LiveTV

Live

International

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: യുദ്ധം അവസാനിപ്പിക്കാന്‍ ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കുമെന്ന ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം: യുദ്ധം അവസാനിപ്പിക്കാന്‍ ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍

ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കുമെന്ന ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍. യുദ്ധം അവസാനിപ്പിക്കാന്‍ ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഗസ്സയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസിനുനേരെ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു പാരാമെഡിക് വളന്റിയര്‍ ഉള്‍പ്പെടെ 2 ഫലസ്തീനികള്‍ കൊല്ലപ്പെടുകും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തിയത്.

എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും അത്തരമൊരു കരാറിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രണ്ട് ഹമാസ് അംഗത്തെ വധിച്ചതിന് തിരിച്ചടിയായി ഗസ്സയിൽ​നിന്ന്​ 150 ഓളം റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗസയില്‍ തുടര്‍ച്ചയായി ആക്രമണം ഉണ്ടായത്.

ഇസ്രായേൽ ഗസ്സക്കെതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നീക്കങ്ങൾ ശക്തമാക്കുമെന്ന് കഴിഞ്ഞദിവസം ഹമാസ് വക്താവ് വ്യക്തമാക്കിയിരുന്നു. അതിനിടെ, ഹമാസിനെതിരെ ശക്തമായ സൈനിക​നീക്കത്തിന്​ ഇസ്രായേല്‍ ഒരുക്കങ്ങൾ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണെന്നും സംഘര്‍ഷത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കേണ്ടേതുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.