LiveTV

Live

International

ശാസ്ത്ര നൊബേലുകള്‍ പരാജയമോ?

നോബേൽ സമ്മാനങ്ങൾ നിശ്ചയിക്കുന്ന രീതി ആധുനിക ശാസ്ത്ര ഗവേഷണ രീതികളുമായി സമന്വയിക്കുന്നില്ല എന്നതാണ് ഒരു വിമർശനം.

ശാസ്ത്ര നൊബേലുകള്‍ പരാജയമോ?

ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിക്കുന്ന വളരെ കുറച്ച് ശാസ്ത്രജ്ഞന്മാരുടെ തലവര മുഴുവനായും മാറാൻ പോവുന്ന ദിവസങ്ങളാണ് നോബേൽ പുരസ്കാര പ്രഖ്യാപന നാളുകൾ. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം എന്നീ മേഖലകളിൽ അവർ നേടുന്ന പുരസ്കാരങ്ങൾ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും. പണം മാത്രമല്ല, സമൂഹത്തിൽ അനുപമമായ ഒരു സ്ഥാനവും അവർക്ക് സ്വന്തമാവും. ശാസ്ത്ര സംബന്ധവും അല്ലാത്തതുമായ വിഷയങ്ങളിൽ അവർ നൽകുന്ന അഭിപ്രായങ്ങൾ ലോകം അത്യന്തം ബഹുമാനത്തോടെ പരിഗണിക്കും.

എന്നാൽ മറുവശത്ത് ശാസ്ത്രജ്ഞന്മാരെ പൂജാ പാത്രങ്ങളാക്കുന്ന ഈ പുരസ്കാരം പല വിധ വിശകലനങ്ങൾക്കു കൂടി വിധേയമായിക്കൊണ്ടിരിക്കുകയാണ്. നോബേൽ സമ്മാനങ്ങൾ നിശ്ചയിക്കുന്ന രീതി ആധുനിക ശാസ്ത്ര ഗവേഷണ രീതികളുമായി സമന്വയിക്കുന്നില്ല എന്നതാണ് ഒരു വിമർശനം. വ്യക്തികളെ ആദരിക്കുന്നതിലൂടെ ശാസ്ത്രജ്ഞർക്കിടയിൽ സഹകരണത്തേക്കാൾ കൂടുതൽ മത്സരമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും പുരസ്കാരങ്ങൾ നിശ്ചയിക്കപ്പെടുന്ന രീതി മാറണമെന്നും ഇവർ വാദിക്കുന്നു.

“നോബേൽ സമ്മാനങ്ങൾ സ്ഥാപിച്ച വ്യക്തിയുടെ ഉള്ളിൽ ഒരു സ്വപ്നമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്ന് വളരെയകലെയാണ് ഇന്ന് ഈ പുരസ്കാരങ്ങൾ നിൽക്കുന്നത്. അതിനെ പൂർണമായി മാറ്റി സംവിധാനം ചെയ്യേണ്ടതുണ്ട്,” കാലിഫോർണിയ സർവകലാശാലയിൽ പ്രവർത്തിക്കുന്ന പ്രപഞ്ചഘടനാ ശാസ്ത്രജ്ഞനായ ബ്രയൻ കീറ്റിങ് പറയുന്നു.

ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയായ റോയൽ സൊസൈറ്റിയുടെ പ്രസിഡന്റും രസതന്ത്രത്തിൽ നൊബേൽ പുരസ്കാര ജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണനും പുരസ്കാരത്തെ വിമർശിച്ചിട്ടുണ്ട്. നൊബേൽ പുരസ്കാരം “ഒരു ഭാഗ്യക്കുറി പോലെ ആയി വരുന്നുണ്ടെ”ന്നും സ്വജനപക്ഷപാതം പുരസ്കാരങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്നും ജീൻ മഷീൻ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്.

