LiveTV

Live

International

അടുത്ത യുദ്ധം മത്സ്യങ്ങൾക്ക് വേണ്ടിയോ? 

മത്സ്യത്തിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ പരസ്പരം സായുധ പോരാട്ടങ്ങളും യുദ്ധങ്ങളും നടത്തുമെന്നത് അതിശയമുണ്ടാക്കുന്നതാണെങ്കിലും അതാണ് വസ്തുത

അടുത്ത യുദ്ധം മത്സ്യങ്ങൾക്ക് വേണ്ടിയോ? 

മനുഷ്യർ എക്കാലത്തും കടലിനെ ആശ്രയിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ ജീവിച്ചിരിക്കുന്ന കാലത്തോളം മത്സ്യത്തിന്റെ പേരിൽ സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും. എന്നാൽ, മത്സ്യത്തിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ പരസ്പരം സായുധ പോരാട്ടങ്ങളും യുദ്ധങ്ങളും നടത്തുമെന്നത് അതിശയമുണ്ടാക്കുന്നതാണെങ്കിലും അതാണ് വസ്തുത.

മത്സ്യതൊഴിലാളികൾ ജീവിച്ചിരിക്കുന്ന കാലത്തോളം മത്സ്യത്തിന്റെ പേരിൽ സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവുകയും ചെയ്യും. എന്നാൽ, മത്സ്യത്തിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ പരസ്പരം സായുധ പോരാട്ടങ്ങളും യുദ്ധങ്ങളും നടത്തുമെന്നത് അതിശയമുണ്ടാക്കുന്നതാണെങ്കിലും അതാണ് വസ്തുത

രാജ്യങ്ങൾക്കിടയിലെ അധികാരത്തിന് വേണ്ടിയുള്ള കിടമത്സരം വീണ്ടും ആരംഭിച്ചിരിക്കുന്നത് മത്സ്യത്തെ ചൊല്ലിയുള്ള ഒരു യുദ്ധത്തിന്റെ സാധ്യത കൂട്ടുന്നുമുണ്ട്. അമേരിക്ക കഴിഞ്ഞ പതിനേഴ് വർഷമായി തീവ്രവാദത്തിന് എതിരെയുള്ള യുദ്ധത്തിലും അധികാര യുദ്ധങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സംഭരിക്കുന്നതിലും വ്യാപൃതമായിരുന്നതിനാൽ ഭക്ഷണത്തിന്റെ പേരിലുള്ള ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പൊന്നും ഇതുവരെ നടന്നിരുന്നില്ല.

എന്നാൽ, ലോക രാജ്യങ്ങൾ വരുമാനത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിൽ എത്തിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് വേണ്ടിയുള്ള ആവശ്യം അധികരിപ്പിക്കും. പ്രത്യേകിച്ച് ഓരോ രാജ്യങ്ങൾക്കും കൂടുതൽ പ്രോട്ടീനുകൾ ആവശ്യമായി വരും. 2017 പകുതിക്കും 2050 നുമിടയിൽ ഭൂമിയിലെ ജനസംഖ്യ 29 ശതമാനത്തോളം വർധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് 7.6 ബില്യൺ മനുഷ്യർ 9.8 ബില്യൺ ആയി വർധിക്കും.

ഈ ജനസംഖ്യ വർധനവിൽ ഭൂരിഭാഗവും സംഭവിക്കുക ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമായിരിക്കും. ഇവിടങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യർ കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് മധ്യവർഗ്ഗ ജീവിതം നയിക്കാൻ തുടങ്ങിയിട്ടുണ്ട്. മധ്യവർഗ്ഗ ജീവിത ശൈലിയിൽ അതിനോട് കിടപിടിക്കുന്ന ഒരു ഭക്ഷണ രീതിയും വളരെ പ്രധാനമാണ്. പാവപ്പെട്ട ആളുകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീനുകളും അവർക്ക് ആവശ്യമായി വരും. ഈയൊരു മാറ്റത്തിന്റെ ഫലമായി മൊത്തം ജനസംഖ്യ വളർച്ചയെക്കാൾ കൂടുതൽ പ്രോട്ടീനുകൾ ആവശ്യമായ ഒരു സാഹചര്യം ഉടലെടുക്കും. തന്മൂലം ഓരോ വർഷവും 62 മുതൽ 159 മെട്രിക് ടൺ പ്രോട്ടീനുകൾ കൂടുതലായി വേണ്ടി വരും.

