LiveTV

Live

International

മ്യാന്‍മറില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയക്കണമെന്ന് യു.എന്‍

മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ജനതക്ക് നേരെ നടത്തിയത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു

മ്യാന്‍മറില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയക്കണമെന്ന് യു.എന്‍

മ്യാന്‍മറില്‍ അറസ്റ്റിലാക്കപ്പെട്ട റോയിറ്റേഴ്സ് മാധ്യമപ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അതിനിടെ ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. റോഹിങ്ക്യന്‍ വംശഹത്യയില്‍ സൈന്യത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജെറിമി ഹണ്ട്, ആങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് മ്യാന്‍മറിലെത്തിയത്. റാഖൈന്‍ സന്ദര്‍ശിച്ച ജെര്‍മി ഹണ്ട് സ്ത്രീകളും കുട്ടികളുമടക്കം റോഹിങ്ക്യകളുമായി കൂടിക്കാഴ്ച നടത്തി. റോഹിങ്ക്യന്‍ വംശഹത്യക്ക് ശേഷമുള്ള അവരുടെ ജീവിതത്തെ കുറിച്ച് ചോദിച്ചറിഞ്ഞു.

മ്യാന്‍മറിലെ ജനാധിപത്യ നേതാവ് ആങ് സാന്‍ സൂചിയുമായും ജെര്‍മി ഹണ്ട് കൂടിക്കാഴ്ച നടത്തി. റോഹിങ്ക്യന്‍ ജനതയുടെ വംശഹത്യക്ക് ഉത്തരവാദികളായ സൈന്യത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹണ്ട് സൂചിയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ബ്രിട്ടന്‍ ഈ വിഷയം ഉന്നയിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച മ്യാന്‍മര്‍ സര്‍ക്കാര്‍ നടപടിയിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ജനതക്ക് നേരെ നടത്തിയത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. കമാന്‍ഡര്‍ ഇന്‍ ചീഫടക്കം അഞ്ച് പേര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അന്വേഷണ സമിതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ റോഹിങ്ക്യന്‍ കൂട്ടക്കൊലയില്‍ ആങ് സാന്‍ സൂചി തുടരുന്ന നിസംഗത അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. റാഖൈനിലെ പ്രശ്നങ്ങൾ സര്‍ക്കാര്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സൂചി പറയുന്നത്.