LiveTV

Live

International

ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരണം 832 കവിഞ്ഞു  

എത്രത്തോളം ആളുകള്‍ ദുരന്തത്തില്‍ അകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. പാലു നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഇന്നലെ 7.5 തീവ്രതയില്‍ ഭൂചലനമുണ്ടായി

ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരണം 832 കവിഞ്ഞു  

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും കൂടുതല്‍ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അറന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.ആയിരക്കണക്കിന് പേരെ കാണാതായി. ദുരന്ത ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തത് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. സുലവേസി ദ്വീപിലെ പല മേഖലകളിലും എത്തിപ്പെടാന്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല. പലയിടത്തെയുംഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. എത്രത്തോളം ആളുകള്‍ ദുരന്തത്തില്‍ അകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. പാലു നഗരത്തില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെ ഇന്നലെ ഉച്ചയോടെ 7.5 തീവ്രതയില്‍ ഭൂചലനമുണ്ടായി. പിന്നീട് പലതവണ തുടര്‍ചലനങ്ങളും. സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്ത ഭീമന്‍ തിരകള്‍ കീഴ്‌പ്പെടുത്തി.

പതിനെട്ട് അടിയിലധികം ഉയരത്തിലാണ് ഭീമന്‍ തിരകളെത്തിയത്. തിരമാലകള്‍ ഉയര്‍ന്നപ്പോള്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. മരിച്ച മുഴുവന്‍ പേരും പാലു നഗരത്തിലുള്ളവരാണ്. ബിച്ച് ഫെസ്റ്റിവല്‍ നടക്കുന്നതിനാല്‍ നിരവധി ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും തിരമാലയില്‍ പെട്ടു. ഇതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.

രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ വ്യക്തമാക്കിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തില്‍ നിന്ന് നൂറ് കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളിലും വന്‍തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരണ സേന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.