അടുത്ത യുദ്ധം മത്സ്യങ്ങൾക്ക് വേണ്ടിയോ? 

ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കൾക്ക് തങ്ങളുടെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ പിന്തുണ ഉറപ്പാക്കണമെങ്കിൽ അവർക്ക് ആവശ്യമായ ഭക്ഷണവും പ്രോട്ടീനുകളും ലഭ്യമാക്കേണ്ടി വരും. എന്നാൽ, ഇതിന് വേണ്ടി കടൽ മത്സ്യങ്ങളും കൃഷി ചെയ്ത് വളർത്തുന്ന മത്സ്യങ്ങളും മതിയാകാതെ വരും. നിലവിൽ 94 മില്യൺ മെട്രിക് ടൺ മത്സ്യസമ്പത്താണ് ഓരോ വർഷവും കടലിൽ നിന്നും പിടിക്കുന്നത്. അതുപോലെ, ട്യൂണ പോലുള്ള ദേശാടന മത്സ്യങ്ങളും കൂടുതൽ ദൂരം സഞ്ചരിക്കാത്ത മത്സ്യങ്ങളും അമിതമായ അളവിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കപ്പെടുന്നത്.

മത്സ്യലഭ്യതക്കുറവ് മൂലം ചൈനീസ് മത്സ്യബന്ധന വള്ളങ്ങൾ ഇപ്പോൾ തന്നെ അവയുടെ പരിധിയും വിട്ട് മത്സ്യബന്ധനം നടത്താൻ നിർബന്ധിതരായിട്ടുണ്ട്. ലോക മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അനിയന്ത്രിതവും നിയമവിരുദ്ധവുമായ മത്സ്യബന്ധനം ഈ ശ്രമങ്ങൾക്കൊക്കെ വിഘാതം സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആഗോള മത്സ്യബന്ധനത്തിന്റെ 20 മുതൽ 50 ശതമാനം വരെ ഇത്തരത്തിൽ നിയമവിരുദ്ധമായി നടക്കുന്നതാണ്. ഇത് സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. മത്സ്യതൊഴിലാളികൾക്ക് അവരുടെ വരുമാന മാർഗ്ഗം ഇല്ലാതാവുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ കഷ്ടപ്പെടേണ്ടി വരികയും ചെയ്യുന്നു. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സെൻട്രൽ അമേരിക്കയിലെ മത്സ്യത്തൊഴിലാളികൾ. വരുമാനം നിലച്ചതോടെ ജീവിത മാർഗ്ഗം കണ്ടെത്താൻ അവർക്ക് ലഹരി കച്ചവടത്തിലേക്കും സംരക്ഷിത മത്സ്യമേഖലകളിൽ മോഷണം നടത്തുന്നതിലേക്കും തിരിയേണ്ടി വന്നു. ഇത് അക്രമങ്ങൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്തു.

അടുത്ത യുദ്ധം മത്സ്യങ്ങൾക്ക് വേണ്ടിയോ? 

തങ്ങളുടെ പൗരന്മാർ ആവശ്യപ്പെടുന്ന വിഭവങ്ങൾ സംരക്ഷിക്കാൻ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ടാകും. അതിന് വേണ്ടി അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളുമൊക്കെ ലംഘിക്കാൻ അവർ തയ്യാറാകും. ഈ സമ്മർദ്ദം രണ്ടു വ്യത്യസ്ത രീതിയിൽ സംഘട്ടനത്തിനുള്ള വിത്തുകൾ പാകും. ഒന്നാമതായി, മത്സ്യബന്ധന ബോട്ടുകളുടെയും വള്ളങ്ങളുടെയും ഉപയോഗത്തിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള സമുദ്രത്തിന്റെ കാര്യത്തിലും ചില രാജ്യങ്ങൾ അവരുടെ മേൽകോയ്മ കാണിക്കാൻ ശ്രമിക്കും. രണ്ടാമതായി, ആവശ്യം വർധിക്കുകയും വിതരണം കുറയുകയും ചെയ്യുന്നത് മൂലം ഉണ്ടാകുന്ന അനധികൃത മത്സ്യബന്ധനം ശക്തമായ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും നിർബന്ധിതരാക്കും. അത് പിന്നീട് ശരിക്കും യുദ്ധത്തിന് വഴിവെക്കും.

