LiveTV

Live

International

സർ വിദ്യയുടെ എഴുത്ത് സഞ്ചരിച്ച ലോകങ്ങൾ

അവനവന്റെ മനോവിചാരത്തെ അപരന്റെ ചരിത്രത്തിൽ അരോപിക്കുന്ന ഈ ആഖ്യാനരീതി കൊളോണിയൽ ജ്ഞാനവ്യവഹാരത്തിന്റെ ഉത്പന്നം മാത്രമാണ് എന്ന് പറയുന്നതിൽ തെറ്റില്ല

സർ വിദ്യയുടെ എഴുത്ത് സഞ്ചരിച്ച ലോകങ്ങൾ

ലോകസാഹിത്യ രംഗത്തെ ഏറ്റവും വലിയ തൻപോരിമക്കാരനായിരുന്നു ആഗസ്റ്റ് 12-ന് ലണ്ടനിൽ വെച്ച് മരണമടഞ്ഞ സർ വിദ്യ എന്ന് വിഖ്യാതനായ വിദ്യാദര്‍ സൂരജ്പ്രസാദ് നെയ്പോൾ. താനങ്ങിനെ വിപുലമായിട്ടൊന്നും വായിച്ചിട്ടില്ലെന്നും, തന്നെപ്പോലെ നന്നായി അധികമാരും ഒന്നും എഴുതിയിട്ടില്ലെന്നും അദ്ദേഹം വീമ്പു പറഞ്ഞു. സർ വിദ്യയുടെ കാലത്ത് വളരെ ഫാഷനായിരുന്ന മാജിക്കൽ റിയലിസം, സാഹിത്യ വൈഭവത്തിൽ ആത്മവിശ്വാസം ഇല്ലാത്തവരുടെയും സ്വന്തം അനുഭവങ്ങളോട് സത്യസന്ധത പുലർത്താത്തവരുടെയും മേച്ചിൽ പുറമാണെന്ന് തുറന്നടിച്ചു. ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത പോസ്റ്റ്കൊളോണിയൽ എഴുത്തുകാരിൽ പ്രധാനികളായി സർ വിദ്യയെയും സൽമാൻ റുഷ്ദിയെയും സാഹിത്യലോകം വാഴ്ത്തിപ്പാടുന്ന കാലത്ത് റുഷ്ദിയെ ലക്ഷ്യമിട്ടാണ് മാജിക്കൽ റിയലിസത്തിനെതിരെ നെയ്പോൾ വെടിയുതിർത്തത്. അതിരുവരും തമ്മിലുള്ള വാചക യുദ്ധത്തിലെ ഒരേട്. റുഷ്ദിക്കെതിരെയുള്ള ഫത്‍വ നല്ലൊരു സാഹിത്യ വിമർശനമാണെന്നും അദ്ദേഹം പറഞ്ഞു. തൻപോരിമയുടെ വാക്ശരങ്ങൾ അവിടെയും തീർന്നില്ല. സ്ത്രീകൾ എഴുതിയ ഒരുവാചകം തനിക്ക് പെട്ടന്ന് മനസ്സിലാകുമെന്നും അതിന് നിലവാരമുണ്ടാകുകയില്ലെന്നും പറഞ്ഞു. ആരെയും പ്രീതിപ്പെടുത്താതെ എല്ലാവരെയും വെറുപ്പിച്ചിട്ടും സർ വിദ്യയെ തേടി നൊബേൽ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ എത്തി, എല്ലാവരുടെയും ഇഷ്ടപുരുഷനായ മാർകേസിനെ പോലുള്ളവരിൽ നിന്ന് അതെല്ലാം ഒഴിഞ്ഞു പോയിക്കൊണ്ടിരുന്നപ്പോഴും.

