LiveTV

Live

International

റോഹിങ്ക്യന്‍ മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

കേസ് ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടോയെന്ന് പ്രോസിക്യൂട്ടര്‍ ഫതോ ബെന്‍സൌദ അന്വേഷിക്കും. മ്യാന്‍മര്‍ ഹേഗ് ആസ്ഥാനമായുള്ള കോടതിയില്‍ അംഗമല്ലെങ്കിലും ബംഗ്ലാദേശിന് അംഗത്വമുണ്ട്. 

 റോഹിങ്ക്യന്‍ മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

മ്യാന്‍മര്‍ സര്‍ക്കാരിനെതിരായി വീണ്ടും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. റോഹിങ്ക്യന്‍ മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കോടതി പറഞ്ഞു.

മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലിംകളെ അനധികൃതമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറിയിച്ചത്. കേസ് ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടോയെന്ന് പ്രോസിക്യൂട്ടര്‍ ഫതോ ബെന്‍സൌദ അന്വേഷിക്കും. മ്യാന്‍മര്‍ ഹേഗ് ആസ്ഥാനമായുള്ള കോടതിയില്‍ അംഗമല്ലെങ്കിലും ബംഗ്ലാദേശിന് അംഗത്വമുണ്ട്. അനധികൃതമായ നാടുകടത്തലും നിയമ നടപടികളുടെ പരിധിയില്‍ വരും. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ജനതക്കെതിരെ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര ഏജന്‍സി കണ്ടെത്തിയിരുന്നു.

മുസ്ലിം സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്തതായും ഏജന്‍സി കണ്ടെത്തി. കമാന്‍ഡര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെയുള്ള സൈനീക തലവന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. ഏഴ് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് സൈന്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയാക്കപ്പെട്ടത്. ഇവര്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. വംശഹത്യയെന്ന ആരോപണത്തെ തള്ളുകയാണ് മ്യാന്‍മര്‍ സര്‍ക്കാറും സൈന്യവും.