LiveTV

Live

International

ആരാണ് ചന്ദ്രന്റെ  അവകാശികൾ?

“മനുഷ്യരുടെ പൊതുസ്വത്ത്” എന്ന ചന്ദ്രന്റെ പദവി ഏറെയൊന്നും വെല്ലുവിളികൾ നേരിട്ടിട്ടില്ലെങ്കിലും പുറം ബഹിരാകാശ ഉടമ്പടി മറ്റു പല വിശദാംശങ്ങളും ചർച്ച ചെയ്യാൻ വിട്ടുപോയിട്ടുണ്ട്

ആരാണ് ചന്ദ്രന്റെ  അവകാശികൾ?

ഞാൻ ‘ബഹിരാകാശ നിയമ’ വിദഗ്ധൻ ആണെന്ന് അറിയുമ്പോൾ പലരും ചിരിച്ചോ കണ്ണിറുക്കിക്കൊണ്ടോ ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘അപ്പോൾ ഈ ചന്ദ്രന്റെ അവകാശികളാരാണ്?’

ചന്ദ്രനിൽ നാട്ടിയ ആദ്യത്തെ യു.എസ് പതാകക്ക് സമീപത്തു നിന്ന് അമേരിക്കൻ ബഹിരാകാശ യാത്രികനായ ബസ്സ് ആൽഡ്രിൻ എടുത്ത ചിത്രം ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പതാകച്ചിത്രങ്ങളിൽ ഒന്നായിരിക്കും. ലോകത്തിന്റെ ചരിത്രമറിയാവുന്നവരുടെ മനസ്സിൽ ആപൽമണി മുഴക്കിയ ചിത്രം കൂടിയായിരുന്നു അത്. ഇങ്ങ് ഭൂമിയിൽ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് കൊടി നാട്ടുക എന്നത് നാടിനു മേലുള്ള അധികാരസ്ഥാപനത്തിന്റെ ചിഹ്നം കൂടിയായിരുന്ന ഒരു കാലം കടന്നുപോയിട്ട് 25 വർഷം പോലുമായിരുന്നില്ല. ചന്ദ്രനിലെ യു.എസ് പതാക ഒരു അധികാര പ്രഖ്യാപനമായിരുന്നോ?

പുതിയ രാജ്യങ്ങളുടെ മേൽ അധികാരം സ്ഥാപിക്കുക എന്ന യൂറോപ്യൻ ശീലത്തിന്റെ പ്രധാന ഇരകൾ എപ്പോഴും യൂറോപ്പേതര നാടുകളായിരുന്നു. പോർച്ചുഗൽ, സ്പെയിൻ, ഡെൻമാർക്ക്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻപന്തിയിൽ നിന്നുകൊണ്ട് കൂറ്റൻ കൊളോണിയൽ സാമ്രാജ്യങ്ങൾ പടുത്തുയർത്തി. പതാക നാട്ടുന്നത് പരമാധികാരം സ്ഥാപിക്കലാണെന്ന യൂറോപ്യൻ കാഴ്ചപ്പാട് വൈകാതെ ലോകത്തുടനീളം പ്രചരിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഭാഗമായി തീരുകയും ചെയ്തു.

അന്ന് ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ യാത്രികർ തങ്ങൾ നാട്ടിയ കൊടിയുടെ നിയമവശങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു എന്ന് കരുതാനാവില്ല. ആ ചരിത്ര നിമിഷത്തിൽ അവരുടെ മനസ്സിനെ മറ്റു പല ചിന്തകളും മൂടിയിരിക്കണം. എന്നാൽ പര്യടനം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കപ്പെട്ടിരുന്നു എന്നതാണ് ആശ്വാസകരം. ചന്ദ്രനു മേൽ യു.എസ് പതാക ഉയരുന്നത് വ്യാപകമായ രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ബഹിരാകാശ മേഖലയിൽ മേൽകോയ്മ സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര മത്സരം തുടങ്ങുന്ന കാലത്തു തന്നെ അമേരിക്കക്ക് ബോധ്യമുണ്ടായിരുന്നു. ചന്ദ്രൻ അമേരിക്കയുടെ ഒരു ‘പുറമ്പോക്ക് ഭൂമി’യായി മാറിയേക്കാം എന്ന ചിന്ത പലരെയും അലട്ടാനും അതു വഴി അമേരിക്കൻ ബഹിരാകാശ പദ്ധതികൾക്കും അമേരിക്കൻ താത്പര്യങ്ങൾക്കും വിള്ളലേൽക്കുന്ന വിധത്തിൽ അന്താരാഷ്ട്ര സംഘർഷങ്ങൾ ഉടലെടുക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലായിരുന്നു.

ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരനായ രാജ്‌സീവ് വി. ബാഗ്‍‍രീ 1,400 രൂപക്ക് ചന്ദ്രനില്‍ 5 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. 
ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരനായ രാജ്‌സീവ് വി. ബാഗ്‍‍രീ 1,400 രൂപക്ക് ചന്ദ്രനില്‍ 5 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. 

യൂറോപ്പിതര നാടുകൾ പ്രാകൃതമാണെന്നും അതുകൊണ്ട് യൂറോപ്യൻ ആധിപത്യം ആവശ്യമുള്ളവരാണെന്നുമുള്ള കാഴ്ചപ്പാടുകള്‍ 1969ഓടെയുള്ള കോളണിവത്കരണത്തിന്റെ അന്ത്യം ഇല്ലാതാക്കിയിരുന്നു. എന്നാൽ ചന്ദ്രനിൽ ഒറ്റ മനുഷ്യനും ഉണ്ടായിരുന്നില്ല. ജീവൻ തന്നെ അവിടെ അപ്രത്യക്ഷമായിരുന്നു.

എങ്കിലും ആംസ്ട്രോഗിന്റെയും ആൽഡ്രിന്റെയും ചെറിയ ‘കർമ്മം’ ചന്ദ്രനെയോ അതിൻറെ ഒരു ഭാഗത്തെയോ ഒരു അധികാരഭൂമിയായി പരിവർത്തനം ചെയ്തോ എന്ന ചോദ്യത്തിന്റെ ലഘുവായ ഉത്തരം “ഇല്ല” എന്നാണ്. അവരോ നാസയോ യു.എസ് സർക്കാരോ അങ്ങനെയൊരു അർത്ഥം ആ നിമിഷത്തിന് ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നില്ല.

പ്രഥമ പുറം ബഹിരാകാശ ഉടമ്പടി

യു.എസും സോവിയറ്റ് യൂനിയനും ബഹിരാകാശത്ത് സാന്നിധ്യമുണ്ടായിരുന്ന മറ്റു രാജ്യങ്ങളും ഭാഗമായ 1967ലെ പുറം ബഹിരാകാശ ഉടമ്പടിയിലാണ് ഈ ഉത്തരം കണ്ടെത്താൻ സാധിക്കുക. ഭൂമിയിലെ കോളണിവത്കരണങ്ങൾ അതിനു മുൻപുള്ള നൂറ്റാണ്ടുകളിൽ അനന്തമായ ദുരിതങ്ങൾക്കും യുദ്ധങ്ങൾക്കും വഴിവെച്ചു എന്ന് രണ്ട് വൻശക്തികളും അംഗീകരിച്ചു. പഴയ യൂറോപ്യൻ ശക്തികൾ ചെയ്ത അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ അവർ ഉറച്ചിരുന്നു. ചന്ദ്രനിലെ മണ്ണിനു വേണ്ടിയുള്ള പിടിവലിയും അതു മൂലമുണ്ടായേക്കാവുന്ന ഒരു ലോകയുദ്ധവും ഒഴിവാക്കാനെങ്കിലും അവർ തീരുമാനമെടുത്തു. അങ്ങനെയാണ് ചന്ദ്രൻ എല്ലാ രാജ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ലോകത്തിന്റെ ‘പൊതുസ്വത്താ’യി മാറിയത്. ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തുന്നതിൻറെ രണ്ട് വർഷങ്ങൾ മുൻപായിരുന്നു ഇത്.

ചൈന, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ചന്ദ്രനിൽ കൂടുതൽ താത്പര്യം കാണിച്ചു തുടങ്ങിയതിനാൽ കാര്യങ്ങൾ ഇനി കൂടുതൽ സങ്കീർണമാവാനേ വഴിയുള്ളൂ.

