LiveTV

Live

International

സമാധാന നൊബേല്‍ നാദിയ മുറാദിനും ഡോ. ഡെനിസ് മുക്‌വെഗിക്കും

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്.

സമാധാന നൊബേല്‍ നാദിയ മുറാദിനും ഡോ. ഡെനിസ് മുക്‌വെഗിക്കും

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക അടിമയായിരുന്ന യസീദി പെണ്‍കുട്ടി നാദിയ മുറാദിനും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ചികിത്സിച്ച ഡോക്ടര്‍ ഡെനിസ് മുക്‌വെഗിക്കുമാണ് പുരസ്‌കാരം. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്.

കോംഗോയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡെന്നിസ് മുക്‌വെജ് പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപകനും ഡയറക്ടറുമാണ്. യുദ്ധത്തില്‍ ആയുധമായി ലൈംഗികപീഡനത്തെ ഉപയോഗിക്കുന്നത് തടയുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. ഡോ. മുക്‌വെജും സഹായിയും യുദ്ധത്തിനിടെ ലൈംഗികാതിക്രമത്തിനിരയായ നാദിയയും ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പരിശ്രമിച്ചിരുന്നു. ലൈംഗികാതിക്രമങ്ങളുടെ ഇരകളെ സഹായിക്കുന്നതിനും ഇരുവരും മുന്‍കൈയെടുത്തിരുന്നു.

ഗൈനക്കോളജിസ്റ്റായ മുക്‌വെജ് രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ ആയിരിക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിരുന്നു. 2014ല്‍ ഐ.എസിന്റെ പിടിയിലകപ്പെട്ട മുറാദ് കൊടിയ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയായിരുന്നു. 2017 വരെ ലൈംഗിക അടിമയായി ഐ.എസ് ക്യാമ്പില്‍ തുടരേണ്ടി വന്നു.

മുറാദിനെ പോലെ നിരവധി യസീദി സ്ത്രീകള്‍ ഇത്തരത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കിരകളായി മാറിയിരുന്നു. എന്നാല്‍, കേവലം ഒരു ഇരയായി കരഞ്ഞു തളര്‍ന്നിരിക്കാതെ ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഇരകളായ സ്ത്രീകളെ സഹായിക്കുന്നതിനുമായി മുന്നിട്ടിറങ്ങുകയാണ് മുറാദ് ചെയ്തത്.