1982 ൽ സമുദ്ര നിയമങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന നടത്തിയ സമ്മേളനമാണ് എല്ലാ രാജ്യങ്ങളുടെയും സമുദ്രാതിർത്തിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ നയരേഖ. അമേരിക്ക ഒഴികെ 150 ഓളം രാജ്യങ്ങൾ ഈ കരാർ അംഗീകരിച്ചിട്ടുണ്ട്. യു.എൻ.സി.എൽ.ഒ.എസ് എന്നപേരിൽ അറിയപ്പെടുന്ന ഈ കരാർ പ്രകാരം ഒരു രാജ്യത്തിന് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ 200 നോട്ടിക്കൽ മൈൽ സമുദ്രപ്രദേശത്തിനുള്ളിലെ മത്സ്യമുൾപ്പെടെയുള്ള ഏത് വിഭവത്തിന്റെ മേലും അവകാശമുണ്ട്. എക്സ്ക്ലൂസീവ് ഇക്കണോമിക് സോണുകൾ (ഇ.ഇ.ഇസഡ്) എന്നാണ് ഈ മേഖലകൾ അറിയപ്പെടുന്നത്. ഈ മേഖലകൾക്കുള്ളിലുള്ള സമുദ്രപ്രദേശം സംരക്ഷിക്കാൻ ഓരോ രാജ്യത്തിനും ഉത്തരവാദിത്വമുണ്ട്. എന്നാൽ, ഇവക്കപ്പുറത്തേക്കുള്ള സമുദ്രപ്രദേശങ്ങളിൽ മത്സ്യബന്ധനവും മറ്റും നിയന്ത്രിക്കുന്നത് ഇരുപതിൽ കൂടുതൽ വരുന്ന അന്താരാഷ്ട്രവും പ്രാദേശികവുമായ സംവിധാനങ്ങളാണ്. ലോകത്തുടനീളമുള്ള ഏജൻസികളും രാജ്യങ്ങൾക്കിടയിലുള്ള പരസ്പര കരാറുകളുമൊക്കെയാണ് ഈ പ്രദേശങ്ങളിൽ നിയമം നടപ്പിലാക്കുന്നത്. ഇത് തർക്കങ്ങളുണ്ടാക്കാൻ പര്യാപ്തമാണോ എന്ന് ചോദിച്ചാൽ ആണ് എന്നുതന്നെയാണ് ഉത്തരം.

അടുത്ത യുദ്ധം മത്സ്യങ്ങൾക്ക് വേണ്ടിയോ? 

സമുദ്രാതിർത്തിയുടെ പേരിൽ പല രാജ്യങ്ങൾക്കിടയിലും ഇപ്പോൾ തന്നെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കയുടെയും കാനഡയുടെയും ഇടയിൽ ന്യൂ ബ്രൺസ്‌വിക്കിന്റെ തീരത്തുള്ള ദ്വീപുകളെ ചൊല്ലിയുള്ള തർക്കം. ചൈന അവകാശവാദം ഉന്നയിക്കുന്ന തെക്ക്-കിഴക്കൻ ചൈനീസ് സമുദ്ര മേഖലയും ഈ തർക്ക പ്രദേശങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശത്ത് ചൈന നിരന്തരം സൈനിക പട്രോളിങ് നടത്തുകയും തകൃതിയായ ദ്വീപ് നിർമ്മാണം നടത്തുകയും ചെയ്യുന്നുണ്ട്. തങ്ങൾ അവകാശവാദം ഉന്നയിച്ച പ്രദേശത്ത് സദാ സാന്നിധ്യം അറിയിക്കുന്നതിലൂടെ ആ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാക്കാമെന്നാണ് ബെയ്‌ജിങിന്റെ കണക്കുകൂട്ടൽ. സാന്നിധ്യം അറിയിക്കാനുള്ള എളുപ്പമാർഗ്ഗമാണ് മത്സ്യബന്ധന വള്ളങ്ങൾ അയക്കുക എന്നത്. അതാകുമ്പോൾ മറ്റുള്ള രാജ്യങ്ങളുടെ സൈനിക നടപടിയും നേരിടേണ്ടി വരില്ല. സൈനിക കപ്പലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ മത്സ്യബന്ധന വള്ളങ്ങൾക്കുള്ള ചിലവ് തുച്ഛവുമാണ്.

