LiveTV

Live

International

മ്യാന്‍മറില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി 

മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ച മ്യാന്‍മര്‍ നടപടിയെ പ്രസിഡന്റ് ഓങ് സാങ് സൂചി ന്യായീകരിച്ചിരുന്നു

മ്യാന്‍മറില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി 

മ്യാന്‍മറില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറിമി ഹന്‍ഡ്. കേസിന്റെ നടപടി ക്രമങ്ങളില്‍ ബ്രിട്ടന് ആശങ്കകളുണ്ടെന്നും ജെറിമി. കഴിഞ്ഞ സെപ്തംബറിലാണ് മാധ്യമ പ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഊ എന്നിവരെ മ്യാന്‍മര്‍ സര്‍ക്കാര്‍ ജയിലിലടച്ചത്. ഔദ്യേഗിക രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. ഈ നടപടിക്കെതിരെയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി രംഗത്ത് വന്നത്.

ഈ ലോകം രണ്ട് മാധ്യമ പ്രവര്‍ത്തകരെയും മറക്കരുത്. കാരണം ഇവര്‍ രണ്ട് പേരും നിരപരാധികളാണ്. ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ തന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഈ രണ്ട് മാധ്യമ പ്രവര്‍ത്തകരെ കൂടെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ വ്യത്യസ്തമായൊരു ക്രിസ്മസ് കാര്‍ഡ് അവര്‍ക്ക് അയച്ച് കൊടുക്കുമെന്നും ജെറിമി ഹന്‍ഡ് വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ച മ്യാന്‍മര്‍ നടപടിയെ പ്രസിഡന്റ് ഓങ് സാങ് സൂചി ന്യായീകരിച്ചിരുന്നു. നിയമലംഘനം നടത്തിയതിനാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്നും അതില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന ഘടകത്തിന് പ്രസക്തിയില്ലെന്നും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയായ സൂചി പറഞ്ഞിരുന്നു. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 251 മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലാക്കപ്പെട്ടിട്ടുണ്ട്. 2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവില്‍ 53 മാധ്യമപ്രവര്‍ത്തകരാണ് അവരുടെ ജോലിക്കിടയില്‍ കൊല്ലപ്പെട്ടത്.