അങ്ങനെ പതാക അമേരിക്കൻ ആധിപത്യത്തിന്റെയല്ല, ആംസ്ട്രോങ്, ആൽഡ്രിൻ, മൈക്കൾ കോളിൻസ് എന്നിവരുടെ ചന്ദ്രനിലേക്കുള്ള പര്യടനം സാധ്യമാക്കിയ നികുതി നൽകുന്ന അമേരിക്കൻ പൌരന്മാരോടും സാങ്കേതിക വിദഗ്ധരോടും കാണിച്ച ആദരവിന്റെ സൂചകമായി മാറി. “മുഴുവൻ മനുഷ്യരാശിക്കുള്ള സമാധാനം” വഹിച്ചുകൊണ്ടാണ് വരുന്നതെന്ന വാക്കുകൾ പ്രദർശിപ്പിച്ചാണ് ഇതിൽ രണ്ടു പേർ ചന്ദ്രനിലൂടെ നടന്നത്. “എന്റെ ചെറിയ കാൽവെപ്പ്” അമേരിക്കയുടേതല്ല, “ലോകത്തിന്റെ വലിയൊരു കുതിച്ചുവെപ്പാ”ണെന്ന നീൽ ആംസ്ട്രോങിൻറെ പ്രസ്താവനയിലും പ്രതിഫലിക്കപ്പെട്ടത് സമാധാനത്തിൻറെ ഈ വികാരം തന്നെയാണ്. ഇതിനൊപ്പം ചന്ദ്രനിൽ നിന്ന് ശേഖരിച്ച പാറകളും മണ്ണും മറ്റും മുഴുവൻ ലോകവുമായി പങ്കിടാനും അവർ തയ്യാറായിരുന്നു. അതിൽ ചിലത് വിദേശരാജ്യങ്ങൾക്ക് സമ്മാനമായി നൽകി, മറ്റു ചിലത് ലോകത്തുടനീളമുള്ള ശാസ്ത്രജ്ഞർക്ക് പഠിക്കാനും ചർച്ച ചെയ്യാനും വേണ്ടി വിട്ടുകൊടുത്തു. ശീതസമരം ആഞ്ഞടിക്കുകയായിരുന്ന കാലത്തു പോലും സോവിയറ്റ് യൂനിയനിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഇതിൽ പെട്ടിരുന്നു.

‘നാസ’യിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ സൂക്ഷിച്ചിട്ടുള്ള ചന്ദ്രനിലെ മണ്ണ് 
‘നാസ’യിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ സൂക്ഷിച്ചിട്ടുള്ള ചന്ദ്രനിലെ മണ്ണ് 

അപ്പോൾ പിന്നെ ഈ ‘ബഹിരാകാശ നിയമ വിദഗ്ധരുടെ’ ആവശ്യം ഇപ്പോൾ എന്തിനാണ്? നെബ്രാസ്ക-ലിങ്കൺ സർവകലാശാലയിലെ എന്റെ വിദ്യാർത്ഥികൾക്ക് ഞാൻ ചാന്ദ്രിക നിയമങ്ങളിൽ പരിശീലനം നൽകുന്നതെന്തിനാണ്?

സമാധാനപരമായ പര്യടനങ്ങൾ നടത്താൻ എല്ലാ രാജ്യങ്ങൾക്കും അവകാശം നൽകുന്ന “മനുഷ്യരുടെ പൊതുസ്വത്ത്” എന്ന ചന്ദ്രന്റെ പദവി ഏറെയൊന്നും വെല്ലുവിളികൾ നേരിട്ടിട്ടില്ലെങ്കിലും പുറം ബഹിരാകാശ ഉടമ്പടി മറ്റു പല വിശദാംശങ്ങളും ചർച്ച ചെയ്യാൻ വിട്ടുപോയിട്ടുണ്ട്. 1972ന് ശേഷം മനുഷ്യർ ചന്ദ്രനിലേക്ക് തിരിച്ചുപോയിട്ടില്ലാത്തതിനാൽ ചന്ദ്രനിലെ മണ്ണിനുള്ള അവകാശം എന്നത് ഏറെക്കുറെ സൈദ്ധാന്തികമായ ഒരു വിഷയം മാത്രമായി അവശേഷിച്ചിരുന്നു.

എന്നാൽ കുറച്ച് വർഷങ്ങളായി ചന്ദ്രനിലേക്ക് തിരിച്ചു പോകാൻ പുതിയ പല പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു വരുന്നുണ്ട്. ഇതിനൊപ്പം പ്ലാനെറ്ററി റിസോർസ് എന്നും ഡീപ് സ്പേസ് ഇൻഡസ്ട്രീസ് എന്നും പേരുള്ള രണ്ട് അമേരിക്കൻ കമ്പനികളെങ്കിലും ബഹിരാകാശത്തെ ചിന്നഗ്രഹങ്ങളെ ലക്ഷ്യമിട്ടു തുടങ്ങിയിട്ടുണ്ട്. നല്ല സാമ്പത്തിക അടിത്തറയുള്ള ഈ കമ്പനികളുടെ കണ്ണ് അതിനു മുകളിലുള്ള മിനറൽ വിഭവങ്ങളാണ് (ഉടമ്പടിയിൽ ചന്ദ്രനെയും ഇത്തരം ചിന്നഗ്രഹങ്ങളെയും ഒരേ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു രാജ്യത്തിനും ഇവയുടെ മേൽ അധികാരം സ്ഥാപിക്കാൻ അനുവാദമില്ല).