ശാസ്ത്രത്തിന്റെ ഏതൊക്കെ മേഖലകളാണ് കൂടുതൽ പ്രധാനം എന്ന കാര്യത്തിൽ ജനങ്ങൾക്ക് ഇടുങ്ങിയ ഒരു കാഴ്ചപ്പാട് നൽകാനും ഈ പുരസ്കാരം കാരണമാകുന്നുണ്ട് എന്ന് ജ്യോതിശാസ്ത്രജ്ഞനായ മാർട്ടിൻ റീസ് ചൂണ്ടിക്കാണിക്കുന്നു. “രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം- മൂന്ന് മേഖലകളിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. ഗണിതം, കമ്പ്യൂട്ടിങ്, റോബോട്ടിക്സ്, ആർടിഫിഷ്യൽ ഇന്റലിജൻസ്, പ്രകൃതിശാസ്ത്രം എന്നിങ്ങനെയുള്ള പല മേഖലകളും അവഗണിക്കപ്പെടുകയാണ്.”

പുരസ്കാര കമ്മിറ്റി ഇത്രയും രഹസ്യസ്വഭാവത്തോടെ പെരുമാറുന്നതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. “വേറെ ആരുടെയൊക്കെ പേര് നിർദ്ദേശിക്കപ്പെട്ടെന്നോ ആര് നിർദ്ദേശിച്ചെന്നോ അറിയില്ല. പുതിയ പോപ്പിന്റെ പേര് പറയുന്നതു പോലെ മലമുകളിൽ നിന്ന് ഒരു പ്രഖ്യാപനം മാത്രമാണ് ലഭിക്കുന്നത്.”

സ്വീഡിഷ് ആയുധ നിർമ്മാതാവായിരുന്ന ആൽഫ്രഡ് നൊബേലാണ് ശാസ്ത്രം, സമാധാനം, സാഹിത്യം എന്നീ മേഖലകളിൽ പുരസ്കാരങ്ങൾ നൽകണമെന്ന് തന്റെ വിൽപത്രത്തിൽ എഴുതിവെച്ചത്. 1901 മുതൽ നൽകി വന്ന മൊത്തം പുരസ്കാര തുക ഒരു ബില്യൺ ഡോളറിന് മുകളിൽ വരും. ‘ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട പുരസ്കാരം’ എന്നാണ് കീറ്റിങ് ഇതിനെ വിശേഷിപ്പിക്കുന്നത്.

മേരി ക്യൂറി തന്റെ പരീക്ഷണ ശാലയില്‍
മേരി ക്യൂറി തന്റെ പരീക്ഷണ ശാലയില്‍

മേരി ക്യൂറി, പിയർ ക്യൂറി, പൌൾ ഡ്യൂരാക്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവർ പുരസ്കാരത്തിന്റെ ആദ്യകാല ജേതാക്കളിൽ പെടുന്നു. ഒറ്റക്ക് പ്രവർത്തിച്ചു കൊണ്ട് കണികാ ഊർജ്ജതന്ത്രം, ആപേക്ഷികതാ സിദ്ധാന്തം തുടങ്ങിയ ഗവേഷണ മേഖലകളിൽ വലിയ കണ്ടുപിടുത്തങ്ങൾ നടത്താൻ സാധിക്കുന്ന ഒരു കാലത്തിലാണ് ഇവർ ജീവിച്ചിരുന്നത്. എന്നിട്ടും അത്യന്തം അർഹരായ പലരും അക്കാലത്തും വിട്ടുപോയിട്ടുണ്ടെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവായ ഡിമിട്ട്രി മെണ്ടലീവ്, പരമാണുകേന്ദ്രവിഘടനം (Nuclear fission) കണ്ടുപിടിച്ച ലീസ് മയ്റ്റ്നർ തുടങ്ങിയവർ അർഹരായിരുന്നിട്ടും പുരസ്കാര ജേതാക്കളായില്ല.

