെ ആദിത്ത ചൗധരി സമര്‍ഥിച്ചതു പോലെ: 'ആര്യന്‍ വംശം എന്ന 19ാം നൂറ്റാണ്ടിലെ ആശയത്തിലേക്കു ചെന്നെത്തുന്ന പൊതുവായ വേരുകള്‍ പങ്കുവെക്കുന്നതാണ് വെളുത്ത വംശീയവാദവും ഹിന്ദു ദേശീയവാദവും.

യൂറോപ്യന്‍ അമേരിക്കന്‍ ഇസ്‌ലാമോഫോബിയയുടെ സഹായസഹകരണങ്ങളോടെയാണ് ചൈനയിലെ മുസ്‌ലിം വിരുദ്ധ സര്‍ക്കാര്‍ നടപടികളും നടക്കുന്നത്. ആന്റി-ടെററിസം, ഡീറാഡിക്കലൈസേഷന്‍ തുടങ്ങിയ പാശ്ചാത്യ ഭാഷാപ്രായോഗങ്ങളുടെ ചട്ടകൂടിനകത്താണ് ഉയിര്‍ഗൂര്‍ വിരുദ്ധ കാമ്പയിന്‍ അരങ്ങേറുന്നത്. മറ്റു വംശീയ വിഭാഗങ്ങളുടെ മേല്‍ 'ഹാന്‍ വംശ സമഗ്രാധിപത്യം' സ്ഥാപിക്കാനുള്ള ചൈനീസ് സാമ്രാജ്യത്വ ധാര്‍ഷ്ട്യം സമാനമായ മറ്റൊരു വിഷലിപ്ത വംശീയ ഘടകമാണ്.

റോബോട്ടിക് തൊഴിലാളിയുടെയും ഉപഭോക്തൃ വ്യക്തിയുടെയും നിര്‍മാണത്തിനായി, തങ്ങളുടെ മെക്കാനിക്കല്‍ പ്രൊജക്ടിനെതിരെ ഉണ്ടാവുന്ന ഏതൊരു സാംസ്‌കാരിക മാനുഷിക ചെറുത്തുനില്‍പ്പിനെയും ഇല്ലാതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് തന്റെ 'One-dimensional Man (1946)' എന്ന കൃതിയൂടെ മുന്‍കൂട്ടി കണ്ട ഒരു ഡിസ്‌ടോപിയന്‍ സമൂഹത്തിന് സമാനമായ അവസ്ഥയാണിത്. ചൈനീസ് തൊഴിലുല്‍പാദനത്തിനും രാഷ്ട്ര മൂലധന വികാസത്തിനും സഹായകരമാകുന്ന ഒരു ഉപഭോക്തൃ അടിമ എന്ന നിലയില്‍ നിന്നുള്ള മനുഷ്യന്റെ ഏതൊരു തരത്തിലുള്ള വ്യതിചലനവും നിര്‍ബന്ധമായും ഉന്മൂലനം ചെയ്യപ്പെടേണ്ട സംഗതിയാണ്.

പാശ്ചാത്യ മാതൃകയിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചോദിതമായ മുതലാളിത്തത്തിന്റെ രൂപത്തിലും വേഗതയിലും പ്രസ്തുത ഡിസ്‌ടോപിയന്‍ ദുഃസ്വപ്‌നം ഇന്ന് ലോകത്താകമാനം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന് അന്ത്യം കുറിക്കുകയായിരുന്നില്ല കമ്യൂണിസത്തിന്റെ ലക്ഷ്യം. മുതലാളിത്തമായിരുന്നു കമ്യൂണിസത്തിന്റെ അന്ത്യം. മാനവരാശി ഇന്ന് അഭിമുഖീകരിക്കുന്ന ഭീകരസ്വത്വത്തെ പ്രസ്തുത വാചകം വളരെ വ്യക്തമായി വരച്ചിടുന്നുണ്ട്.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

അവലംബം: അല്‍ജസീറ