LiveTV

Live

International

സ്ക്രിപാലിനും മകള്‍ക്കുമെതിരെ രാസായുധ പ്രയോഗം; സംശയമുള്ളവരെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യണമെന്ന് ബ്രിട്ടണ്‍

സംഭവത്തില്‍ റഷ്യയുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ബ്രിട്ടണ്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

സ്ക്രിപാലിനും മകള്‍ക്കുമെതിരെ രാസായുധ പ്രയോഗം; സംശയമുള്ളവരെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യണമെന്ന് ബ്രിട്ടണ്‍

റഷ്യന്‍ മുന്‍ ചാരന്‍ സ്ക്രിപാലിനും മകള്‍ക്കുമെതിരെ രാസായുധ പ്രയോഗം നടത്തിയതായി സംശയിക്കുന്നവരെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യണമെന്ന് ബ്രിട്ടണ്‍. സംഭവത്തില്‍ റഷ്യയുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ബ്രിട്ടണ്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. രാസായുധ പ്രയോഗത്തില്‍ രണ്ട് റഷ്യന്‍ പൌരന്‍മാര്‍ക്കെതിരെ കഴിഞ്ഞ ദിവസം കുറ്റം ചുമത്തിയിരുന്നു.

റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസര്‍മാരായ അലക്സാണ്ടര്‍ പെട്രോവ്, റുസ്‌ലന്‍ ബോഷിറോവ് എന്നിവര്‍ക്കെതിരെയായിരുന്നു കഴിഞ്ഞ ദിവസം കുറ്റം ചുമത്തിയിരുന്നത്. ഇവര്‍ക്കെതിരെ ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമേയാണ് ഇന്റര്‍പോള്‍ അറസ്റ്റ് വേണമെന്ന ആവശ്യവുമായി ബ്രിട്ടന്‍ രംഗത്തെത്തിയത്. യുഎന്‍ സുരക്ഷാ കൌണ്‍സിലിന് മുന്നില്‍ ബ്രിട്ടന്‍ അംബാസിഡര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയക്കുമെതിരെ രാസായുധം പ്രയോഗിച്ചതില്‍ റഷ്യന്‍ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് ബ്രിട്ടന്‍ പറഞ്ഞു.

സൈനിക, ഇന്റലിജന്‍സ് വിഭാഗങ്ങളും തെറ്റായ ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും ബ്രിട്ടണ്‍ വാദിക്കുന്നു. അന്തര്‍ദേശീയ ചട്ടങ്ങള്‍ക്ക് വിപരീതമായാണ് റഷ്യ പ്രവര്‍ത്തിക്കുന്നതെന്നും ബ്രിട്ടന്‍ പറ‍ഞ്ഞു. ഫ്രാന്‍സ്, ജര്‍മനി, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ബ്രിട്ടന്റെ നിഗമനങ്ങളെ പിന്തുണച്ച് പ്രസ്താവനയിറക്കി. ബ്രിട്ടണ്‍ നുണ ആവര്‍ത്തിക്കുകയാണെന്ന് യുഎന്നിലെ റഷ്യന്‍ അംബാസിഡര്‍ വാസിലി നബന്‍സിയ പറഞ്ഞു. സംയുക്ത അന്വേഷണമാകാമെന്ന റഷ്യന്‍ നിലപാട് ബ്രിട്ടന്‍ നിരാകരിച്ചെന്നും നബന്‍സിയ പറഞ്ഞു.