LiveTV

Live

International

“ജസ്റ്റ് ബേണ്‍ ഇറ്റ്”; നൈക്കും ട്രംപും കോപ്പര്‍നിക്കും പിന്നെ ചില വംശീയകളികളും

അമേരിക്കയിലെ വംശീയതയതക്കെതിരായി ദേശീയ ഗാനത്തിനിടെ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ച കോളിന്‍ കോപ്പര്‍നിക്കിനെ ഉള്‍പ്പെടുത്തി ‘നൈക്ക്’ പരസ്യ കാമ്പയിന്‍ ചെയ്തതാണ് രാജ്യത്തെ ഒരു വിഭാഗത്തെ ചൊടിപ്പച്ചത്

“ജസ്റ്റ് ബേണ്‍ ഇറ്റ്”; നൈക്കും ട്രംപും കോപ്പര്‍നിക്കും പിന്നെ ചില വംശീയകളികളും

പ്രമുഖ ആഗോള ബ്രാൻഡായ ‘നൈക്ക്’ ആണ് അമേരിക്കയിലിപ്പോൾ പുകഞ്ഞു കൊണ്ടിരിക്കുന്ന ചർച്ചാ വിഷയം. തങ്ങളുടെ പ്രശസ്തമായ 'Just Do It' എന്ന ടാഗ് ലൈനിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ പരസ്യ വീഡിയോയിൽ, വംശീയതക്കെതിരെ നിലപാടെടുത്ത് വിവാദ നായകനായ അമേരിക്കൻ ഫുട്ബോളർ കോളിൻ കോപ്പർനിക്കിനെ ചിത്രീകരിച്ചതാണ് അമേരിക്കക്കാരെ ചൊടിപ്പിച്ചത്.

വംശീയതക്കെതിരെ പ്രതിഷേധിക്കാൻ അമേരിക്കൻ ഫുട്ബോൾ ലീഗായ 'നാഷണൽ ഫുട്ബോൾ ലീഗ്' (National Football League, NFL) താരം കോളിൻ കോപ്പർനിക്ക് വ്യത്യസ്തമായൊരു വഴിയായിരുന്നു സ്വീകരിച്ചത്. മത്സരത്തിന് മുമ്പുള്ള ദേശീയ ഗാനത്തിനിടെ മുട്ടുകുത്തി നിൽക്കുക, അതുവഴി കറുത്തവർക്കെതിരെയുള്ള രാജ്യത്തിന്റെ വിവേചനത്തെ കുറിച്ച അവബോധം ജനങ്ങളിലുണ്ടാക്കുക. കോളിൻ കോപ്പർനിക്ക് എന്ന താരവും, വിപ്ലവകരമായ അദ്ദേഹത്തിന്റെ പ്രതിഷേധ പ്രകടനവും വലിയ ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഒപ്പം വിമര്‍ശനങ്ങളും.

“ജസ്റ്റ് ബേണ്‍ ഇറ്റ്”; നൈക്കും ട്രംപും കോപ്പര്‍നിക്കും പിന്നെ ചില വംശീയകളികളും
കോളിന്‍ കോപ്പര്‍നിക്ക്

2016 ലാണ് കോളിന്‍ തന്‍റെ പ്രതിഷേധം ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്നും നിരവധി മത്സരങ്ങളില്‍, ദേശീയ ഗാനാലാപനത്തിനിടെ കോളിന്‍ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചു. എന്നാല്‍ രാജ്യത്തെ അപമാനിച്ചു എന്ന ആരോപണം താരത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു വന്നു. എതിര്‍പ്പ് വ്യാപകമായതോടെ സ്വന്തം ടീമായ സാന്‍ഫ്രാന്‍സിസ്കോ 49ഴ്സ് (San Francisco 49ers) കോളിനെ പുറത്താക്കി. എന്നാൽ ധീരമായി തന്നെ കോളിൻ തന്റെ നിലപാടുകൾക്കായി നിലകൊണ്ടു. 'കറുത്തവർഗ്ഗക്കാരെ വംശീയമായി മാറ്റി നിർത്തുന്ന, അവരെ അടിച്ചമർത്തുന്ന ഒരു രാജ്യത്തെ കുറിച്ച് എനിക്ക് എങ്ങനെയാണ് അഭിമാനം കൊള്ളാനാവുക? അത്തരമൊരു രാജ്യത്തിന്റെ ചിഹ്നങ്ങളെ ഞാനെന്തിന് ബഹുമാനിക്കണം? ഫുട്ബോളിനേക്കാൾ ഞാൻ വിലമതിക്കുന്നത് ഇതിനൊക്കെയാണ്. എന്റെ കാര്യം മാത്രം നോക്കി സ്വാർത്ഥനായി കഴിയാൻ എനിക്കാവില്ല', ഇപ്രകാരമായിരുന്നു ടീമില്‍ നിന്നും പുറത്താക്കിയതിനോടുള്ള കോളിന്റെ പ്രതികരണം. 2017 മുതല്‍ താരം NFL-ല്‍ നിന്ന് പുറത്താണ്.

“ജസ്റ്റ് ബേണ്‍ ഇറ്റ്”; നൈക്കും ട്രംപും കോപ്പര്‍നിക്കും പിന്നെ ചില വംശീയകളികളും

ഈയൊരു അവസരത്തിലാണ് 'Just Do It' എന്ന ടാഗോടെയുള്ള ‘നൈക്കി’ന്റെ പരസ്യ വീഡിയോ ഇറങ്ങുന്നത്. ‘Believe in something, even if it means sacrificing everything’ എന്ന വാക്യത്തോടെയാണ് പരസ്യത്തിൽ കോളിൻ പ്രത്യക്ഷപ്പെടുന്നത്. താരവുമായി ബന്ധപ്പെട്ട വിവാദവുമായി ചേർത്തു വായിക്കുമ്പോൾ വലിയ അർത്ഥതലങ്ങളുള്ള വാചകം, കനത്ത പ്രതിഷേധമാണ് അമേരിക്കയിൽ ഉയര്‍ത്തി വിട്ടത്. ഇതേതുടര്‍ന്ന് ‘നൈക്കി’ന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും കത്തിക്കാനും ആഹ്വാനമുണ്ടായി. ‘നൈക്കി’ന്റെ 'Just Do It' നു ബദലായി 'Just Burn It' എന്ന ഹാഷ് ടാഗോടെയുള്ള സോഷ്യല്‍ മീഡിയാ കാമ്പയിനും തുടക്കം കുറിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ‘നൈക്കി’നെതിരെ രംഗത്തു വന്നു.

എന്നാല്‍ 'Just Do It' കാമ്പയിനിനില്‍ പ്രത്യക്ഷപ്പെട്ട സെറീന വില്ല്യംസും, ലെബ്രോന്‍ ജെയിംസും ഉള്‍പ്പടെയുള്ള മറ്റ് പ്രമുഖ താരങ്ങള്‍ നൈക്കിനും കോളിനും പിന്തുണയുമായി എത്തി. നെെക്കിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നവെന്നും, കാമ്പയിന്‍ വലിയ സന്ദേശമാണ് മുന്നോട്ട് വെക്കുന്നതെന്നും സെറീന വില്ല്യംസ് ട്വിറ്ററില്‍ കുറിച്ചു.