LiveTV

Live

International

‘അയാള്‍ക്ക് കീഴിലാണ് ഞങ്ങളേറെ സഹിച്ചത്’ രാജപക്‌സെക്കെതിരെ തമിഴ് സംഘടന

രജപക്‌സെയുടെ തിരിച്ചുവരവ് യുദ്ധകാലത്തെ ഇരകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയവരെ കൂടുതല്‍ കുഴപ്പത്തിലാക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.

‘അയാള്‍ക്ക് കീഴിലാണ് ഞങ്ങളേറെ സഹിച്ചത്’ രാജപക്‌സെക്കെതിരെ തമിഴ് സംഘടന

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെക്കെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രധാന തമിഴ് പാര്‍ട്ടിയായ തമിഴ് നാഷണല്‍ അലയന്‍സ്. ഭൂരിപക്ഷത്തിനാവശ്യമായ അംഗബലം തനിക്കുണ്ടെന്ന് രജപക്‌സെ ആവര്‍ത്തിക്കുന്നതിനിടെയാണ് തമിഴ് നാഷണല്‍ അലയന്‍സ് നിലപാട് വ്യക്തമാക്കിയത്. ഒക്ടോബര്‍ 26ന് പ്രധാനമന്ത്രി സിരിസേനയെ പ്രസിഡന്റ് പുറത്താക്കിയതോടെയാണ് ശ്രീലങ്കയില്‍ പ്രതിസന്ധി ആരംഭിച്ചത്.

സിരിസേനയെ പുറത്താക്കിയ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നുമാണ് റെനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി പ്രതികരിച്ചത്. പ്രസിഡന്റിന്റെ നടപടിക്ക് ശേഷവും താന്‍ തന്നെയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയെന്ന് വിക്രമസിംഗെ അവകാശവാദം ഉന്നയിച്ചതോടെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ശ്രീലങ്കയില്‍ ഉടലെടുത്തിരുന്നു.

ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയുടെ ലംഘനമാണ് രാജപക്‌സെയുടെ നിയമനമെന്നാണ് തമിഴ് നാഷണല്‍ അലയന്‍സ് നിലപാട്. 225 അംഗ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ 15 അംഗങ്ങളുടെ പിന്തുണയാണ് തമിഴ് നാഷണല്‍ അലയന്‍സിനുള്ളത്. അധികാരത്തില്‍ തുടരാന്‍ 113 അംഗങ്ങളുടെ പിന്തുണയാണ് മഹിന്ദ രാജപക്‌സെക്ക് വേണ്ടത്. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നും ആറ് പേര്‍ കൂറുമാറി രജപക്‌സെ പക്ഷത്തെത്തിയിട്ടുണ്ട്.

രജപക്‌സെയുടെ തിരിച്ചുവരവ് യുദ്ധകാലത്തെ ഇരകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയവരെ കൂടുതല്‍ കുഴപ്പത്തിലാക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനുള്ള ടി.എന്‍.എയുടെ തീരുമാനം രജപക്‌സെയുടെ വിജയം തുലാസിലാക്കിയെന്നാണ് ജാഫ്‌ന ആസ്ഥാനമായുള്ള ഉദയന്‍ പത്രത്തിന്റെ എഡിറ്റര്‍ ദേവനായകം പ്രേമാനന്ദ് പറയുന്നത്. 'രജപക്‌സെയുടെ തെരഞ്ഞെടുപ്പ് ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്. അയാള്‍ക്കു കീഴില്‍ ഞങ്ങള്‍ ഒരുപാട് അനുഭവിച്ചു. അതേസമയം ഞങ്ങള്‍ക്ക് വിക്രമസിംഗെയേയും അംഗീകരിക്കാനാവില്ല' എന്നാണ് ദേവനായകം പ്രേമാനന്ദ് പറഞ്ഞത്.

2005 മുതല്‍ 2015വരെ രജപക്‌സെയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്നത്. രജപക്‌സെയുടെ ഭരണത്തിന്‍കീഴില്‍ 2009ലാണ് രാജ്യം ചോരക്കളമാക്കിക്കൊണ്ട് തമിഴര്‍ക്കെതിരെ സൈനിക നടപടിയുണ്ടായത്. 26 വര്‍ഷം നീണ്ടു നിന്ന സിംഹള എല്‍ടിടിഇ സംഘര്‍ഷത്തില്‍ 100000 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. ഇതില്‍ 40000 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് അവസാന അഞ്ചുമാസത്തെ സൈനിക നടപടിയിലായിരുന്നു.