LiveTV

Live

International

സ്‌ട്രോബറിക്കുള്ളില്‍ സൂചി, അമ്പതുകാരി അറസ്റ്റില്‍

ഒരു യുവാവിനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. സ്‌ട്രോബറിക്കുള്ളിലെ സൂചിയാണ് വയറുവേദനക്ക് കാരണമെന്ന് വ്യക്തമായതോടെ ഭീതി വര്‍ധിച്ചു.

സ്‌ട്രോബറിക്കുള്ളില്‍ സൂചി, അമ്പതുകാരി അറസ്റ്റില്‍

സ്‌ട്രോബറികള്‍ക്കുള്ളില്‍ വ്യാപകമായി സൂചികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആസ്‌ത്രേലിയയില്‍ അമ്പതുകാരി അറസ്റ്റില്‍. നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായ ഭീതി പടര്‍ന്നിരുന്നു. സങ്കീര്‍ണ്ണമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്നാണ് ആസ്‌ത്രേലിയന്‍ പൊലീസ് അറിയിച്ചത്.

കഴിഞ്ഞ സെപ്തംബര്‍ മുതലാണ് ആസ്‌ത്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്‌ട്രോബറികളില്‍ നിന്നും സൂചികള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയത്. കുറ്റക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ക്യൂന്‍സ്‌ലാന്റ് അധികാരികള്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ജയില്‍ ശിക്ഷ പോലും സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയുണ്ടായി.

ഒരു യുവാവിനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്താകുന്നത്. സ്‌ട്രോബറിക്കുള്ളിലെ സൂചിയാണ് വയറുവേദനക്ക് കാരണമെന്ന് വ്യക്തമായതോടെ ഭീതി വര്‍ധിച്ചു. തുടര്‍ന്ന് പഴങ്ങള്‍ക്കുള്ളില്‍ നിന്നും സൂചി ലഭിച്ചെന്ന് തരത്തിലുള്ള നൂറിലേറെ സംഭവങ്ങള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്‌ട്രോബറിക്കുള്ളില്‍ നിന്നാണ് സൂചി ലഭിച്ചത്. അയല്‍രാജ്യമായ ന്യൂസിലന്റില്‍ നിന്നുപോലും സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

സങ്കീര്‍ണ്ണമായ അന്വേഷണത്തിനൊടുവിലാണ് അമ്പതുകാരിയെ അറസ്റ്റു ചെയ്തതെന്നാണ് ആസ്‌ത്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ബ്രിസ്‌ബെയിനിലെ കോടതിയില്‍ ഇവരെ തിങ്കളാഴ്ച്ച ഹാജരാക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങളോ കുറ്റകൃത്യത്തിന്റെ പ്രേരണയോ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.