ഒരു രാജ്യത്തിന്റെ പരിധിയിൽ പെടാത്ത പുറം കടലിലെ വിഭവങ്ങൾ പോലെയാണ് അമേരിക്കയും യൂറോപ്യൻ യൂനിയന്റെ അതിർത്തി രാജ്യമായ ലക്സംബർഗും മറ്റും ബഹിരാകാശ വിഭവങ്ങളെ കാണുന്നത്

ഇത്തരത്തിൽ ചന്ദ്രനും മറ്റു ബഹിരാകാശ വസ്തുക്കളും സാമ്പത്തിക ലാഭത്തിനു വേണ്ടി ഉപയോഗിക്കപ്പെടാമെന്ന കാര്യം ഉടമ്പടി കൈകാര്യം ചെയ്യാൻ വിട്ടുപോയിട്ടുണ്ട്. ഇന്ന് ഈ വിഷയത്തെക്കുറിച്ച് ചൂടേറിയ ചർച്ചകൾ അരങ്ങേറുന്നുണ്ടെങ്കിലും പരിഹാരം ഒന്നും തെളിഞ്ഞു കാണുന്നില്ല. ഒരു രാജ്യത്തിന്റെ പരിധിയിൽ പെടാത്ത പുറം കടലിലെ വിഭവങ്ങൾ പോലെയാണ് അമേരിക്കയും യൂറോപ്യൻ യൂനിയന്റെ അതിർത്തി രാജ്യമായ ലക്സംബർഗും മറ്റും ബഹിരാകാശ വിഭവങ്ങളെ കാണുന്നത്. അതായത് കൃത്യമായ ലൈസൻസ് ഉണ്ടെങ്കിൽ ബഹിരാകാശ നിയമങ്ങൾ പാലിച്ചുകൊണ്ട് ഭൂമിയുടെ പുറത്തേക്ക് പോവാനും ആവശ്യമുള്ള വിഭവങ്ങൾ എടുത്തുകൊണ്ടുവരാനും അത് വിൽക്കാനും സ്വാകാര്യവ്യക്തികൾക്ക് അവകാശമുണ്ട്.

എന്നാൽ റഷ്യയും കുറച്ചളവു വരെ ബ്രസീലും ബെൽജിയമും പോലെയുള്ള രാജ്യങ്ങൾ ബഹിരാകാശ വസ്തുക്കൾ ഭൂമിയുടെ മൊത്തം സ്വത്താണെന്നും അതു കൊണ്ട് അതിന്റെ നേട്ടം മുഴുവൻ മനുഷ്യർക്കും ലഭിക്കണം എന്നും വാദിക്കുന്നവരാണ്. പുറംകടലിലെ വിഭവങ്ങൾ ശേഖരിക്കാൻ മുൻപ് നിലവിലുണ്ടായിരുന്ന സംവിധാനത്തിന് സമാനമാണിത്. ഇവിടെ കിട്ടിയ വിഭവങ്ങൾ ഒരു പൊതു അന്താരാഷ്ട്ര സ്ഥാപനത്തിലൂടെ കൈകാര്യം ചെയ്ത് അതിന്റെ ഫലങ്ങൾ എല്ലാ രാജ്യങ്ങൾക്കും നൽകാൻ ശ്രമിക്കുകയാണ് ചെയ്യുക.

ചൈന, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ചന്ദ്രനിൽ കൂടുതൽ താത്പര്യം കാണിച്ചു തുടങ്ങിയതിനാൽ കാര്യങ്ങൾ ഇനി കൂടുതൽ സങ്കീർണമാവാനേ വഴിയുള്ളൂ. അതുകൊണ്ടാണ് വരും വർഷങ്ങളിൽ കൂടുതൽ ചൂടു പിടിച്ച വാഗ്വാദങ്ങൾക്ക് വഴി വെച്ചേക്കാവുന്ന ഈ വിഷയത്തെക്കുറിച്ച് ഞാൻ എന്റെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നത്. പരിഹാരം മുകളിൽ പറഞ്ഞ മാർഗങ്ങളിലേതെങ്കിലുമൊന്നാവാം; അല്ലെങ്കിൽ അതിനു രണ്ടിനും നടുവിലാവാം. ഏതായാലും ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പിൽ എത്തുക എന്നതാണ് ഏറ്റവും പ്രധാനം. യാതൊരു വിധ നിയമവ്യവസ്ഥകളുമില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾ ഇത്തരം പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയാൽ അത് വൻ വിപത്തുകൾ സൃഷ്ടിക്കും. കോളനിവത്കരണം സംഭവിക്കില്ലെങ്കിലും കോളനിവത്കരണം ബാക്കിവെച്ച അതേ ദുരിതാനുഭവങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം.

കടപ്പാട്: ഫ്രാൻസ് വോൺ ഡർ ഡങ്ക് / ദി കൺവർസേഷൻ