LiveTV

Live

International

ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ പാരീസില്‍ പ്രതിഷേധം

ഫ്രാന്‍സിലെ പൊതുമേഖലയിലെയും ബജറ്റിലെയും മാക്രോണിന്റെ പുതിയ പരിഷ്കാരങ്ങള്‍ വിവിധ മേഖലകളെ ബാധിച്ചിരിക്കുകയാണ്.

ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ പാരീസില്‍ പ്രതിഷേധം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ പാരീസിലെ തെരുവുകളില്‍ ശക്തമായ പ്രതിഷേധം. തൊഴിലാളി സംഘടനകള്‍ നയിച്ച പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

ഇന്നലെ പാരീസിലെ തെരുവുകളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധം കനത്തു. ആയിരങ്ങള്‍ മാക്രോണിനെതിരായ മാര്‍ച്ചില്‍ പങ്കെടുത്തു. ഫ്രാന്‍സിലെ പൊതുമേഖലയിലെയും ബജറ്റിലെയും മാക്രോണിന്റെ പുതിയ പരിഷ്കാരങ്ങള്‍ വിവിധ മേഖലകളെ ബാധിച്ചിരിക്കുകയാണ്. ആശുപത്രികളെയും, സര്‍വകലാശാലകളെയും, പെന്‍ഷനുകളെയുമൊക്കെയാണ് ബാധിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം നടന്നത്.

പാരീസില്‍ നടത്തിയ പ്രതിഷേധം ഫ്രാന്‍സ് മുഴുവന്‍ പരക്കുമെന്ന് സംഘാടകര്‍ കരുതിയെങ്കിലും അതുണ്ടായില്ല. എങ്കിലും പാരിസ് നഗരത്തില്‍ വലിയ പ്രക്ഷേഭമാണ് നടന്നത്. ഫ്രഞ്ച് പൊലീസിന്റെ കണക്കനുസരിച്ച് 11,500 പേരാണ് ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. എന്നാല്‍ 21,500ല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നു എന്നാണ് മറ്റു മാധ്യമങ്ങളുടെ കണക്കുകള്‍.

വലിയ വരുമാനമുള്ള കമ്പനികള്‍ക്ക് നികുതി കുറച്ചുകൊടുത്തു എന്ന ആരോപണം കഴിഞ്ഞ വര്‍ഷം തന്നെ മാക്രോണിനെതിരെ ഉണ്ടായിട്ടുണ്ട്. ഒപ്പം ഭവന ആനുകൂല്യങ്ങള്‍ കുറച്ചതിലും സാമൂഹ്യ സുരക്ഷാ നികുതികള്‍ കൂട്ടിയതിലും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുണ്ട്. മാക്രോണിന്റെ ഇത്തരം നടപടികള്‍ പെന്‍ഷന്‍ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് തിരിച്ചടിയാണ്.