LiveTV

Live

International

ബസറയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞദിവസം സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 6പേര്‍ കൊല്ലപ്പെടുകയും 16പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബസറയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു

ഇറാഖിലെ ബസറയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 6 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അന്വോഷണത്തിന് ഉത്തരവിട്ടെങ്കിലും ബസറ പട്ടണത്തില്‍ യുവാക്കള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

യാസിര്‍ മക്കി എന്ന വനിതാ പ്രവര്‍ത്തക കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയില്‍ പ്രതിഷേധം ശക്തമായത്. ബസ്രയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കാനും അഴിമതി രഹിതമാക്കുന്നതിനും വേണ്ടി നടന്ന സമരത്തിനിടെയാണ് യാസിര്‍ മക്കി കൊല്ലപ്പെട്ടത്. നൂറ് കണക്കിനാളുകളാണ് റോഡ് ഉപരോധമടക്കമുള്ള സമര പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളും എറിഞ്ഞു. ജനകൂട്ടത്തെ പിരിച്ച് വിടാന്‍ സുരക്ഷ സേന ആകാശത്തേക്ക് വെടിവെക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഇതിനകം 6 പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ 16 സിവിലിയന്‍മാര്‍ക്കും സുരക്ഷ സേനയിലെ 22 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ശിയാ ഭൂരിപക്ഷമേഖലയായ ബസറയിലെ പ്രശ്നങ്ങള്‍ പരിഹരിക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ വഷളാക്കിയതില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മെയ് മാസത്തില്‍ നടന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പിന് ശേഷം ഇറാഖില്‍ ഇത് വരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതും ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഷിയാ നേതാവ് ആയത്തുള്ള അലി സിസ്റ്റാനി പ്രതിഷേധക്കാര്‍ക്ക് പിന്തുണ കൊടുക്കുന്നുണ്ട്. ഇറാഖിലെ എണ്ണ സന്പന്നമായ പ്രദേശം കൂടിയാണ് ബസറ.