1932-ൽ ട്രിനിഡാഡിലാണ് വിദ്യ ജനിച്ചത്. ഒന്നാം ലോക യുദ്ധകാലത്ത് ക രീബിയൻ ദ്വീപിൽ ഇന്ത്യയിൽ നിന്ന് കരാർ തൊഴിലാളികളായി എത്തിയ ബ്രാഹ്മണ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛൻ ശ്രിപ്രസാദ് നെയ്പോൾ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. അമ്മ ദ്രോപതി. പൂർണ്ണമായും ആത്മകഥാംശം നിറഞ്ഞത് എന്ന് വിശേഷിപ്പിക്കാവുന്ന House of Mr Biswas-ൽ കരീബിയൻ ദ്വീപിലെ കുട്ടിക്കാലവും ലണ്ടനിലെ പഠനകാലവും പ്രമേയമാകുന്നുണ്ട്. അതുകൂടാതെ Bend in the River, A Way in the World, The Enigma of Arrival Miguel Street, The Suffrage of Elvira, The Mystic Masseur തുടങ്ങി പതിനൊന്നോളം നോവലുകളും Between Father and Son: Family Letters, Beyond Belief: Islamic Excursions Among the Converted Peoples, India: A Million Mutinies Now, Among the Believers, The Return of Eva Perón (with The Killings in Trinidad), India: A Wounded Civilization” നോൺഫിക്ഷനുകളും (ഏറെയും യാത്രാവിവരണങ്ങൾ) എഴുതി. മരിക്കുമ്പോൾ പാകിസ്ഥാൻകാരിയായ നാദിറ നെയ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പാറ്റ് ഹേൽ, മാർഗരേറ്റ് ഗൂഡിംഗ് എന്നിവരെയും അദ്ദേഹം വിവാഹം കഴിച്ചിരുന്നു. 2001-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു.

നെയ്പോളിന്റെ രചനകളെ നോക്കിക്കാനാനുള്ള ഒരു ചട്ടക്കൂട് അദ്ദേഹത്തിന്റ തന്‍പോരിമ തന്നെയാണ്. അദ്ദേഹം ചെത്തിയെടുത്ത വാക്കുകൾക്ക് അഴകും വടിവുമുണ്ട്. അനാവശ്യമായ കാടുകയറലോ, അതിവൈകാരികതയോ അതിഭാവുകത്വമോ ഒന്നുമില്ലാത്ത ഒതുക്കമുള്ള ക്രാഫ്റ്റ്. പൂർണവിരാമങ്ങളേക്കാൾ അർദ്ധവിരാമങ്ങളായിരുന്നു നെയ്പോളിന് താല്‍പര്യം. അതുകൊണ്ട്, House of Mr Biswas ഉൾപ്പെടെയുള്ള നോവലുകളിൽ വാചകങ്ങൾക്കും ഖണ്ഡികൾക്കും ദൈർഘ്യമേറി. പക്ഷെ ദീർഘമേറിയ വാക്കുകൾ ഉപയോഗിക്കാതെയും അനുഭവങ്ങളോട് ഇടയുന്ന ആശയങ്ങളെ പറയാൻ സാഹസം കാട്ടാതെയും പാചകത്തിൽ ഉപ്പെന്ന പോലെ വാചകത്തിന് രുചിപകരുന്ന നാമവിശേഷണങ്ങളെ അധികമാക്കാതെ, പിശുക്കിയും അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചും അദ്ദേഹം വായനക്കാരുടെ ഇഷ്ട എഴുത്തുകാരനായി മാറി. ക്യാമറപോലെയായിരുന്നു നെയ്പോളിന് പേന. കണ്ടത് ഒപ്പിയെടുക്കും. പിന്നെ അതുപോലെ തന്നെ പുനർനിർമിക്കും. പാത്രനിർമിതിയിലും, പശ്ചാത്തലങ്ങളുടെ വിശദീകരണത്തിലും സൂക്ഷമമായ രചനയുടെ വിലാസം പ്രകടമാണ്. Architectonic എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കപ്പെടുന്ന കലാവിരുത്.