പിന്നീട് നോബേൽ കമ്മിറ്റി നിലവിൽ കൊണ്ടുവന്ന പല നിയമങ്ങളും ഈ അനീതി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. മൂന്നിൽ കൂടുതൽ ആളുകൾക്ക് ഒരു മേഖലയിൽ സമ്മാനം നൽകാനാവില്ലെന്ന നിയമമാണ് ഒരു ഉദാഹരണം. 2013ൽ അണുവിന്റെ ഘടകഭാഗം കണ്ടെത്തിയതിന് പീറ്റർ ഹിഗ്സിനും ഫ്രാൻഷ്വാ ഓങ്ഗ്ലേറിനും മാത്രം പുരസ്കാരം നൽകിയതും ഇതു കൊണ്ടാണ്. 2012ലാണ് ഹിഗ്സ് ബോസോൺ എന്ന് നാമകരണം ചെയ്യപ്പെട്ട ഘടകഭാഗം കണ്ടുപിടിക്കപ്പെടുന്നത്. എന്നാൽ ഇവർ രണ്ടു പേർ മാത്രമല്ല, ആറു പേരടങ്ങുന്ന ഒരു സംഘമാണ് ഇതിനു മേൽ സൈദ്ധാന്തിക ഗവേഷണം നടത്തിയത്. ഇതിൽ ടോം കിബ്ൾ (അദ്ദേഹം 2016ൽ അന്തരിച്ചു) പുരസ്കാരത്തിന് മറ്റാരെയും പോലെ അർഹനായിരുന്നു എന്ന് റീസും സംഘത്തിലെ മറ്റൊരു ശാസ്ത്രജ്ഞനായിരുന്ന ഗെറി ഗുറൽനിക്ക് അർഹനായിരുന്നു എന്ന് കീറ്റിങ്ങും വാദിക്കുന്നു. എന്നാൽ രണ്ടു പേരും തെരഞ്ഞെടുക്കപ്പെട്ടില്ല.

ഗുരുത്വാകർഷണതരംഗങ്ങളെ കുറിച്ചുള്ള പഠനമാണ് കഴിഞ്ഞ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരത്തിനർഹമായത്. ആയിരത്തോളം ശാസ്ത്രജ്ഞന്മാർ ഗവേഷണ രേഖയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും പുരസ്കാരം ലഭിച്ചത് വെറും മൂന്നു പേർക്കാണ്.

“മൂന്നു പേരിൽ ഒതുക്കുന്ന നിയമം അന്യായകരമാണെന്ന് മാത്രമല്ല, ഒന്നോ രണ്ടോ (മിക്കപ്പോഴും വെള്ളക്കാരായ പുരുഷന്മാരായ) ശാസ്ത്രജ്ഞരുടെ ഒറ്റയായ പരിശ്രമം കൊണ്ട് മാത്രമാണ് ശാസ്ത്രം പുരോഗമിക്കുന്നതെന്ന തെറ്റായ കാഴ്ചപ്പാട് സൃഷ്ടിക്കുകയും ചെയ്യും. അവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിശാലമായ സംവിധാനങ്ങൾ ഇവിടെ അവഗണിക്കപ്പെടുകയാണ്,” കീറ്റിങ് പറയുന്നു.

വെറും രണ്ട് സ്ത്രീകൾക്ക് മാത്രമാണ് ഭൗതികശാസ്ത്രത്തിൽ ഇതു വരെ നൊബേൽ പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ ബഹുമതി ഒരു സ്ത്രീയെയും തേടി വന്നിട്ടില്ല.

വില്ല്യം ശോക്ലി
വില്ല്യം ശോക്ലി

കണ്ടുപിടുത്തങ്ങൾ ഒറ്റയാൾ പ്രയത്നമാണെന്ന വിശ്വാസം ആളുകളുടെ മനസ്സിൽ ജേതാക്കൾക്ക് ഈശ്വരതുല്യമായ സ്ഥാനമാണ് നേടിക്കൊടുക്കുന്നത്.

