LiveTV

Live

International

ലോകരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച വിക്കിലീക്സ് ആരംഭിച്ചിട്ട് 12 വര്‍ഷം

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും രേഖകളും ഉറവിടം വ്യക്തമാക്കാതെ പ്രസിദ്ധീകരിക്കുന്ന വിക്കിലീക്സ് എന്ന വെബ്‍സൈറ്റ് ആരംഭിക്കുന്നത്.

ലോകരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച വിക്കിലീക്സ് ആരംഭിച്ചിട്ട് 12 വര്‍ഷം

21ആം നൂറ്റാണ്ടില്‍ മാധ്യമ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കും അതിലേറെ വിവാദങ്ങള്‍ക്കും കാരണമായ ഒരു സംരംഭത്തിന് തുടക്കം കുറിച്ച ദിനമാണ് ഒക്ടോബര്‍ 4, 2006 . 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും രേഖകളും ഉറവിടം വ്യക്തമാക്കാതെ പ്രസിദ്ധീകരിക്കുന്ന വിക്കിലീക്സ് എന്ന വെബ്‍സൈറ്റ് ആരംഭിക്കുന്നത്. ആസ്ത്രേലിയന്‍ ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റ് ജൂലിയന്‍ അസാഞ്ച് ആണ് വിക്കിലീക്സിന്റെ സ്ഥാപകന്‍.

പത്ര - ദൃശ്യ മാധ്യമങ്ങള്‍ ലോക ജനതയെ ഏറെ സ്വാധീനിച്ച 21 ആം നൂറ്റാണ്ടില്‍ തന്നെയാണ് വിക്കിലീക്സ് നവ മാധ്യമരംഗത്ത് ചുവടുറപ്പിക്കുന്നത്. ഐസ്‌ലന്‍ഡിലെ സണ്‍ഷൈന്‍ പ്രസിന് കീഴില്‍ തുടക്കം. wikileaks.org എന്ന പേരില്‍ 2006 ഒക്ടോബര്‍ നാലിന് ഡൊമൈന്‍ നെയിം രജിസ്ടര്‍ ചെയ്തു. ആസ്ത്രേലിയന്‍ ആക്ടിവിസ്റ്റ് ജൂലിയന്‍ അസാഞ്ച് ആയിരുന്നു ആശയത്തിന് പിന്നില്‍. അസാഞ്ച് തന്നെയായിരുന്നു വെബ്സൈറ്റിന്റെ സ്ഥാപകനും വക്താവും സാമ്പത്തിക സ്രോതസ്സും.

ലോകരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച വിക്കിലീക്സ് ആരംഭിച്ചിട്ട് 12 വര്‍ഷം

സുപ്രധാനമായ വാര്‍ത്തകളും വിവരങ്ങളും തെളിവ് സഹിതം ഉറവിടം വ്യക്തമാക്കാതെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സത്യം പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരും വിസില്‍ ബ്ലോവേഴ്സും വിചാരണ നേരിടരുതെന്നും അവരുടെ ജീവന് ഭീഷണിയുണ്ടാകരുതെന്നുമായിരുന്നു അസാഞ്ചിന്റെ ലക്ഷ്യം. വെബ്‍സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് ആദ്യ വാര്‍ത്ത വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നത്.

ലോകമെമ്പാടും നിരവധി സെര്‍വറുകളുള്ള വിക്കിലീക്സിന് ഔദ്യോഗിക ആസ്ഥാനമില്ല. രാഷ്ട്രീയവും നയതന്ത്ര പ്രധാനവുമായ വെളിപ്പെടുത്തലുകള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്ന സ്വീഡനിലാണ് വിക്കിലീക്സിന്റെ മെയിന്‍ സെര്‍വര്‍.

അഫ്ഗാന്‍ യുദ്ധത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ക്കായി ചെലവഴിച്ച തുകയെ കുറിച്ചുള്ള രേഖകള്‍, കെനിയയിലെ അഴിമതി അന്വേഷണ റിപ്പോര്‍ട്ട്, ഇറാഖില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍, ഗ്വണ്ടനാമോ ക്യാമ്പിലെ തടവുകാരെ കുറിച്ചുള്ള രഹസ്യ രേഖകള്‍ എന്നിവ വിക്കിലീക്സ് പുറത്ത് വിട്ട ലോകശ്രദ്ധ നേടിയ വാര്‍ത്തകളാണ് .

ലോകരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച വിക്കിലീക്സ് ആരംഭിച്ചിട്ട് 12 വര്‍ഷം

എന്നാല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പ്രസിദ്ധീകരിച്ചതിലൂടെയാണ് വിക്കിലീക്സ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നത്. 2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രഹസ്യരേഖകളും ഇ മെയിലുകളും ട്രംപിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നതായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്നതാണ് വിക്കിലീക്സിന് എതിരെയുള്ള പ്രധാന വിമര്‍ശനം . അമേരിക്ക പോലുള്ള വന്‍കിട രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് വാര്‍ത്തകളെന്നും ആരോപണമുണ്ട്.

ടൈംസ് മാഗസിന്റെ വായനക്കാര്‍ തെരഞ്ഞെടുത്ത പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, ദി എക്കണോമിസ്റ്റിന്റെ ന്യൂ മീഡിയ അവാര്‍ഡ്, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ യു കെ മീഡിയ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വിക്കിലീക്സിന് ലഭിച്ചിട്ടുണ്ട്. വാര്‍ത്തയെ കുറിച്ചുള്ള കാഴ്ചപ്പാടും മാധ്യമ സംസ്കാരവും തിരുത്തിയെഴുതിയ, ലോകരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പ്രധാന വാര്‍ത്തകള്‍ പുറത്ത് വിട്ട വെബ്‍സൈറ്റ് എന്നായിരിക്കും ചരിത്രം വിക്കിലീക്സിനെ രേഖപ്പെടുത്തുക.