വി.എസ് നെയ്‍പോള്‍
വി.എസ് നെയ്‍പോള്‍

എന്നാൽ എഴുത്തിന്റെ ഭംഗിയൊന്നും എഴുത്തിലെയോ എഴുത്തുകാരന്റെയോ വംശീയതയെ മറച്ചുപിടിച്ചില്ല. തന്റെ പറച്ചിലിനപ്പുറം, താൻ കണ്ടതിനപ്പുറം, ലോകത്തിനോ അപരനോ സാധ്യതകളില്ലായിരുന്നു. നെയ്പോളിന്റെ നോൺ-ഫിക്ഷനുകളിലധികവും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളാണ്. ഇസ്‍ലാമിക ലോകത്തിൽ നടത്തിയ യാത്രകളുടെ ആഖ്യാനങ്ങളായ Among the Believers, Beyond Belief, ഇന്ത്യയെക്കുറിച്ചുള്ള India: A Million Mutinies Now, A Wounded Civilisation, ആഫ്രിക്കൻ സഞ്ചാരങ്ങളുടെ ആഖ്യാനമായ The Mask of Africa തുടങ്ങിയ രചനകൾ. ഈ കൃതികളിലെല്ലാം നോവലെഴുത്തിന്റെ സങ്കേതങ്ങൾമാറ്റമില്ലാതെ തുടരുന്നത് കാണാം. “അപര വിദ്വേഷത്തിന്റെ രോഗം ബാധിച്ചൊരു യൂറോപ്പിന്റെ വാർദ്ധക്യ നൊമ്പരമെന്ന്” വളരെ ഭംഗിയായി വിശേഷിപ്പിച്ചു കൊണ്ട്, മുട്ടാണിശ്ശേരിൽ കോയോക്കുട്ടി മൗലവി Beyond Beleif വായിക്കാൻ ശിപാർശ ചെയ്തപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, പഹയന്റെ എഴുത്ത് മികവുറ്റതും ക്ലാസിക്കൽ സ്വഭാവമുള്ളതുമാണെന്നാണ്. ഫിക്ഷനുകൾ കൽപിത യാഥാർത്ഥ്യങ്ങളായി തുടരുകയോ, അതിലെ വംശീയതകൾ കാവ്യ സ്വാതന്ത്ര്യത്തിന്റെ തണലിൽ ആരാധകരാൽ ന്യായീകരിക്കപ്പടുകയോ ചെയ്യുമ്പോഴും, ക്യാമറ കള്ളം പറയാത്ത പോലെ നെയ്പോൾ കണ്ടനാടുകളും നാട്ടുകാരും നെയ്പോളിന്റെ രചനകളിൽ പ്രതിഫലിച്ചപ്പോൾ രാഷ്ട്രീയ സൂക്ഷമതയുള്ള വായനക്കാർക്ക് അദ്ദേഹത്തെ മനസ്സിലായി. എഡ്‍വേഡ് സെയ്‍ദ് മുതൽ, പങ്കജ് മിശ്ര വരെയുള്ള വിമർശകർ, ക്വറ്റ്സിയെപ്പോലെയുള്ള സാഹിത്യവിമർശകനായ സമകാലീക എഴുത്തുകാർ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും അപരവിദ്വേഷത്തെയും തുറന്നുകാട്ടി.

പക്ഷെ ദീർഘമേറിയ വാക്കുകൾ ഉപയോഗിക്കാതെയും അനുഭവങ്ങളോട് ഇടയുന്ന ആശയങ്ങളെ പറയാൻ സാഹസം കാട്ടാതെയും പാചകത്തിൽ ഉപ്പെന്ന പോലെ വാചകത്തിന് രുചിപകരുന്ന നാമവിശേഷണങ്ങളെ അധികമാക്കാതെ, പിശുക്കിയും അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചും അദ്ദേഹം വായനക്കാരുടെ ഇഷ്ട എഴുത്തുകാരനായി മാറി

ഇസ്‍ലാമിനെക്കുറിച്ചുള്ള നെയ്പോളിന്റെ വിവരണങ്ങൾ അദ്ദേഹത്തിന്റെ നോൺ-ഫിക്ഷനുകളിൽ ആവർത്തിക്കപ്പെടുന്ന ആശയവൈരുദ്ധ്യങ്ങളുടെ ഉദാഹരണം മാത്രമാണ്. Beyond Belief എന്ന പുസ്തകത്തിന്റെ ഉപശീർഷകം Islamic Excursions among the Coverted People എന്നാണ്. മതംമാറിയ ജനങ്ങൾക്കിടയിലുള്ള ഇസ്‍ലാമിക പര്യടനങ്ങൾ. ഇസ്‍ലാമോഫോബിയയുടെ കാലത്ത്ലോകമെമ്പാടുമുള്ള വലതുപക്ഷ വംശീയനിരീക്ഷകർ ആവർത്തിച്ചു പറയുന്ന ആഖ്യാനമാണ്മതപരിവർത്തനത്തിലൂതെ ഇസ്‍ലാം തദ്ദേശീയ സംസ്കാരങ്ങളെ തച്ചുതകർത്തു എന്നത്. ഇന്ത്യയിലെ ഹിന്ദുത്വതയുടെ പാശ്ചാത്യ ഉപാസകർ - ബെൽജിയം എഴുത്തുകാരനായ കോൺറാഡ് എല്‍സ്റ്റിനെപ്പോലുള്ളവർ - നിർമിച്ചെടുത്തു കൊണ്ടിരിക്കുന്ന ആഖ്യാനമാണത്. ബാബരിമസ്ജിദിനെ മുൻനിർത്തിയാണ് ഏല്‍സ്റ്റ് ആഖ്യാനം നിർമിക്കുന്നത്. 1992-ൽ ബാബരി മസ്ജിദ് ഹിന്ദുത്വർ തകർത്തപ്പോൾ നെയ്പോളിന് ആഹ്ലാദതിരേകമുണ്ടായതും സംഘ്പരിവാറിന്റെ കോൺക്ലേവുകളിൽ അദ്ദേഹം സ്ഥിരം അതിഥിയായതും ഇതോടൊപ്പം ചേർത്തുവായിക്കണം.