“ശാസ്ത്രം എന്നത് ഒരു കൂട്ടായ ശ്രമമാണ്. ഇതിന് പകരം കുറച്ച് ശാസ്ത്രജ്ഞർക്ക് അമാനുഷികമായ കഴിവുകൾ ഉള്ളതു പോലെയുള്ള തോന്നൽ സൃഷ്ടിക്കുകയാണ് ഈ പുരസ്കാരങ്ങൾ ചെയ്യുന്നത്,” ഹാർവാർഡിലെ ശാസ്ത്ര ചരിത്രകാരനായ നഓമി ഒറെസ്കസ് പറയുന്നു.

“ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കു പോലും പരിമിതമായ അനുഭവങ്ങളെ ഉണ്ടാവൂ. ഏതു കാര്യവും പിന്തുണക്കാൻ ഒരു നോബേൽ ജേതാവിനെ കണ്ടുപിടിക്കാൻ സാധിക്കും. ഇതു വെച്ച് പലരും അവരുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്യാറുമുണ്ട്,” റീസ് പറയുന്നു.

വില്ല്യം ശോക്ലിയാണ് മറ്റൊരുദാഹരണം. നോബേൽ ജേതാവെന്ന തന്റെ സ്ഥാനമുപയോഗിച്ച് ബുദ്ധിശക്തിയെക്കുറിച്ച് വംശീയമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന് അനുഭവവമോ വിവരമോ ഇല്ലാത്ത ഒരു മേഖലയായിരുന്നു അത്

അതിചാപകത്വത്തെക്കുറിച്ചുള്ള ഗവേഷണത്തിന് 1973ൽ ഭൗതികശാസ്ത്രത്തിന് നോബേൽ പുരസ്കാരം നേടിയ നോർവീജിയക്കാരനായ ഇവാർ ഗിയാവേർ ഇതിനൊരുദാഹരണമാണ്. പലരെയും സ്തംഭിപ്പിച്ചു കൊണ്ട് ആഗോളതാപനം ഭൂമിയെ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്ന പ്രസ്താവനയുമായി പിന്നീട് അദ്ദേഹം മുന്നോട്ടു വന്നു.

“വില്ല്യം ശോക്ലിയാണ് മറ്റൊരുദാഹരണം. നോബേൽ ജേതാവെന്ന തന്റെ സ്ഥാനമുപയോഗിച്ച് ബുദ്ധിശക്തിയെക്കുറിച്ച് വംശീയമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന് അനുഭവവമോ വിവരമോ ഇല്ലാത്ത ഒരു മേഖലയായിരുന്നു അത്,” ഒറെസ്കെസ് കൂട്ടിച്ചേർക്കുന്നു.

വ്യക്തികൾക്ക് പുറമെ സംഘടനകൾക്കു കൂടി പുരസ്കാരം കൊടുക്കുന്നത് നല്ല ദിശയിലുള്ള ഒരു മാറ്റമാണെന്നും നിരീക്ഷകർ പറയുന്നുണ്ട്. 2007ൽ സമാധാന നോബേൽ ആൽ ഗോറും ഇന്റർഗവർമെന്റല്‍ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചും കൂടിയാണ് പങ്കിട്ടത്. റെഡ് ക്രോസ് സംഘടനയും നിരവധി തവണ പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്.

“ഗുരുത്വാകർഷണതരംഗവും ഹിഗ്സ് ബോസോണും കണ്ടുപിടിക്കാൻ പരിശ്രമിച്ച സംഘങ്ങൾക്ക് പുരസ്കാരം നൽകിയിരുന്നെങ്കിൽ ഈ വ്യക്തിപൂജ ഒഴിവാക്കാനാവുമായിരുന്നു. ഇത്തരത്തിലുള്ള മാറ്റമാണ് നമുക്കാവശ്യം,” കീറ്റിങ് അഭിപ്രായപ്പെടുന്നു.

കടപ്പാട്: ദി ഗാർഡിയൻ