തങ്ങളുടെ നിയന്ത്രണത്തിലില്ലാത്ത സമുദ്രമേഖലകളിൽ മത്സ്യബന്ധനം നടത്തുന്ന കപ്പലുകൾക്ക് ചൈന വർഷങ്ങളായി സാമ്പത്തിക സഹായവും സൈനിക പിന്തുണയും നൽകുന്നുണ്ട്. പല രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന സമുദ്രമേഖലകളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മേൽ ചൈന തങ്ങളുടെ നിയമങ്ങൾ അടിച്ചേൽപ്പിക്കാറുമുണ്ട്. 1990 മുതൽ മാസങ്ങളോളം സൗത്ത് ചൈനാ സമുദ്രപ്രദേശത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കാറില്ല. തങ്ങളുടെ അതിർത്തി രക്ഷ സേനയുടെ സായുധ കപ്പലുകൾ ഉപയോഗിച്ചാണ് ചൈനാ ഈ ഭാഗത്ത് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാറുള്ളത്. വിദേശ മത്സ്യതൊഴിലാളികളുമായി അക്രമാസക്തമായ സംഘട്ടനത്തിലും ചൈനീസ് കോസ്റ്റ് ഗാർഡ് ഏർപ്പെടാറുണ്ട്.

അർജന്റീനൻ കടൽത്തീരത്ത് മത്സ്യബന്ധനം നടത്തുന്ന ചൈനീസ് ബോട്ടിനു നേരെ വെടിയുതിർക്കുന്ന അർജന്റീനയുടെ നാവിക സേനാംഗം 
അർജന്റീനൻ കടൽത്തീരത്ത് മത്സ്യബന്ധനം നടത്തുന്ന ചൈനീസ് ബോട്ടിനു നേരെ വെടിയുതിർക്കുന്ന അർജന്റീനയുടെ നാവിക സേനാംഗം 

അനധികൃത മത്സ്യബന്ധനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളും യുദ്ധത്തിന് വഴിവെക്കും. നിലവിൽ, ആഗോള മത്സ്യസമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗം ഉപയോഗിക്കുന്നത് ചൈനയാണ്. തങ്ങളുടെ പൗരന്മാരുടെ പിന്തുണ ഉറപ്പാക്കാൻ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന കപ്പൽ ശ്രിംഖല ചൈനയുടേതാണ്. 2500 ൽ കൂടുതൽ കപ്പലുകളാണ് ചൈന ഇതിനായി ഉപയോഗിക്കുന്നത്. ഒരു നിയന്ത്രണവും അവകാശപ്പെടാനില്ലാത്ത സെനഗലിന്റെയും അർജന്റീനയുടെയും തീരങ്ങളിൽ പോലും ചൈന മത്സ്യബന്ധനം നടത്തുന്നുണ്ട്. ചൈനയുടെ അനധികൃത മത്സ്യബന്ധനം നിയന്ത്രിക്കാൻ അമേരിക്ക പോലെയുള്ള രാജ്യങ്ങൾ ഇടപെട്ടാൽ അതും വലിയ രീതിയിലുള്ള യുദ്ധത്തിന് കാരണമാകും.

ചുരുക്കത്തിൽ, അധികാരത്തിനും പിടിച്ചടക്കലിനും വേണ്ടിയുള്ള യുദ്ധങ്ങളെക്കാൾ കൂടുതൽ ലോകരാജ്യങ്ങൾക്കിടയിൽ ഭക്ഷണത്തെ ചൊല്ലിയുള്ള യുദ്ധങ്ങൾ രൂക്ഷമാകും. പ്രത്യേകിച്ച് മത്സ്യങ്ങളുടെ പേരിലുള്ള രക്തപങ്കിലമായ യുദ്ധങ്ങൾ

നിലവിലുള്ള മത്സ്യസമ്പത്തിൽ കുറവ് വരുന്നതും ലോകരാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകാൻ കാരണമാകും. ചുരുക്കത്തിൽ, അധികാരത്തിനും പിടിച്ചടക്കലിനും വേണ്ടിയുള്ള യുദ്ധങ്ങളെക്കാൾ കൂടുതൽ ലോകരാജ്യങ്ങൾക്കിടയിൽ ഭക്ഷണത്തെ ചൊല്ലിയുള്ള യുദ്ധങ്ങൾ രൂക്ഷമാകും. പ്രത്യേകിച്ച് മത്സ്യങ്ങളുടെ പേരിലുള്ള രക്തപങ്കിലമായ യുദ്ധങ്ങൾ.