പക്ഷെ, നെയ്പോളിന്റെ ആഖ്യാനത്തിലെ വൈരുദ്ധ്യം വരുന്നത് Mask of Africa-യിലാണ്. അവിടെ ആഫ്രിക്കയുടെ തജ്ജന്യമായ സംസ്കാരങ്ങളും പെരുമാറ്റരീതികളും ആഫ്രിക്കൻ നാഗരികതയും നെയ്പോളിന് പുച്ഛമാണ്. ഇന്ത്യയിൽ നെയ്പോൾ കണ്ടത് അഴുക്കാണെങ്കിൽ (filth) ആഫ്രിക്കയിൽ അദ്ദേഹത്തെ നേരിടുന്നത് ബാർബറിസം കലർന്ന ഇരുട്ടാണ്. ഇസ്‍ലാമിന്റെ പര്യടനങ്ങളെ അദ്ദേഹം ചെന്നെത്തുന്ന മുസ്‍ലിം നാടുകളിലെ ജനസാമാന്യം അദ്ദേഹത്തിന്റെ കൃതിയിൽ തന്നെ നോക്കിക്കാണുന്നത് നാഗരികതയെ പുനർനിർമിച്ച ഘടകങ്ങളായിട്ടാണ്. താജ്മഹലിനെയോ ബാബരി മസ്ജിദിനെയോ തകർക്കണമെന്ന് പറയുന്നവർക്കു മാത്രമാണല്ലോ അതെല്ലാം കണ്ണിലെ കരടാകുന്നത്. മറിച്ച് അതെല്ലാം ചരിത്രത്തിന്റെ ഈടുവെയ്പുകളായിട്ടാണ് ചരിത്രബോധമുള്ളവരും നാഗരികമായ പാരസ്പര്യം കാംക്ഷിക്കുന്നവരും മനസ്സിലാക്കുന്നത്. പക്ഷെ നെയ്പോളിന്റെ യാത്രാവിവരണങ്ങളിൽ അദ്ദേഹത്തിന്റെ കൊളോണിയൽ ചരിത്ര ബോധത്തിന്റെയും തൻപോരിമയുടെയും ഭാരം വല്ലാതെ കനക്കുന്നത് കാണാം.

1992-ൽ ബാബരി മസ്ജിദ് ഹിന്ദുത്വർ തകർത്തപ്പോൾ നെയ്പോളിന് ആഹ്ലാദതിരേകമുണ്ടായതും സംഘ്പരിവാറിന്റെ കോൺക്ലേവുകളിൽ അദ്ദേഹം സ്ഥിരം അതിഥിയായതും ഇതോടൊപ്പം ചേർത്തു വായിക്കണം

ഇസ്‍ലാമിൽ ശരിക്കും നെയ്പോൾ കാണുന്ന വിനാശകരമായ (Destructive) പര്യടനം, അദ്ദേഹം അഫ്രിക്കയെ നോക്കിക്കാണുമ്പോഴുണ്ടാകുന്ന സമീപനം തന്നെയാണെന്ന് സൂക്ഷമവായനയിൽ മനസ്സിലാക്കാൻ കഴിയുന്നു. അവനവന്റെ മനോവിചാരത്തെ അപരന്റെ ചരിത്രത്തിൽ അരോപിക്കുന്ന ഈ ആഖ്യാനരീതി കൊളോണിയൽ ജ്ഞാനവ്യവഹാരത്തിന്റെ ഉത്പന്നം മാത്രമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഇന്ത്യയിലെ ഗ്രാമാന്തരങ്ങൾ വൃത്തിഹീനമാണെന്ന് മനസ്സിലാക്കുകയും, എന്നാൽ ഹിന്ദുത്വയെ പാടിപ്പുകയ്ത്തുകയും, അഫ്രിക്ക ഉൾപ്പെടെയുള്ള ഭൂവിഭാഗങ്ങളിലെ തദ്ദേശീയ സംസ്കാരങ്ങളെ പരിഹസിക്കുകയും ചെയ്യുന്നത് പോസ്റ്റ്-കൊളോണിയൽ എഴുത്തുകാരിൽ സംഭവിക്കുന്ന മിമിക്രി (ഹോമി ബാബയോട് കടപ്പാട്)യുടെ ഫലം മാത്രമല്ല, വേരറ്റുപോയ ബ്രാഹ്മണനായ ഒരു ഇന്ത്യക്കാരനിൽ ഓറിയന്റലിസവും ബ്രാഹ്മണവാദവും കൂടിക്കലരുമ്പോഴുള്ള ആശയക്കുഴപ്പം കൂടിയാണ്.

1987-ൽ നെയ്പോളിന്റെ എനിഗ്‍മ ഓഫ് അറൈവൽ പുറത്തിറങ്ങിയപ്പോൾ സൽമാൻ റുഷ്ദി പുസ്തകത്തിന്റെ സാങ്കേതിക മികവിനെ പുകഴ്ത്തിയപ്പോഴും, പ്രതീക്ഷയുടെ തരിമ്പും അവശേഷിക്കാത്ത, ദുഖാർദ്രമായ ഒരു ലോകമാണ് നെയ്പോൾ നൽകുന്നതെന്ന് നിരൂപണമെഴുതി. ഗാർഡിയനിലെ ലേഖനത്തിൽ റുഷ്ദി ഒരു കാര്യം കൂടി പറഞ്ഞു: പ്രണയം നെയ്പോളിന്റെ കൃതികളിൽ കടന്നു വരുന്നില്ലെന്ന്. നെയ്പോളിന്റെ ആദ്യഭാര്യയായ പാറ്റ് ഹേൽ 1979-ൽ ഡയറിയിൽ എഴുതി, “പ്രണയം എന്ന വാക്ക് ഉപയോഗിക്കാത്തതിൽ വിദ്യ അഭിമാനിച്ചിരുന്നു.” പക്ഷെ അതേകൊല്ലം പുറത്തിറങ്ങിയ Bend in the River-ൽ പ്രണയം എന്ന വാക്ക് കടന്നുവരുന്നുണ്ട്. പക്ഷെ പ്രണയം എന്നെഴുതിയതു കൊണ്ട് മാത്രം ആരും പ്രണയിക്കുകയില്ലല്ലോ. സ്നേഹ ശൂന്യമായ ലോകമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിലും ജീവിതത്തിലും നിറഞ്ഞുനിന്നത് എന്ന കാര്യം മറ്റാരേക്കാളും നന്നായി അറിഞ്ഞത് പാറ്റായിരുന്നു. പാറ്ററിയാതെ മാർഗരേറ്റുമായി വൈദ്യ രഹസ്യബന്ധം തുടങ്ങുന്നതും, പിന്നീട് പാറ്റിനെ ഉപേക്ഷിച്ച് ജിവിത സഖിയാക്കുന്നതും അക്കാലത്താണല്ലോ. വൈകാരികതയോ, പ്രണയമോ, മാജിക്കോ, മാജിക്കൽ റിയലിസത്തിലെ ഭ്രമാത്മകതയോ, അകലം പാലിച്ചു നിന്ന നെയ്പോളിന്റെ റിയലിസം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ പ്രതിഫലനമായിരുന്നോ? അതിന്റെ സങ്കീർണതകൾ മനസ്സിൽ പേറിയായിരുന്നോ അദ്ദേഹം ഊരുചുറ്റിയതും, തൻപോരിമ തകർക്കാതെ എഴുതിയതും? ഈ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് സർ വിദ്യ യാത്രയായത്.